ളിക്കൂട്ടുകാര്‍ കളിപ്പാട്ടങ്ങളും കഥാപുസ്തകങ്ങളും കൊണ്ടുനടക്കുന്ന കാലത്ത് ഗംഗ ശശിധരന്‍ കൈയിലെടുത്തത് വയലിനാണ്. കൂടെ കളിച്ചവര്‍ ഇഷ്ടമേഖലകള്‍ അന്വേഷിച്ചുതുടങ്ങുന്ന കാലമായപ്പൊഴേയ്ക്കും അവള്‍ ഈ വയലിന്‍ തന്തികളില്‍ വിസ്മയം തീര്‍ത്തുതുടങ്ങി. പ്രായത്തില്‍ കവിഞ്ഞ അവളിലെ സംഗീത പ്രതിഭ കണ്ട് സകലരും അതിശയിച്ചു. അവര്‍ ആരാധകരായി കൂടെക്കൂടി. ഈ ആരാധകവൃന്ദത്തിന്റെ കരുത്തില്‍ വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും അതിശയിപ്പിക്കുന്ന പ്രകടനങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് ജൂലായില്‍ പന്ത്രണ്ട് വയസ് തികയുന്ന ഗംഗ. ഇക്കാലം കൊണ്ടുതന്നെ ആയിരക്കണക്കിന് മനസുകള്‍ കീഴടക്കിക്കഴിഞ്ഞു ഈ കൊച്ചു വയലിന്‍ വിസ്മയം.

To advertise here,

നാട്ടുനടപ്പുപോലെ അച്ഛനോ അമ്മയോ നിര്‍ബന്ധിച്ച് വയലിന്‍ കൈയിലെടുപ്പിച്ചതല്ല ഗംഗയെ. വിഖ്യാത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഹൃദയസ്പര്‍ശിയായ വായനയാണ് ഗംഗയില്‍ വയലിനോടുള്ള ഇഷ്ടത്തിന്റെ ശ്രുതി ആദ്യം മീട്ടിയത്. നാലര വയസ്സില്‍ അങ്ങനെ വയലിന്‍ പഠനം ആരംഭിച്ചു. സംഗീതപഠനത്തിലെ ആദ്യ സ്ഫുരണം അമ്മ കൃഷ്ണവേണിയില്‍ നിന്നു തന്നെയായിരുന്നു. അമ്മയുടെ പ്രേരണയോടൊപ്പം അച്ഛന്‍ കെ.എം ശശിധരന്റെയും ഏട്ടന്‍ മഹേശ്വറിന്റെയും പിന്തുണയും കൂടിയായതോടെ മറ്റുപലരെയും പോലെ  പാഠപുസ്തകങ്ങളില്‍ ജീവിതം ഹോമിക്കപ്പെടുമായിരുന്ന ഗംഗയുടെ ജീവിതം വേറിട്ടൊരു വഴിക്ക് തിരിഞ്ഞു.
വീഡിയോ: ജി.ശിവപ്രസാദ്

കുട്ടിക്കലാകാരികള്‍ക്ക് പഞ്ഞമൊട്ടുമില്ല റിയാലിറ്റി ഷോകൾ അരങ്ങുവാഴുന്ന നാട്ടിൽ. പക്ഷേ, ഗംഗയെ ഇവരില്‍ നിന്നെല്ലാം വേറിട്ടുനിര്‍ത്തുന്നത് വയലിന്‍വാദനത്തിലെ മികവു മാത്രമല്ല, സ്വയം വരിച്ച സംഗീതസപര്യയോടുള്ള ആത്മാര്‍ത്ഥമായ അഭിനിവേശമാണ്. താളത്തിന്റെയും സ്വരങ്ങളുടെയും സൂക്ഷ്മാംശങ്ങളിൽ മുഴുകിയാണ് ഗംഗയുടെ രാഗസഞ്ചാരം. പ്രായം കടന്ന പക്വത പ്രകടമാണാ വായനയിൽ. സ്വന്തമായി വായിക്കുമ്പോള്‍ മാത്രമല്ല, മറ്റുള്ളവരുടെ സംഗീതം കേള്‍ക്കുമ്പോഴും അവള്‍ സ്വയം മറന്നതിൽ അലിഞ്ഞുചേരും. ഒരു കുട്ടിയില്‍ ഇത്രയും ഏകാഗ്രതയോ എന്ന് ശങ്കിച്ചുപോകും ആരും.

placeholder
.
ഫോട്ടോ: ജി.ശിവപ്രസാദ്

വയലിനിനൊപ്പം വായ്പ്പാട്ടും അഭ്യസിക്കുന്നുണ്ട് ഗംഗ. എറണാകുളത്തുള്ള സംഗീതജ്ഞനായ നന്ദകിശോറിന്റെ കീഴില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് പരിശീലനം.

പക്ഷേ, സംഗീതം മാത്രമല്ല, വയലിനൊപ്പം മറ്റൊരു സ്വപ്‌നം കൂടി ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട് ഈ വിസ്മയകലാകാരി. വലുതായാല്‍ ആരാകണമെന്ന് ചോദിച്ചാല്‍ പൈലറ്റ് എന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവരില്ല ഈ പതിനൊന്നുകാരിക്ക്. 'ഞാനൊരു പൈലറ്റാകും. അതില്‍ നിന്നു പിന്നോട്ടു പോകില്ല'-ആത്മവിശ്വാസം തുടിക്കുന്നുണ്ട് അവളുടെ വാക്കുകളില്‍.

ഗുരുവായൂരില്‍ ജനിച്ച് ഇപ്പോള്‍ മലപ്പുറത്തെ വെളിയന്‍കോട്ടാണ് ഗംഗ പഠിക്കുന്നത്. ആയിരൂര്‍ എയൂപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇവിടെ അധ്യാപകരുടെയുടെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട് എപ്പോഴും. ഓരോ ഘട്ടത്തിലും അവര്‍ ആഘോഷത്തോടെ കൂടെയുണ്ടായിരുന്നു.

placeholder
Ganga Sasidharan | Photo: G Sivaprasad / Mathrubhumi
ഫോട്ടോ: ജി.ശിവപ്രസാദ്

ഇതിനിടെ ദുബായില്‍ തന്റെ ആദ്യ അന്താരാഷ്ട്ര പ്രകടനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു ഗംഗ. മനസ്സില്‍ അതിന്റെ ആവേശമുണ്ടെങ്കിലും മുഖത്തു ശാന്തത, അതേ, വയലിന്‍ പിടിക്കുമ്പോഴുണ്ടാകുന്ന അതേ ഭാവം. 'എന്നെ പിന്തുണച്ച എല്ലാ പ്രേക്ഷകരോടും അദ്ധ്യാപകരോടും വിശ്വസിച്ചു നിന്ന എല്ലാവരോടും വളരെ നന്ദിയുണ്ട്'-ഗംഗ പറയുന്നു. സംഗീതവഴിയിൽ ഇനിയുമേറെ ദൂരം സഞ്ചരിക്കാനുള്ള ഊർജമുണ്ട് കൃതജ്ഞതയും ആത്മവിശ്വാസവും കലർന്ന ഈ വാക്കുകളിൽ.

ക്ഷണപ്രഭാചഞ്ചലമായി പ്രശസ്തി മിന്നിമായുന്ന ഈ കാലത്ത് ഗംഗ ശശിധരന് അസാമാന്യ കഴിവുള്ള കുട്ടിയായി മാത്രമല്ല സത്യസന്ധയായൊരു കലാകാരിയെന്ന നിലയിൽ കൂടിയാണ് ഇന്ന് ഖ്യാതി. ആ തന്തികളിൽ നിന്ന് ഇനിയുമൊരുപാട് വിസ്മയരാഗങ്ങളും അതിശയ രാഗാലാപനങ്ങളും പിറവികൊള്ളാനുണ്ട്. കലാകേരളം കാത്തിരിക്കുകയാണ്, ഗംഗാനദി പോലെ പല കൈവഴികൾ ഒന്നായൊഴുകിനിറയുന്ന ആ ഭാവപൂർണിമയ്ക്കായി.