ചൂരല്‍മല സ്വദേശിയായ ശ്രുതി ആശ്വാസത്തോടെ, എല്ലാ ഭാരവും ഇറക്കിവെച്ച്, നന്നായി ഒന്നുറങ്ങിയിട്ട് ആഴ്ച്ചകളായി. കണ്ണടയ്ക്കുമ്പോഴെല്ലാം അച്ഛനേയും അമ്മയേയും അനിയത്തിയേയുമാണ് ഓര്‍മ വരിക. മുണ്ടക്കെയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു വലിയ കല്ല് മാത്രം. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.

To advertise here,

നിലവില്‍ കല്‍പ്പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സന്റെ കൂട്ടാണുള്ളത്. ശ്രുതിയുടെ മനസിന്റെ താളം തെറ്റിപ്പോകാതെ ഒപ്പം ചേര്‍ത്തുപിടിച്ച് ജെന്‍സണ്‍ കൂടെയുണ്ട്. ശ്രുതി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലായിരുന്നപ്പോഴും ജെന്‍സന്‍ അവള്‍ക്കൊപ്പം കൂട്ടിരുന്നു. 

പത്ത് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ഒടുവില്‍ വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ ഒരു മാസം മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞു. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും.എന്നാല്‍ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുള്‍ പൊട്ടല്‍ ശ്രുതിയുടെ ജീവിതത്തില്‍ ദുരന്തം വിതച്ചത്. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും മണ്ണില്‍ എവിടെയോ പോയി. 

തന്റെ എല്ലാ സമ്പാദ്യവും കൂട്ടുവെച്ചാണ് കൂലിപ്പണിക്കാരനായ ശ്രുതിയുടെ അച്ഛന്‍ ശിവണ്ണന്‍ പുതിയ വീടുണ്ടാക്കിയത്. അമ്മ സബിത സെയില്‍സ് വുമണായും ജോലി ചെയ്തിരുന്നു. കല്‍പ്പറ്റ എന്‍എംഎസ്എം ഗവ.കോളേജില്‍ പഠിക്കുന്ന ഇളയ മകള്‍ ശ്രേയയെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ ദുരന്ത വാര്‍ത്തയറിഞ്ഞ് കോഴിക്കോട് നിന്നെത്തിയപ്പോള്‍ ശ്രേയയുടെ മരവിച്ച ശരീരമാണ് ശ്രുതി കണ്ടത്. അന്ന് കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര് ഇന്നും മാഞ്ഞിട്ടില്ല.

സെപ്റ്റംബറിലായിരുന്നു ശ്രുതിയുടേയും ജെന്‍സന്റേയും വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ ശ്രുതിയെ ചെറിയൊരു ചടങ്ങോട് കൂടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണ് ജെന്‍സന്റെ തീരുമാനം. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞാല്‍ വിവാഹം നടത്തുമെന്നും ജെന്‍സണ്‍ പറയുന്നു.