വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വരവോടെയും കേരളത്തിലെ ചെറുകിട, ഇടത്തരം തുറമുഖങ്ങളുടെ വികസനത്തോടെയും സംസ്ഥാനത്തെ സമുദ്ര, തുറമുഖ മേഖല പുതിയൊരു വളർച്ചയുടെ പാതയിലാണ്. ഈ വികസനക്കുതിപ്പിന് കരുത്തേകാൻ പ്രാപ്തരായ വിദഗ്ധ എൻജിനിയർമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തുന്ന പ്രധാന കോഴ്‌സുകളാണ് എം.ടെക്. ഇൻ കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിങ്, എം.ടെക്. ഇൻ ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിങ് എന്നിവ.

To advertise here,

സ്‌പോട്ട് അഡ്മിഷൻ 19-ന്

എം.ടെക്. കോഴ്സുകളിലേക്ക് നവംബർ 19-ന് രാവിലെ 10-ന് കുഫോസ് പനങ്ങാട് കാമ്പസിൽവെച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: സിവിൽ, മെക്കാനിക്കൽ, മറൈൻ, നേവൽ ആർക്കിടെക്ചർ, സേഫ്റ്റി ആൻഡ് ഫയർ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ് എന്നിവയിൽ 55 ശതമാനം കുറയാതെ മാർക്കുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. വിവരങ്ങൾക്ക്: 7560973459, 7907928207 | kufos.ac.in അർഹരായവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും കുഫോസിന്റെയും വിവിധ സാമ്പത്തിക സഹായ പദ്ധതികളുണ്ട്.

തൊഴിലവസരങ്ങൾ

മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തെ പ്രമുഖ സമുദ്രവ്യവസായ, കപ്പൽനിർമാണ കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം, കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതി, വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുടെ വികസനം, ബ്ലൂ ഇക്കോണമിയുടെ വളർച്ച എന്നിവ ഓഷ്യൻ എൻജിനിയറിങ് മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്.

• തുറമുഖ അതോറിറ്റികളും ഷിപ്പിങ് കമ്പനികളും: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖ അതോറിറ്റി, അദാനി പോർട്‌സ്, ഡി.പി. വേൾഡ് തുടങ്ങിയ പ്രമുഖ തുറമുഖസ്ഥാപനങ്ങളിലും ആഗോള തുറമുഖ ഓപ്പറേറ്റർമാരുടെ കീഴിലും പോർട്ട് പ്ലാനർ, ഹാർബർ എൻജിനിയർ, മറൈൻ എൻജിനിയറിങ് വിദഗ്ധൻ, പ്രോജക്ട് മാനേജർ തുടങ്ങിയ തസ്തികകളിൽ തൊഴിലവസരങ്ങളുണ്ട്.

• പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും: കേരള മാരിടൈം ബോർഡ്, ഹാർബർ എൻജിനിയറിങ് വകുപ്പ്, ഇൻലാൻഡ് വാട്ടർവേസ്‌ അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ, ജലസേചന വകുപ്പ് തുടങ്ങിയവയിൽ വിവിധ സാങ്കേതിക തസ്തികകളിൽ അവസരങ്ങൾ തേടാം.

• ഓഫ്ഷോർ, മറൈൻ നിർമാണക്കമ്പനികൾ: കടൽപ്പാലങ്ങൾ, പുലിമുട്ടുകൾ, കടലിലെ കാറ്റാടിപ്പാടങ്ങൾ, എണ്ണ, പ്രകൃതിവാതക പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയുടെ നിർമാണവുമായി ബന്ധപ്പെട്ട മേഖലകളിലും സാധ്യതകളുണ്ട്. എൽ ആൻഡ് ടി, എയ്കോം, ഖിംജി രാംദാസ്, ജാൻ ഡി നുൽ, വാൻ ഊർഡ്, ബോസ്‌കാലിസ് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ സാങ്കേതികവിദഗ്ധർക്ക് അവസരങ്ങളുണ്ട്.

• മാരിടൈം സേഫ്റ്റി, റിസ്‌ക് മാനേജ്മെന്റ്: തുറമുഖങ്ങളിലെയും കപ്പലുകളിലെയും സുരക്ഷാസംവിധാനങ്ങൾ, തീരദേശ ദുരന്തനിവാരണം, അപകടസാധ്യതാ വിലയിരുത്തൽ, പരിസ്ഥിതി ആഘാതപഠനം തുടങ്ങിയ മേഖലകളിൽ സേഫ്റ്റി ഓഫീസർ, റിസ്‌ക് അനലിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിലും ജോലിചെയ്യാം.

ഇന്റേൺഷിപ്പ്

കൊച്ചി ഉൾപ്പെടെയുള്ള തുറമുഖങ്ങളുമായും ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ചുള്ള പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ് എന്നിവ പഠനത്തിന്റെ ഭാഗമാണ്. ജോലിചെയ്യുന്നവർക്കും തുടർപഠനത്തിന് അവസരമൊരുക്കുന്ന പാർട്ട് ടൈം കോഴ്‌സ് സൗകര്യവും ലഭ്യമാണ്. ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങളിൽ താത്പര്യമുള്ളവർക്ക് ദേശീയ, അന്തർദേശീയ തലങ്ങളിൽ ഉന്നതപഠനത്തിനുള്ള അവസരങ്ങളുണ്ട്. വിവരങ്ങൾക്ക്: www.kufos.ac.in