ന്റെ സുഹൃത്തുക്കൾക്കെല്ലാം ‘ഇത്’ ഉണ്ട്, അതുകൊണ്ട് ‘ഇത്’ എനിക്കും വേണം എന്ന അവസ്ഥ. ഇത് കിൻഡർ ജോയ് കളക്‌ഷൻമുതൽ പ്ലേസ്റ്റേഷൻ ഗെയിമുകൾ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും കാണാം. കൗമാരപ്രായത്തിൽ ഇത് കൂടുതൽ തീവ്രമാകുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സ്മാർട് ഫോണുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ -ഇവയെല്ലാം സാമൂഹിക സ്വീകാര്യതയുടെ മാനദണ്ഡങ്ങളായി വിലയിരുത്തപ്പെടുന്നു.

To advertise here,

യുവാക്കളിൽ ഫോമോ കരിയർ, റിലേഷൻഷിപ്‌സ്, ലൈഫ്‌സ്‌റ്റൈൽ എന്നിവയിൽ കേന്ദ്രീകരിക്കുന്നു. ‘എന്റെ സമപ്രായക്കാർ കൂടുതൽ സമ്പാദിക്കുന്നു’, ‘അവർക്ക് കൂടുതൽ നല്ല ജോലികളുണ്ട്’, ‘അവരുടെ റിലേഷൻഷിപ്‌സ് കൂടുതൽ പെർഫെക്ടാണ്’ -ഇത്തരം ചിന്തകളെല്ലാം ഈ പ്രായത്തിലുള്ളവരിൽ സമ്മർദം കൂട്ടുന്നു. വിവാഹിതർക്കിടയിൽ ഫോമോ താരതമ്യങ്ങൾ കുടുംബവഴക്കിനും വേർപിരിയലിനുംവരെ വഴിയൊരുക്കുന്നു.

Also Read: വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കുന്നത് കൊലപാതകത്തിൽ കലാശിക്കുന്ന കാലം; ഫോമോയുടെ മനഃശാസ്ത്രം

മനസ്സിനെ തകർക്കുന്ന ഫോമോ

ഫോമോയുടെ സാമൂഹിക അനന്തരഫലങ്ങൾ മാനസികാരോഗ്യത്തിലെ പ്രത്യാഘാതങ്ങളുമായി -വിഷാദം, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്‌- നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിരന്തരമായ ‘എനിക്ക് കുറവാണ്’ എന്ന തോന്നൽ വ്യക്തികളിൽ ദീർഘകാല മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സ്‌ലീപ് ഡിസോർഡറുകൾ, ഈറ്റിങ്‌ ഡിസോർഡറുകൾ, അഡിക്ടീവ് ബിഹേവിയറുകൾ -ഇവയെല്ലാം ഫോമോയുമായി ബന്ധപ്പെട്ടിരിക്കുന്നു. യുവാക്കളിൽ ആത്മഹത്യാ ചിന്തകൾ വർധിക്കുന്നതിലും ഫോമോയ്ക്ക് പങ്കുണ്ട്. സാമ്പത്തിക അസ്ഥിരത ഫോമോ കാരണം ആളുകൾ അവരുടെ സാമ്പത്തികശേഷിക്കപ്പുറം ചെലവുചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഡെറ്റ്, പഴ്‌സണൽ ലോണുകൾ, ഇംപൾസിവ് പർച്ചേസുകൾ -ഇവയെല്ലാം ഫോമോഡ്രിവൻ പെരുമാറ്റത്തിന്റെ ഫലങ്ങളാണ്. ഇഎംഐ -യിൽ ജീവിക്കുന്ന’ ജനറേഷൻ ഫോമോയുടെ നേരിട്ടുള്ള ഫലമാണ്.

ജോമോ തത്ത്വശാസ്ത്രം 

JOMO (Joy of Missing Out): വേണ്ടാത്തവയിൽനിന്ന് വിട്ടുനിൽക്കുന്ന സന്തോഷം. FOMO-യുടെ വിപരീത ആശയമായി വികസിച്ച JOMO, സാമൂഹിക സമ്മർദത്തിനു വഴങ്ങാതെ നിലകൊള്ളുന്നതിലെ സന്തോഷത്തെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പാർട്ടിയിലും പങ്കെടുക്കേണ്ടതില്ല, എല്ലാ ട്രെൻഡും പിന്തുടരേണ്ടതില്ല, എല്ലാ അവസരവും വിനിയോഗിക്കേണ്ടതില്ല എന്ന ആത്മവിശ്വാസം ഇത് നൽകുന്നു. വീട്ടിൽ പുസ്തകം വായിക്കുന്നതിലെ സന്തോഷം, സോഷ്യൽ മീഡിയ ചെക്ക് ചെയ്യാത്ത വൈകുന്നേരങ്ങളിലെ മാനസിക സമാധാനം, അനാവശ്യ ഇവന്റുകളിൽ പോകാതിരിക്കുന്നതിലെ ആശ്വാസം എന്നിവ JOMO-യുടെ പ്രായോഗികപ്രകടനങ്ങളാണ്.

സാമൂഹികപ്രതിരോധം: കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത.

മാർക്സിസ്റ്റ് വീക്ഷണം അനുസരിച്ച് ഫോമോ കുറയ്ക്കുന്നതിന് സാമൂഹിക ഘടനകളിൽ മാറ്റം ആവശ്യമാണ്. സാങ്കേതികത കമ്പനികളുടെ ലാഭാധിഷ്ഠിത മാതൃകതന്നെ ഫോമോ സൃഷ്ടിക്കുന്നതിന് പ്രേരിപ്പിക്കുന്നു. അവരുടെ ബിസിനസ് മോഡൽ ഉപയോക്താക്കളുടെ ശ്രദ്ധ പരമാവധി ‘മോണിറ്റൈസേഷൻ ചെയ്യുന്നതിൽ’ അധിഷ്ഠിതമാണ്. ഈ അടിസ്ഥാനഘടന മാറ്റാതെ ഫോമോയെ നിയന്ത്രിക്കാൻ കഴിയില്ല.

വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങൾ

സ്കൂളുകളിലും കോളേജുകളിലും വിമർശനാത്മക മാധ്യമ അവബോധം  പഠിപ്പിക്കുമ്പോൾ മാത്രമേ കുട്ടികൾക്ക്‌ ചെറുപ്പത്തിൽത്തന്നെ ഇവയെ ചോദ്യംചെയ്യാൻ കഴിയുകയുള്ളൂ. ഇതിന് സർക്കാരിന്റെ  നയപരമായ ഇടപെടലുകൾ വേണ്ടതുണ്ട്.

കൂടാതെ കൃത്രിമമായ ദുർലഭത സൃഷ്ടിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും എതിരേ കർശന നിയമങ്ങൾ ഉണ്ടാവണം. സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ അൽഗോരിതങ്ങൾ കൂടുതൽ സുതാര്യമാക്കണം. ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ഫീഡ് എങ്ങനെ ക്യൂറേറ്റ് ചെയ്യാമെന്ന് പഠിക്കാനുള്ള അല്ലെങ്കിൽ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകണം.

മാനസികാരോഗ്യത്തിന്  നാലുപാതകൾ  

ഡിജിറ്റൽ ലോകത്തുനിന്ന് ഉയർന്നുവരുന്ന സമ്മർദതന്ത്രങ്ങളെ അതിജീവിക്കാനായി ലോകമെമ്പാടും പലതരത്തിലുള്ള ജീവിതരീതികൾ ഉയർന്നുവന്നിട്ടുണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടാം

1. കോൺമാരി മെത്തേഡ്

സന്തോഷം നൽകുന്ന വസ്തുക്കൾ മാത്രം സൂക്ഷിക്കുക. ജാപ്പനീസ് ഓർഗനൈസിങ്‌ കൺസൾട്ടന്റ് മാരി കോണ്ടോ വികസിപ്പിച്ച ഈ രീതി ‘Joy Sparking’ എന്ന തത്ത്വത്തിൽ പ്രവർത്തിക്കുന്നു. ഓരോ വസ്തുവും കൈയിൽ പിടിച്ച് ‘‘ഇത് എനിക്ക് സന്തോഷം തരുന്നുണ്ടോ?’’ എന്ന് ചോദിക്കുന്ന ഈ രീതി, ആധുനിക ഉപഭോക്തൃ സമൂഹത്തിലെ അമിത ശേഖരണത്തിനെതിരേ ഒരു വിപ്ലവകരമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

2. വാബി-സാബി

അപൂർണതയുടെ സൗന്ദര്യം ആഘോഷിക്കുക പൊട്ടിയപാത്രങ്ങൾ നന്നാക്കി ഉപയോഗിക്കുന്ന കിന്റ്സുഗി (Kintsugi) കാഴ്ചപ്പാടിനെപ്പോലെ വാബി-സാബി അപൂർണതയിൽ സന്തോഷം കണ്ടെത്തുന്നു. നശ്വരതയുടെ സ്വീകാര്യതയും ലാളിത്യത്തിലുള്ള സന്തോഷവും ആധുനിക ഉപഭോക്തൃസംസ്കാരത്തിന്റെ ‘എപ്പോഴും കൂടുതൽ വേണം’ എന്ന മനോഭാവത്തിന് എതിരേയുള്ള ഒരു നീക്കമാണ് വാബി-സാബി.

3. സ്ലോ ലിവിങ്‌

ജീവിതത്തിന്റെ വേഗംകുറച്ച് നിമിഷങ്ങൾ ആസ്വദിക്കുക സെൻ ബുദ്ധിസത്തിൽ നിന്നുയർന്നുവന്ന ‘മൈൻഡ്ഫുൾനെസ്’ എന്ന ആശയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇറ്റലിയിൽ ആരംഭിച്ച സ്ലോ ഫുഡ് പ്രസ്ഥാനവും അതിന്റെ തുടർച്ചയായ സ്ലോ ലിവിങ്ങും ആധുനികജീവിതത്തിന്റെ അഅതിവേഗത്തിനെതിരേ ഉയർന്നുവന്ന ജീവിതശൈലീ പരീക്ഷണങ്ങളാണ്. മൾട്ടി-ടാസ്കിങ്ങിനുപകരം ഒരു സമയത്ത് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ആശയവിനിമയത്തിൽ ചെലവഴിക്കുന്ന സമയത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തൽ, പ്രകൃതിയുമായുള്ള കൂടുതൽ സമ്പർക്കം എന്നിവ ഈ ജീവിതശൈലിയുടെ പ്രധാന ഘടകങ്ങളാണ്.

 4. എസെൻഷ്യലിസം ആൻഡ്‌ ഹൈജ്

അത്യന്താപേക്ഷിതമായവമാത്രം തിരഞ്ഞെടുക്കുക. ഒരു കപ്പ് കാപ്പിയുടെ ചൂട്, ഒരു മെഴുകുതിരിവെളിച്ചം, പ്രിയപ്പെട്ടവരുമായുള്ള നിശ്ശബ്ദമായ സമയം എന്നിവയിൽ കണ്ടെത്തുന്ന ആനന്ദമാണ് ഹൈജിന്റെ (Hygge) കാതൽ. ജീവിതത്തിലെ 20ശതമാനം കാര്യങ്ങൾ 80 ശതമാനം ഫലങ്ങൾക്ക് കാരണമാകുന്നു എന്ന 20/80 പാരെറ്റോ തത്ത്വത്തെ(Pareto principle) അടിസ്ഥാനമാക്കി, അത്യന്താപേക്ഷിതമായ കാര്യങ്ങളിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് പഠിപ്പിക്കുന്നു.

നിയോലിബറൽ മുതലാളിത്തത്തിന്റെ അദൃശ്യ ഇടപെടലുകൾ

നിയോലിബറലിസത്തിന്റെ ഏറ്റവും സൂക്ഷ്മവും അപകടകരവുമായ വശം വ്യക്തിത്വത്തെത്തന്നെ ഒരു ബ്രാൻഡായി മാറ്റുന്നു എന്നതാണ്. ‘പേഴ്സണൽ ബ്രാൻഡിങ്‌’ എന്ന ആശയത്തിലൂടെ ഓരോ വ്യക്തിയും ഒരു സ്വയം-സംരംഭകനായി മാറണമെന്ന് പറയപ്പെടുന്നു. അവരുടെ സ്വഭാവം, രൂപം, അഭിരുചികൾ, അഭിപ്രായങ്ങൾ - എല്ലാം ‘മാർക്കറ്റബിൾ’ ഗുണങ്ങളായി കാണപ്പെടുന്നു.

ഈ പ്രക്രിയയിൽ വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ കാര്യങ്ങൾ പോലും പൊതുവിപണിയിൽ പ്രദർശിപ്പിക്കപ്പെടുന്നു. സ്വകാര്യതയും പ്രൊഫഷണൽ ജീവിതമായുള്ള അതിർത്തികൾ മായുന്നു മറ്റൊരുവശത്ത്. വ്യക്തിഗത പരാജയങ്ങൾ പോലും ‘കണ്ടന്റ്’ ആയി പരിവർത്തനം ചെയ്യപ്പെട്ട് വൾനറബിലിറ്റി മാർക്കറ്റിലെ ഉത്‌പന്നമായി മാറുന്നു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാമ്പത്തിക യുക്തിയുടെ നുഴഞ്ഞുകയറ്റമാണ് നിയോലിബറലിസത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ലബുബു പാവകളുടെ ‘നിക്ഷേപ സാധ്യത’, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ‘മൊണറ്റൈസേഷൻ’, വ്യക്തിത്വത്തിന്റെ ROI (Return on Investment) -ഇതെല്ലാം ഈ പ്രവണതയുടെ ഉദാഹരണങ്ങളാണ്.

ഇത് മനുഷ്യരെ അവരുടെ സ്വന്തം ജീവിതത്തെ ഒരു ബിസിനസ് എന്റർപ്രൈസസായി കാണാൻ പ്രേരിപ്പിക്കുന്നു. അവരുടെ സമയം, ഊർജം, കഴിവുകൾ, ബന്ധങ്ങൾ-എല്ലാം ‘കാഷ് ചെയ്യേണ്ട റിസോഴ്സുകൾ’ ആയി കാണപ്പെടുന്നു. ഇത് സ്വാഭാവികമായ മാനുഷികമൂല്യങ്ങളെ ബിസിനസ് ലോജിക്കിന് കിഴ്‌പ്പെടുത്തുന്നു.

ഭാവിയിലേക്കുള്ള കാഴ്ചപ്പാട്

ഫോമോ എന്നത് മനുഷ്യന്റെ സ്ഥിരമായ സ്ഥിതിയല്ല. ഇത് നിർദിഷ്ട സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ ഉത്‌പന്നമാണ്. ആ സാഹചര്യങ്ങൾ മാറ്റാൻ കഴിയുമെങ്കിൽ ഫോമോയും മാറും. ഒരു Post-FOMO സമൂഹത്തിൽ സാങ്കേതികവിദ്യ മനുഷ്യക്ഷേമത്തെ മുൻനിർത്തി രൂപകല്പന ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതുവഴി അൽഗോരിതങ്ങൾ ആസക്തി സൃഷ്ടിക്കുന്നതിനുപകരം ആരോഗ്യകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കും. കൃത്രിമമായ എൻഗേജ്മെന്റ് സൃഷ്ടിക്കുന്നതിനുപകരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ യഥാർഥ കമ്യൂണിറ്റി ബിൽഡിങ്ങിന് സഹായിക്കും. ഇതെല്ലാം സൃഷ്ടിക്കുക ടെക്‌നോളജിക്കൽ മാറ്റങ്ങളല്ല, മറിച്ച് സാമൂഹിക മൂല്യങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങൾ ആയിരിക്കും.

ഫോമോയുടെ സൃഷ്ടിയും ഉത്‌പാദനവും മനസ്സിലാക്കുന്നത് കേവലം ഒരു മനഃശാസ്ത്രപരമായ അവബോധത്തിനുവേണ്ടിയല്ല. ഇത് ഒരു വലിയ സാമൂഹിക പ്രതിരോധത്തിന്റെ ഭാഗമാണ്. നമ്മുടെ ശ്രദ്ധയും വികാരങ്ങളും സമയവും എങ്ങനെ വാണിജ്യവത്‌കരിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുകയും അതിനെതിരേ ബോധപൂർവമായ പ്രതിരോധം കെട്ടിപ്പടുക്കുകയും ചെയ്യുക -ഇതാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്ന്.

- അവസാനിച്ചു -

(20 വർഷത്തിലേറെ കോർപ്പറേറ്റ് അഡ്വർടൈസിങ്‌, കസ്റ്റമർ/യൂസർ എക്സ്പീരിയൻസ് മേഖലകളിൽ പ്രാവീണ്യമുള്ള, വിവിധ ബ്രാൻഡുകളുടെ സ്ട്രാറ്റജി കൺസൾട്ടന്റാണ് ലേഖകൻ)