ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ തിരശ്ശീലയിടുന്നതാണ് തോഷാഖാന കേസ് വിധി. അഴിമതിക്കേസില്‍ 14 വര്‍ഷം തടവുശിക്ഷയാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്‌റ ബീബിക്കും കോടതി വിധിച്ചത്. അധികാരത്തിലിരുന്നപ്പോള്‍ വിലകൂടിയ സര്‍ക്കാര്‍ സമ്മാനങ്ങള്‍ കൈവശം വെച്ചെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കുറ്റം. ഇമ്രാന്‍ ഖാനും ഭാര്യയും വിവിധ രാഷ്ട്രത്തലവന്‍മാരില്‍ നിന്ന് 108 സമ്മാനങ്ങളാണ് സ്വീകരിച്ചത്. ഈ പാരിതോഷികങ്ങള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ ഏല്‍പ്പിക്കാതെ മറിച്ചുവിറ്റ് പണം സമ്പാദിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ചെയ്ത തെറ്റിന് എന്തിന് ഭാര്യയും ശിക്ഷിക്കപ്പെടണം?, ഒരു കാലത്ത് ലണ്ടനിലെ നൈറ്റ് ക്ലബുകളിൽ കറങ്ങിനടന്നിരുന്ന ഇമ്രാൻ ഖാന് പർദ്ദ ധരിക്കുന്ന, ഒരു സാധാരണ സ്ത്രീയെ എങ്ങനെ ഭാര്യയായി സങ്കൽപ്പിക്കാനായി? ഇതിനുള്ള ഉത്തരമാണ് ബുഷ്‌റ ബീബിയുടെ ജീവിതം. 2018-ലാണ് ഇമ്രാന്‍ ഖാനും ബുഷ്‌റ ബീബിയും വിവാഹിതരാകുന്നത്. പാക്‌സിതാന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ മൂന്നാമത്തെ വിവാഹം. ഇമ്രാന്റെ ആദ്യ ഭാര്യയും ബ്രിട്ടീഷുകാരിയുമായ ജെമീമ ഗോള്‍ഡ്‌സ്മിത്തിന്റേയോ രണ്ടാം ഭാര്യയും പാക് മാധ്യമപ്രവര്‍ത്തകയുമായ റേഹം ഖാന്റേയോ പണമോ പ്രശ്‌സതിയോയൊന്നും ബുഷ്‌റയ്ക്കുണ്ടായിരുന്നില്ല.
ക്യാമറക്കണ്ണുകളില്‍നിന്ന് അകന്നുനിന്ന ബുഷ്‌റ 2018 ഫെബ്രുവരിയിലാണ് ഇമ്രാന്റെ ജീവിതസഖിയാകുന്നത്. ലാഹോറിലെ വീട്ടിലായിരുന്നു ചടങ്ങുകള്‍. അന്ന് തന്റെ നാല്‍പതുകളിലായിരുന്നു ബുഷ്‌റ ബിബി. ഇമ്രാന്‍ ഖാന്റെ പ്രായം 66. ബുഷ്‌റയുടെ വ്യക്തിത്വവും ബുദ്ധിയുമാണ് അവളിലേക്ക് തന്നെ അടുപ്പിച്ചത് എന്നായിരുന്നു ഇമ്രാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബുഷ്‌റയ്ക്ക് ചില നിഗൂഢ ശക്തികളുണ്ടെന്ന് ഇമ്രാന്‍ വിശ്വസിച്ചിരുന്നുവെന്നും തന്റെ ഉപദേഷ്ടാവ് എന്ന നിലയിലാണ് ഇമ്രാന്‍ അവരെ ജീവിതത്തിലേക്ക് ക്ഷണിച്ചതെന്നും ആരോപണങ്ങളുണ്ടായി.
ബുഷ്‌റ മനേക എന്നായിരുന്നു വിവാഹത്തിന് മുമ്പ് പേര്. ഇമ്രാന്റെ ജീവിതത്തില്‍ എത്തിയതിന് ശേഷം ബീബി എന്ന് പേര് മാറ്റിയ അവര്‍ ആത്മീയ ഉപദേഷ്ടാവായി മാറി. തന്നെ വിശ്വസിക്കുന്ന, പിന്തുടരുന്ന ഒരു കൂട്ടം ആളുകള്‍ അവരുടെ പ്രാര്‍ഥനയിലൂടെ രോഗം മാറുമെന്ന് പ്രതീക്ഷിച്ചു. സൂഫി പാരമ്പര്യത്തോട് ബുഷ്‌റ ബീബിക്ക് ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അത് മറ്റുചിലര്‍ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി തനിക്ക് സൂഫിസത്തോട് താത്പര്യമുണ്ടെന്നും ഓരോരുത്തരുടേയും ഉള്ളിലുള്ള ദൈവത്തിനായുള്ള അന്വേഷണത്തിലാണെന്നും ലൗകികകാര്യങ്ങള്‍ ത്യജിക്കാന്‍ ഒരുങ്ങുകയാണെന്നും ഇമ്രാന്‍ നേരത്തെ പറഞ്ഞിരുന്നു.
ക്രിക്കറ്റ് കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയതോടെ ഒരു പ്ലേബോയ് ഇമേജിലേക്ക് ഇമ്രാന്‍ മാറിയിരുന്നു. 1995-ല്‍ തന്റെ 43-ാം വയസിലാണ് ഇമ്രാന്‍ 21-കാരിയായ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ വിവാഹം ചെയ്യുന്നത്. ആ സമയത്ത് ലോകത്തെ ഏറ്റവും കോടീശ്വരനായ വ്യക്തിയായിരുന്നു ജെമീമയുടെ പിതാവ്. ഒമ്പത് വര്‍ഷം നീണ്ടുനിന്ന ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുഞ്ഞുങ്ങളും പിറന്നു.
2015-ല്‍ മുന്‍ ബിബിസി അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ റേഹം ഖാനെ ഇമ്രാന്‍ ജീവിതസഖിയാക്കി. എന്നാല്‍ ആ ബന്ധത്തിന് ഒരു വര്‍ഷത്തെ ആയുസ് മാത്രമാണുണ്ടായിരുന്നത്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു ബുഷ്‌റ ബീബിയുമായുള്ള വിവാഹം. താനുമായുള്ള വിവാഹം കഴിഞ്ഞാല്‍ മാത്രമേ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകൂവെന്ന് ബുഷ്‌റ സ്വപ്‌നം കണ്ടു. ഇതിന് പിന്നാലെ ഇരുവരും വിവാഹിതരായി. ആറു മാസത്തിനുള്ളില്‍ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രിയുമായി.
തോഷാഖാന കേസ് കൂടാതെ ബുഷ്‌റ ബിബി മറ്റൊരു നിയമപോരാട്ടം കൂടി നേരിടുന്നുണ്ട്. ആദ്യ ഭര്‍ത്താവും പാകിസ്താനിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനും കൂടിയായ ഖവര്‍ മനേക നല്‍കിയതാണ് ഈ കേസ്. 28 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹമോചിതരായത്. നിയമപ്രകാരം വിവാഹമോചനത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞാലേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ സമയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബുഷ്‌റ രണ്ടാം വിവാഹം കഴിച്ചു എന്നതാണ് കേസ്.
Content Highlights: bushra bibi faith healer wife of pakistan ex pm imran khan
Published: 02 Feb 2024, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented