
എതിര്‍ ടീമിലെ ബാറ്റര്‍മാരെ ബൗളിങ്ങിലൂടെ വട്ടംകറക്കുന്നതില്‍ ആശാനാണ് അനില്‍ കുംബ്ലെ. ഒരു ഇന്നിങ്സില്‍ പത്ത് ബാറ്റര്‍മാരേയും തന്റെ മാന്ത്രിക ബൗളിങ്ങിലൂടെ കുംബ്ലെ പുറത്താക്കിയിട്ടുണ്ട്. അതേ കുംബ്ലെ ഒരാളുടെ മുന്നില്‍ മാത്രമാണ് കറങ്ങി വീണത്. അതും പ്രണയത്തിന്റെ രൂപത്തില്‍! ചേതന രാമതീര്‍ത്ഥ എന്നാണ് ആ പെണ്‍കുട്ടിയുടെ പേര്. ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലായിരുന്നു ചേതന ജോലി ചെയ്തിരുന്നത്. അവിടെവെച്ചായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ച. പതിനേഴാം വയസില്‍ വിവാഹിതയായി, ഭര്‍ത്താവില്‍നിന്ന് അകന്ന് കഴിയുകയായിരുന്നു ആ സമയത്ത് ചേതന. മകളെ വളര്‍ത്താനായിട്ടായിരുന്നു അവര്‍ ട്രാവല്‍ ഏജന്‍സിയിലെ ജോലി പോലും ചെയ്തിരുന്നത്.
പ്രണയത്തിലും സ്നേഹബന്ധത്തിലും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാറായ അനില്‍ കുംബ്ലെയുടെ പ്രണയം അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ നിരസിച്ചു. ചേതനയെ പൂര്‍ണമായും മനസ്സിലാക്കിയ കുംബ്ലെ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല, ഒടുവില്‍ അവരുടെ മനസ്സില്‍ കുംബ്ലെ ഇടംനേടുക തന്നെ ചെയ്തു. 1999 ജൂലൈ ഒന്നിന് ഇരുവരും ബെംഗളൂരുവില്‍ വിവാഹിതരായി.
കാസര്‍കോട്ടുകാരായ മാതാപിതാക്കള്‍
1970 ഒക്ടോബര്‍ 17-ന് കൃഷ്ണ സ്വാമി- സരോജ ദമ്പതികളുടെ മൂത്ത മകനായി ബെംഗളൂരുവിലാണ് കുംബ്ലെയുടെ ജനനം. കാസര്‍കോട് കുമ്പളയില്‍നിന്ന് കര്‍ണാടകയിലേക്ക് ചേക്കേറിയ മാതാപിതാക്കള്‍ മകന്റെ പേരിനൊപ്പം സ്വന്തം നാടിന്റെ പേരും ചേര്‍ത്തു. അതാണ് പിന്നീട് ലോപിച്ച് കുംബ്ലെ ആയത്. ഹോളി സെയ്ന്റ് ഇംഗ്ലീഷ് സ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍ ബസവനഗുഡി എന്നിങ്ങനെ മികച്ച സ്‌കൂളുകളിലായിരുന്നു വിദ്യാഭ്യാസം. ബെംഗളൂരുവിലെ തെരുവുകളില്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ കുംബ്ലെ പതിമൂന്നാംവയസില്‍ യങ് ക്രിക്കറ്റേഴ്സ് ക്ലബ്ബില്‍ ചേര്‍ന്നു.

1989-ല്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കര്‍ണാടകയ്ക്കായി ഇറങ്ങിയ കുംബ്ലെ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ആ മത്സരത്തില്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ അണ്ടര്‍-19 ടീമിലെത്തി. 1990-ല്‍ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും താരം അരങ്ങേറി. മാഞ്ചസ്റ്ററില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാല്‍, 105 റണ്‍സ് വഴങ്ങി. പിന്നാലെ രണ്ട് വര്‍ഷത്തോളം ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്താനായില്ല. ആ സമയത്ത് ബെംഗളൂരുവിലെ ആര്‍.വി.സി.ഇ. കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്നു കുംബ്ലെ.
1992-ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് സ്പിന്‍ ബൗളറെന്ന നിലയില്‍ കുംബ്ലെയുടെ സ്ഥാനമുറപ്പിച്ചത്. ആ പരമ്പരയില്‍ 25.94 ശരാശരിയില്‍ 18 വിക്കറ്റുകളെടുത്തു. ഇതിന് പിന്നാലെ ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോള്‍ 21 വിക്കറ്റുകളാണ് സ്പിന്നര്‍ വീഴ്ത്തിയത്. തന്റെ ശരീരഭാഷ ഒരു പേസ് ബൗളര്‍ക്ക് ചേര്‍ന്നതാണെന്ന് അഭിപ്രായപ്പെട്ടവര്‍ക്കുള്ള മറുപടിയായിരുന്നു ലെഗ് സ്പിന്നിലെ കുംബ്ലെയുടെ ആ പ്രകടനങ്ങള്‍. പിന്നാലെ 1996 ലോകകപ്പില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച കുംബ്ലെ നേടിയത് 15 വിക്കറ്റുകളാണ്. ആ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന ബഹുമതിയും സ്വന്തമാക്കി.
ജംബോയെന്ന വിളിപ്പേര്
ഇറാനി ട്രോഫി ടൂര്‍ണമെന്റിനിടെയാണ് കുംബ്ലെയ്ക്ക് ജംബോ എന്ന വിളിപ്പേര് വന്നത്. സഹതാരം നവ്ജ്യോത് സിങ് സിദ്ദുവായിരുന്നു ആ പേര് സമ്മാനിച്ചത്. മത്സരത്തിനിടെ കുംബ്ലെ എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്തപ്പോള്‍ സിദ്ദു 'ജംബോ ജെറ്റ്' എന്ന് കമന്റ് അടിക്കുകയായിരുന്നു. അത് പിന്നീട് ജംബോ ആയി മാറി. ആറടി ഒരിഞ്ചു പൊക്കവും അതിനൊത്ത വണ്ണവും വലിയ കാല്‍പാദങ്ങളുമെല്ലാം ജംബോ എന്ന വിളിപ്പേരിനോട് നീതിപുലര്‍ത്തുന്നതുമായിരുന്നു.
കുംബ്ലെയുടെ കരിയറിലെ മറക്കാത്ത ഇന്നിങ്സുകളാണ് പത്ത് വിക്കറ്റ് നേട്ടവും ഓവലിലെ ടെസ്റ്റ് സെഞ്ചുറിയും താടിയില്‍ തുന്നിക്കെട്ടുമായി തിരിച്ചെത്തി കളി തുടര്‍ന്ന പോരാട്ടവീര്യവും. 1999 ഫെബ്രുവരിയിലാണ് കുംബ്ലെ തന്റെ കരിയറിലെ മികച്ച നേട്ടം പിന്നിട്ടത്. ഡല്‍ഹിയില്‍ നടന്ന പാകിസ്താനെതിരായ ടെസ്റ്റില്‍ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റും കുംബ്ലെ നേടി. ഇംഗ്ലണ്ടിന്റെ ജിം ലേക്കറും ന്യൂസീലന്‍ഡിന്റെ അജാസ് പട്ടേലും മാത്രമാണ് ഈ റെക്കോഡിന് കുംബ്ലെയ്ക്കൊപ്പം അവകാശികളായുള്ളത്.

2007 ഓഗസ്റ്റ് പത്തിനാണ് കരിയറിലെ മറ്റൊരു സുവര്‍ണനിമിഷം പിറന്നത്. അന്ന് 36 വയസുകാരനായ കുംബ്ലെ 193 പന്തില്‍ 110 റണ്‍സാണ് പുറത്താകാതെ നേടിയത്. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായംകൂടിയ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡും കുംബ്ലെ പേരിനൊപ്പം ചേര്‍ത്തു. താരത്തിന്റെ കരിയറിലെ ഏക സെഞ്ചുറിയും അതുതന്നെയാണ്. വാലറ്റത്തെ ഈ ചെറുത്തുനില്‍പ്പിലൂടെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ സമനില പിടിക്കുകയും ചെയ്തു.
2002-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ പൊട്ടിയ താടിയെല്ലുമായാണ് കുംബ്ലെ കളിച്ചത്. താടിയില്‍ കെട്ടുമായി കളത്തില്‍ തിരിച്ചിറങ്ങിയ കുംബ്ലെ 14 ഓവറുകള്‍ പന്തെറിയുകയും ബ്രയാന്‍ ലാറയുടെ വിലപ്പെട്ട വിക്കറ്റ് നേടുകയും ചെയ്തു. അന്ന് താരത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചവര്‍ നിരവധിയാണ്.
ചേതനയ്ക്ക് നല്‍കിയ പുതുജീവിതം
കരിയറില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന സമയത്താണ് കുംബ്ലെ ചേതനയെ കണ്ടുമുട്ടുന്നത്. ട്രാവല്‍ ഏജന്‍സിയില്‍ വിദേശയാത്രയുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയതായിരുന്നു കുംബ്ലെ. അവിടെ ജോലി ചെയ്തിരുന്ന ചേതനയോട് ആദ്യ കാഴ്ച്ചയില്‍തന്നെ കുംബ്ലെയ്ക്ക് പ്രണയം തോന്നി. എന്നാല്‍, ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നശിച്ച് പ്രണയത്തിലും സ്‌നേഹബന്ധങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ചേതന.
വിവാഹമോചിതയും ഒരു വയസുകാരിയുടെ അമ്മയുമായിരുന്നു അവര്‍. ജീവിക്കാന്‍ പണം അത്യാവശ്യമായതിനാല്‍ പാലുകുടി മാറാത്ത കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചാണ് അവര്‍ ജോലിക്ക് എത്തിയിരുന്നത്. അതിനൊപ്പം ആദ്യ ഭര്‍ത്താവില്‍നിന്ന് നിരന്തരം നേരിട്ടുകൊണ്ടിരുന്ന മാനസിക സമ്മര്‍ദ്ദങ്ങളും അവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല.

1986-ല്‍ പതിനേഴാം വയസ്സിലായിരുന്നു ചേതനയുടെ ആദ്യവിവാഹം. ആ ദാമ്പത്യത്തിന്റെ ആകെ തുക കലഹം മാത്രമായിരുന്നു. അതിനിടയില്‍ ആരുണി എന്നു പേരുള്ള മകള്‍ കൂടി ജീവിതത്തിലെത്തി. അതൊന്നും ആ ദാമ്പത്യത്തെ മുന്നോട്ടുനയിച്ചില്ല. ഒടുവില്‍ ചേതന ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങുകയായിരുന്നു. ട്രാവല്‍ ഏജന്‍സിയില്‍വെച്ച് ചേതനയോട് കുറച്ച് സമയം സംസാരിച്ച കുംബ്ലെ ജീവിതപങ്കാളി അവര്‍ തന്നെയായിരിക്കുമെന്ന് മനസിലുറപ്പിച്ചിരുന്നു. ഇടയ്ക്ക് കത്തുകളിലൂടെയും വീട്ടിലെ ലാന്‍ഡ് ഫോണിലൂടെയും ഇരുവരും സംസാരിച്ചു. അടുത്ത സുഹൃത്തുക്കളായി മാറി. ചേതനയുടെ ജീവിതം അറിഞ്ഞതോടെ അവരോട് എങ്ങനെ പ്രണയം തുറന്ന് സംസാരിക്കുമെന്ന ആശയക്കുഴപ്പത്തിലായി കുംബ്ലെ.
വിവാഹമോചനവും വിവാഹവും
1998-ല്‍ ചേതന ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. നിയമപോരാട്ടത്തില്‍ കുംബ്ലെയും ചേതനയ്‌ക്കൊപ്പം നിന്നു. ഇതിനെല്ലാം ശേഷം കുംബ്ലെ തന്റെ മനസിലെ സ്‌നേഹം തുറന്നുപറഞ്ഞു. എന്നാല്‍, അത് അംഗീകരിക്കാന്‍ ചേതന തയ്യാറായിരുന്നില്ല. ഇന്ത്യന്‍ വിവാഹത്തിന്റെ ചട്ടക്കൂടുകള്‍ക്ക് പുറത്തുള്ള ഒരു ബന്ധം എങ്ങനെ വിജയിക്കും എന്ന സംശയമായിരുന്നു ചേതനയുടെ മനസില്‍. കുംബ്ലയെക്കേള്‍ മൂന്ന് വയസ് കൂടുതലുള്ള, വിവാഹമോചിതയായ, ഒരു കുഞ്ഞിന്റെ അമ്മയായ താന്‍ എങ്ങനെ കുംബ്ലെയെപ്പോലെ ഒരാളെ വിവാഹം ചെയ്യും എന്നത് അവരെ അലട്ടി. ഒപ്പം തന്റെ മകളുടെ ഭാവിയെ കുറിച്ചുള്ള ചിന്തകളും അവരെ പിന്തുടര്‍ന്നു.

പിന്മാറാന് കുംബ്ലെ തയ്യാറായിരുന്നില്ല. ആരുണിയെ സ്വന്തം മകളെപ്പോലെ സ്വീകരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് കുംബ്ലെ ചേതനയെ അറിയിച്ചു. ഒടുവില്‍ ചേതന വിവാഹത്തിന് സമ്മതം മൂളി. 1999-ല്‍ ഇരുവരും വിവാഹജീവിതം തുടങ്ങി. അന്ന് ആരുണിക്ക് നാല് വയസായിരുന്നു. എന്നാല്‍, ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. ആരുണിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് ചേതനയുടെ ഭര്‍ത്താവ് കോടതിയെ സമീപിച്ചു. സ്വന്തം മകളെ കൈവിടുന്നത് ചേതനയ്ക്ക് ആലോചിക്കാന്‍കൂടി കഴിയുമായിരുന്നില്ല. അവര്‍ വിഷാദത്തിലേക്ക് വീണു. താങ്ങും തണലുമായി കുംബ്ലെ കൂടെയുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ചേതനയ്ക്ക് അനുകൂലമായി കോടതി വിധി വന്നു. ആരുണിയുടെ പേരിനൊപ്പം ചേതന 'കുംബ്ലെ' എന്നുകൂടി കൂട്ടിച്ചേര്‍ത്തു.
വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും ആദ്യകുഞ്ഞ് പിറന്നു. മായസ് കുംബ്ലെ എന്നാണ് മകന്റെ പേര്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മകള്‍ക്ക് കൂടി ചേതന ജന്മം നല്‍കി. സ്വസ്തി കുംബ്ലെ. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ആരുണി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. ആരുണിക്കും സ്വസ്തിക്കും മായസിനുമൊപ്പം ബെംഗളൂരുവിലാണ് കുംബ്ലെയും ചേതനയും താമസിക്കുന്നത്.
Content Highlights: indian cricketer anil kumble and wife chethana ramatheertha love story
Published: 30 Sept 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented