യുവത്വം നിലനിര്‍ത്താന്‍ കോടികള്‍ ചെലവിടുന്ന അമേരിക്കന്‍ ശതകോടീശ്വരനാണ് നാല്‍പത്തിയേഴുകാരനായ ബ്രയാന്‍ ജോണ്‍സണ്‍. 'മരണത്തെ വെല്ലുവിളിക്കുന്നവന്‍' എന്നറിയപ്പെടുന്ന ബ്രയാന്‍ വര്‍ഷം 16 കോടി രൂപയാണ് തന്റെ യൗവനം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങള്‍ക്കായി ചെലവഴിക്കുന്നത്. കൃത്യമായ ഭക്ഷണക്രമവും കടുത്ത വ്യായാമവും പിന്തുടരുന്ന ബ്രയാന്‍ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ദിവസേന സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിലെ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ വൈറലാകുന്നത്, അത് വൈറലാക്കുന്നതാകട്ടെ ഇന്ത്യക്കാരും. 

To advertise here,

അടുത്ത നാലുദിവസത്തേക്കുള്ള തന്റെ ഡയറ്റ് ഭക്ഷണം എന്ന് പറഞ്ഞ് നവംബര്‍ 19-ന് ബ്രയാന്‍ ഒരു ചിത്രം പങ്കുവെച്ചു. പിന്നാലെ എത്തി കമന്റുകള്‍, ചിത്രം കണ്ടിട്ട് ബ്രയാന്‍ ഇന്ത്യയില്‍ ആണെന്ന് തോന്നുന്നല്ലോ, ഇത് ഇന്ത്യന്‍ ഭക്ഷണമാണല്ലോ, പേരുമാറ്റിയാല്‍ മനസിലാകില്ലെന്ന് കരുതിയോ.. ഞങ്ങളിതിനെ ബേസന്‍ ചില്ല, മസൂര്‍ ദാല്‍, ചോറും പച്ചക്കറിയും എന്നൊക്കെയാണ് പറയുന്നത്.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇങ്ങനെ പോയാല്‍ നാളെമുതല്‍ ബ്രയാന്‍ ഛോലെ ബട്ടൂരയും ഛനാ ദാലും ഗോബി ആലുവും ഒക്കെ കഴിക്കുന്നതും കാണേണ്ടിവരുമല്ലോ എന്ന് കളിയായി പറയുന്നവരും ഉണ്ട്. 

അതേസമയം, മറ്റൊരു കൂട്ടരുടെ കണ്ണുകള്‍ ഉടക്കിയതാവട്ടെ ബ്രയാന്‍ ഭക്ഷണം സൂക്ഷിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങളിലാണ് ഉടക്കിയത്. ഇത് 90's കിഡ്‌സിന്റെ ചോറ്റുപാത്രമല്ലേ, ഇതാരാണ് ബ്രയാന് കൊണ്ടുകൊടുത്തത്, ഈ പോസ്റ്റ് എന്തായാലും ഞങ്ങള്‍ക്ക് കണ്ണിന് കുളിരായി, കുട്ടിക്കാലം ഓര്‍മ്മവന്നു എന്നൊക്കെ നീളുന്നു കമന്റുകള്‍. യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും നല്ല ഭക്ഷണം ഇന്ത്യന്‍ ഭക്ഷണമാണെന്ന് ബ്രയാന്‍ വരെ സമ്മതിക്കുന്നുവെന്നും പറയുന്നു ചിലര്‍. നിലവില്‍ കെര്‍ണല്‍ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ. ആണ് ബ്രയാന്‍. പ്രായം കുറയ്ക്കാനായി പ്ലാസ്മ സ്വാപ്പിങ് എന്ന രക്തകൈമാറ്റ ചികിത്സ നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.