പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ് സംഗീത നല്‍കിയ 'ശോഭിതം കേരളം' കേരള പിറവി ഗാനം പുറത്തിറങ്ങി. വയലിന്‍ സോളോയായി ചിട്ടപ്പെടുത്തിയ ഗാനം മോഹന്‍ലാലാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. കേരളത്തിനുള്ള സംഗീതാര്‍ച്ചനയാണ് ഗാനമെന്ന് മനോജ് ജോര്‍ജ് പറഞ്ഞു. മന്ത്രി ആര്‍. ബിന്ദുവിന് അദ്ദേഹം നന്ദി അറിയിച്ചു.

To advertise here,

മനോജിനൊപ്പം ഫ്രിജോ ഫ്രാന്‍സിസ്, സന്ദീപ് മോഹന്‍, റിനാള്‍ഡ് ഈഡന്‍, എഡ്വിന്‍ ജോണ്‍സണ്‍, അരവിന്ദ് എസ്. കൃഷ്ണ, ബാബു എ.ജെ, ആല്‍ഫി ബാബു എന്നിവരും പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അനില്‍ കെ. ചാമിയാണ് സംവിധാനവും ഛായാഗ്രാഹണവും. മെന്‍ഡോസ് ആന്റണി എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.

മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ വയലിന്‍ കലാകാരനാണ് മനോജ് ജോര്‍ജ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്തരും പ്രമുഖരുമായ നിരവധി സംഗീതപ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മനോജ് ജോര്‍ജ് ഇന്ത്യയില്‍നിന്ന് ഗ്രാമി അവാര്‍ഡ് മൂന്നു തവണ നേടിയ റിക്കി കെജിനൊപ്പം പുരസ്‌കൃതമായ രണ്ട് ആല്‍ബങ്ങളിലും പങ്കാളിയായിട്ടുണ്ട്. മലയാളത്തിലും കന്നഡയിലുമായി ചലച്ചിത്ര സംഗീതസംവിധായകനായി പ്രവര്‍ത്തിച്ച മനോജ് നിരവധി സ്വതന്ത്രസംഗീത ആല്‍ബങ്ങള്‍ക്കും ഈണമിട്ടു. മലയാളിസംഗീതപ്രണയികള്‍ക്ക് ഒരു പക്ഷെ മനോജ് ജോര്‍ജിനെപരിചയം വാചാലം എന്‍ മൗനവും എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനിലൂടെയാകും.