ലോകത്തിലെ അതിസമ്പന്നായ വ്യക്തികളിലൊരാളാണ് സ്‌പേസ് എക്‌സ്, ടെസ്ല എന്നീ കമ്പനികളുടെ സ്ഥാപകനും ടെക് ലോകത്തെ അതികായനുമായ ഇലോണ്‍ മസ്‌ക്. അതിനാല്‍, മസ്‌കുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മിക്കപ്പോഴും വാര്‍ത്തകളാകാറുണ്ട്. 

To advertise here,

ഇക്കഴിഞ്ഞ ദിവസമാണ് മസ്‌കിനും മുന്‍കാമുകി ഗ്രൈംസിനും രണ്ടാമതൊരു കുഞ്ഞുകൂടി ഉണ്ടെന്ന വിവരം പുറംലോകം അറിഞ്ഞത്. തീര്‍ത്തും രഹസ്യമായി വെച്ചിരുന്ന ഈ വിവരം വാനിറ്റ് ഫെയര്‍ എന്ന മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് പുറത്തുവന്നത്. കഴിഞ്ഞ ഡിസംബറില്‍ വാടകഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്നും മകള്‍ക്ക് എക്‌സാ ഡാര്‍ക്ക് സിഡെറേല്‍ മസ്‌ക് എന്നാണ് പേരുനല്‍കിയിരിക്കുന്നതെന്നും അഭിമുഖത്തില്‍ ഗ്രൈംസ് വെളിപ്പെടുത്തിയിരുന്നു. എളുപ്പത്തിന് 'വൈ' എന്നാണ് മകളെ വിളിക്കുന്നതെന്നും ഗ്രൈംസ് പറഞ്ഞു.

22 മാസം പ്രായമുള്ള മകന്‍ X Æ A-12-നെ കൂടാതെ മറ്റൊരു കുഞ്ഞുകൂടി ഉണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു ഗ്രൈംസ്. എക്‌സ് എന്നാണ് മകനെ വിളിക്കുന്നത്. ഗ്രൈംസിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഇപ്പോഴിതാ മക്കളുടെ പേരുകളെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. 

മസ്‌കും ഗ്രൈംസും എന്തുകൊണ്ടാണ് അപൂര്‍വമായ ഇത്തരം പേരുകള്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചു. രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇതെന്താ...ഗണിതസമവാക്യമാണോ ഇതെന്ന് ഒരു കൂട്ടര്‍ ചോദിച്ചു. ചിലരാകട്ടെ ക്രോമസോമിന്റെ പേരുകളാണോയെന്ന് സംശയം പ്രകടിപ്പിച്ചു. അതേസമയം, കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥപേരുകള്‍ ഉച്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. 

മൂത്ത മകന് എക്‌സ് എന്നും ഇളയ പെണ്‍കുട്ടിക്ക് വൈ എന്നും പേരുകള്‍ നല്‍കി. അങ്ങനെയെങ്കില്‍ മൂന്നാമതൊരു കുട്ടിയുണ്ടായുണ്ടായാല്‍ അതിന് സെഡ് എന്ന പേരുനല്‍കുമോ എന്ന് മറ്റൊരാള്‍ ചോദിച്ചു. 

2018ലാണ് ഗ്രൈംസും ഇലോണ്‍ മസ്‌ക്കും പ്രണയത്തിലായത്. ഇപ്പോള്‍ ഇരുവരും പാതി പിരിഞ്ഞുവെന്നാണ് കഴിഞ്ഞ ഡിസംബറില്‍ മസ്‌ക് പറഞ്ഞത്. മസ്‌ക്കിനെ തന്റെ ബോയ്ഫ്രണ്ട് എന്നു തന്നെ വിളിക്കുമെന്നും എന്നാല്‍ ഇരുവീടുകളിലാണ് താമസമെന്നും ഗ്രൈംസ് പറഞ്ഞു. തങ്ങള്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. എല്ലായ്‌പ്പോഴും പരസ്പരം കാണാറുണ്ട്. മറ്റുള്ളവര്‍ക്ക് തങ്ങള്‍ക്കിടയിലെ ബന്ധം മനസ്സിലാകണമെന്നില്ല. തനിക്കും മസ്‌ക്കിനും കൂടുതല്‍ കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെന്നും മൂന്നോ നാലോ കുട്ടികള്‍ വേണമെന്ന് നേരത്തേ തൊട്ടേ പറയുമായിരുന്നു എന്നും ഗ്രൈംസ് പറയുന്നു. 

2020 മേയിലാണ് മസ്‌ക്കിനും ഗ്രൈംസിനും ആദ്യ കുഞ്ഞ് പിറന്നത്. ജസ്റ്റിന്‍ മസ്‌ക് ആണ് ഇലോണ്‍ മസ്‌കിന്റെ ആദ്യ ഭാര്യ. 2008 ല്‍ ഇവരുമായി വേര്‍പിരിഞ്ഞ മസ്‌ക് പിന്നീട് ബ്രിട്ടീഷ് നടി തലൂലാ റിലേയെ രണ്ട് തവണ വിവാഹം ചെയ്യുകയും വേര്‍പിരിയുകയും ചെയ്തു. ആദ്യ ഭാര്യയില്‍ മസ്‌കിന് അഞ്ച് മക്കളുണ്ട്.