പാതി മുറിഞ്ഞ സംഗീതം പോലെ എയ്മി വൈന്‍ഹൗസ് എന്ന ബ്രിട്ടീഷ് ഗായികയുടെ ശബ്ദം നിലച്ചിട്ട് 11 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. മദ്യവും മയക്കുമരുന്നും കലര്‍ന്ന് താളം തെറ്റിയ ജീവിതത്തിന് ഒരു ജൂലായ് 23-ന് അവര്‍ തിരശ്ശീലയിട്ടു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രശസ്തിയുടെ കൊടുമുടി കയറുന്ന ഏതൊരാള്‍ക്കും സംഭവിച്ചേക്കാവുന്ന ദുരന്തം. അമിതമായ രീതിയില്‍ മദ്യം ശരീരത്തിനുള്ളില്‍ ചെന്നതായിരുന്നു മരണകാരണം. ലോകത്തെമ്പാടുമുള്ള സംഗീതപ്രേമികള്‍ ഞെട്ടലോടെ കേട്ട ദുരന്തവാര്‍ത്ത. ആ സമയത്ത് ആരാധകര്‍ക്കൊപ്പം എയ്മിയുടെ വീട്ടിലെ ഷെല്‍ഫിലിരുന്ന് അഞ്ച് ഗ്രാമി പുരസ്‌കാരങ്ങളും കരഞ്ഞിട്ടുണ്ടാകും. 

To advertise here,

ജാസ് സംഗീതജ്ഞരായ അമ്മാവന്‍മാരുടെ വേരുകളില്‍ നിന്ന് ബ്രിട്ടനിലെ പ്രശസ്ത ഗായികയിലേക്കുള്ള എയ്മിയുടെ വളര്‍ച്ച വെറും എട്ടു വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു. 2003-ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക് എന്ന ആല്‍ബത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ബാക്ക് ടു ബ്ലാക്ക്, ലയണസ്; ഹിഡന്‍ ട്രെഷേഴ്‌സ് തുടങ്ങിയ ആല്‍ബങ്ങള്‍ അവരെ പ്രശസ്തിയിലേക്കുയര്‍ത്തി.

2005-ല്‍ കാഡെനിലെ ഒരു പബ്ബില്‍വെച്ച് ബ്ലെയ്ക്ക് ഫീല്‍ഡര്‍ സിവില്‍ എന്ന യുവാവിനെ കണ്ടുമുട്ടിയത് എയ്മിയുടെ ജീവിതം മാറ്റിമറിച്ചു. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം എയ്മിയെ ലഹരിയുടെ ഇരുണ്ട ലോകത്തേക്കാണ് എത്തിച്ചത്. അതിനെല്ലാം വഴിതെളിച്ചുകൊടുത്തത് ബ്ലെയ്ക്കും. എന്നാല്‍ പ്രിയപ്പെട്ട ബ്ലെയ്ക്കുമായി വേര്‍പിരിയേണ്ടി വന്നതും മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും, പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളും എയ്മിയെ പൂര്‍ണമായും ലഹരിയുടെ താവളത്തിലെത്തിച്ചു. സംഗീത പരിപാടികള്‍ക്ക് വൈകിയെത്തുന്നതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിയന്ത്രണമില്ലാതെ സംസാരിക്കുന്നതുമെല്ലാം പതിവായി. പതുക്കെ പതുക്കെ അവരെ പൂര്‍ണമായും ലഹരി വിഴുങ്ങി. ഒടുവില്‍ 2011 ജൂലായ് 23-ന് ലണ്ടനിലെ വീട്ടില്‍വെച്ച് അളവില്ലാതെ മദ്യം കഴിച്ച് അവര്‍ എന്നന്നേക്കുമായി നിശ്ചലമായി. 

ഒമ്പതാം വയസില്‍ വേര്‍പിരിഞ്ഞ മാതാപിതാക്കള്‍

ഇംഗ്ലണ്ടിലെ എന്‍ഫീല്‍ഡില്‍ 1983 സെപ്റ്റംബര്‍ 14ന്‌ ഒരു ജൂത കുടുംബത്തിലാണ് എയ്മി ജനിച്ചത്. കെട്ടിടങ്ങളുടെ വിന്‍ഡോ ഇന്‍സ്റ്റാളര്‍ ആയും ടാക്‌സി ഡ്രൈവര്‍ ആയും ജോലി ചെയ്തിരുന്ന മിച്ചല്‍ വൈന്‍ഹൗസാണ് എയ്മിയുടെ അച്ഛന്‍. അമ്മ ജാനി വൈന്‍ഹൗസ് ഫാര്‍മസിസ്റ്റായിരുന്നു. ഇരുവരുടേയും രണ്ടാമത്തെ കുഞ്ഞായിരുന്നു എയ്മി. അലക്‌സ് എന്നായിരുന്നു മൂത്ത മകന്റെ പേര്. മക്കള്‍ ജൂതമതവിശ്വാസത്തില്‍ വളരണമെന്നത് മിച്ചലിന് നിര്‍ബന്ധമായിരുന്നു. സ്‌കൂളിനൊപ്പം എയ്മി ഞായാറാഴ്ച്ചകളില്‍ സണ്‍ഡേ സ്‌കൂളിലും പോകാന്‍ തുടങ്ങി. എന്നാല്‍ അവള്‍ക്ക് അതൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ജൂതമതം പഠിച്ചിട്ട് ജീവിതത്തില്‍ എവിടേയും തനിക്ക് അത് പ്രയോജനപ്പെടില്ലെന്ന് അവള്‍ അച്ഛനോട് നിരന്തരം തര്‍ക്കിച്ചുകൊണ്ടിരുന്നു. ജൂതന്‍മാരുടെ വിശുദ്ധ ദിനമായ 'യോം കിപ്പൂര്‍' ദിവസത്തില്‍ മാത്രമാണ്, അതായത് വര്‍ഷത്തില്‍ ഒരിക്കല്‍,  താന്‍ സിനഗോഗില്‍ പോകാറുള്ളൂവെന്ന് എയ്മി പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അമ്മയുടെ സഹോദരന്‍മാരില്‍നിന്നും അച്ഛനില്‍ നിന്നുമാണ് എയ്മി ജാസ് സംഗീതം ആദ്യമായി കേള്‍ക്കുന്നത്. അമ്മാവന്‍മാരെല്ലാം പ്രൊഫഷണല്‍ ജാസ് സംഗീതജ്ഞരായിരുന്നു. അച്ഛന്‍ ഇടയ്ക്ക് അവള്‍ക്ക് പാട്ടുകള്‍ പാടിക്കൊടുക്കും. അതു പഠിച്ചെടുക്കുന്ന എയ്മി സ്‌കൂളില്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ പാടിയും സ്റ്റാര്‍ ആയി മാറി. 

എന്നാല്‍ ഒമ്പതാം വയസ്സില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് എയ്മിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. അമ്മയോടൊപ്പം വെറ്റ്‌സ്റ്റോണിലേക്ക് അവള്‍ താമസം മാറി. സ്‌കൂളും കൂട്ടുകാരുമെല്ലാം അവള്‍ക്ക് നഷ്ടമായി. എല്ലാ വാരാന്ത്യങ്ങളിലും അവള്‍ അച്ഛനെ കാണാന്‍ ചെല്ലും. ബാക്കി അഞ്ച് ദിവസങ്ങളിലും അമ്മയോടൊപ്പമായിരിക്കും താമസം. എന്നാല്‍ എയ്മിയുടെ സംഗീത വളര്‍ച്ചയ്ക്ക് അമ്മവീട്ടിലെ താമസം ഏറെ സഹായിക്കപ്പെട്ടു. മുത്തശ്ശി സിന്തിയ ഒന്നാന്തരം പാട്ടുകാരിയായിരുന്നു.

പുതിയ സ്‌കൂളിലെ കൂട്ടുകാരി ജൂലിയറ്റ് ആഷ്ബിക്കൊപ്പം 'സ്വീറ്റ് ആന്റ് സോര്‍' എന്ന പേരില്‍ ഒരു ചെറിയ പാട്ട്ഗ്രൂപ്പ് എയ്മി ഉണ്ടാക്കിയെടുത്തു. ഡാന്‍സും പാട്ടും പഠിക്കാന്‍ തുടങ്ങി. മുത്തശ്ശിയുടെയും അമ്മാവന്മാരുടെയും എല്ലാ പിന്തുണയും കൂടെയുണ്ടായിരുന്നു. പിന്നീട് ലണ്ടനിലെ പ്രശസ്തമായ സില്‍വിയ യങ് തിയേറ്റര്‍ സ്‌കൂളിലായിരുന്നു പഠനം. എന്നാല്‍ 14-ാം വയസില്‍ എയ്മി അവിടെനിന്ന് പുറത്താക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂക്ക് കുത്തി ക്ലാസിലെത്തിയതായിരുന്നു കാരണം. എന്നാല്‍ സ്‌കൂള്‍ അധികൃതരും എയ്മിയുടെ അച്ഛനും ഇത് പിന്നീട് നിഷേധിച്ചിരുന്നു. 

ഇതോടെ പഠനം അവസാനിപ്പിച്ച എയ്മിയ്ക്ക് കൂട്ടുണ്ടായിരുന്നത് സഹോദരന്‍ അലക്‌സിന്റെ ഗിറ്റാറായിരുന്നു. സ്വന്തമായി പാട്ടുകള്‍ എഴുതിയും ഗിറ്റാര്‍ പഠിച്ചും എയ്മി സംഗീതത്തില്‍തന്നെ ജീവിച്ചു. ഇതിനിടയില്‍ വേള്‍ഡ് എന്റര്‍ടെയ്‌മെന്റ് ന്യൂസ് നെറ്റ്‌വര്‍ക്കിനായി മാധ്യമപ്രവര്‍ത്തകയുടെ വേഷവും കെട്ടി. അവിടുത്തെ ലോക്കല്‍ ഗ്രൂപ്പായ ബോല്‍ഷ ബാന്റിലെ ഗായികയുമായിരുന്നു എയ്മി. 2000-ത്തില്‍ നാഷണല്‍ യൂത്ത് ജാസ് ഓര്‍ക്കസ്ട്രയുടെ വനിതാ ഗായികയായി അവതരിപ്പിക്കപ്പെട്ടതോടെയാണ് എയ്മിയുടെ ജീവിതം ഒരു വഴിത്തിരിവിലെത്തുന്നത്.

ഓളം സൃഷ്ടിച്ച ഫ്രാങ്കും അമ്മയുടെ അസുഖവും 

2003-ലാണ് എയ്മിയുടെ അമ്മയ്ക്ക് മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ് എന്ന രോഗം സ്ഥിരീകരിച്ചത്. തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന ഈ അസുഖം അമ്മ എങ്ങനെ നേരിടുമെന്നത് അവളെ ആകെ കുഴക്കി. അമ്മയോട് ആദ്യം ഇത് തുറന്നുപറയാനും എയ്മി മടിച്ചു. അസുഖത്തിന്റെ ചികിത്സയ്ക്കായുള്ള പണവും കണ്ടെത്തേണ്ടിയിരുന്നു. ആ സമയത്താണ് ഫ്രാങ്ക് എന്ന തന്റെ അരങ്ങേറ്റ ആല്‍ബത്തിന്റെ ജോലി എയ്മി പൂര്‍ത്തിയാക്കുന്നത്. 

2003 ഒക്ടബോര്‍ 20ന് പുറത്തിറങ്ങിയ ഈ ആല്‍ബം എയ്മിക്ക് പുതിയ മേല്‍വിലാസം നല്‍കി. സലാം റെമി നിര്‍മിച്ച ഫ്രാങ്കില്‍ പാട്ട് പാടിയതിനൊപ്പം വരികള്‍ എഴുതുകയും ചെയ്തു എയ്മി. 2004-ല്‍ യുകെ ആല്‍ബംസ് ചാര്‍ട്ടില്‍ ഫ്രാങ്ക് ഇടം പിടിച്ചു. ബ്രിട്ട് പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. അതേ വര്‍ഷം മെര്‍ക്കുറി മ്യൂസിക് പ്രൈസിലും ആല്‍ബം ഷോര്‍ട്ട് ലിസ്റ്റിലെത്തി. ഇതിനൊപ്പം പ്ലാറ്റിനം സെയ്ല്‍സിലും ഇടം നേടി. 

20 വയസുകാരിയായ എയ്മിയെ സംബന്ധിച്ച് അതെല്ലാം സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. ആദ്യ ആല്‍ബത്തിലൂടെ ബ്രിട്ടീഷ് സംഗീത ലോകത്ത് ഇടം കണ്ടെത്താന്‍ കഴിഞ്ഞത് അവളെ ഒരുപാട് സന്തോഷിപ്പിച്ചു. അമ്മയുടെ അസുഖവും അതിനെകുറിച്ചുള്ള ചിന്തകളും അവള്‍ പതുക്കെ മറക്കാന്‍ തുടങ്ങി. അമ്മയും അതുപോലെ മകളുടെ നേട്ടത്തില്‍ സന്തോഷിച്ചു. അസുഖത്തിന്റെ വേദന കുറയ്ക്കാന്‍ ഇത് സഹായിച്ചു. ഒപ്പം ചികിത്സയും സുഖമായി നടന്നു.

ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച ബാക്ക് റ്റു ബ്ലാക്ക്

ഫ്രാങ്ക് പുറത്തിറങ്ങി മൂന്നുവര്‍ഷത്തിന്ശേഷമാണ് എയ്മി രണ്ടാമത്തെ ആല്‍ബം പുറത്തിറങ്ങിയത്. ബാക്ക് റ്റു ബ്ലാക്ക് എന്ന് പേര് നല്‍കിയ ഇതിലെ പാട്ടുകളെല്ലാം സംഗീതപ്രേമികള്‍ ഏറ്റെടുത്തു. പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ യുകെ ആല്‍ബം ചാര്‍ട്ടുകളില്‍ ഇതിലെ പാട്ടുകള്‍ ഒന്നാമതെത്തി. അമേരിക്കയിലും ഈ പാട്ടുകള്‍ ഓളം സൃഷ്ടിച്ചു. ബില്‍ബോര്‍ഡ് 200-ന്റെ റാങ്കിങ്ങില്‍ ഏഴാമതെത്തി. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആല്‍ബമായി. ഒരു വര്‍ഷം 1.85 മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞു. ഇതിലെ റീഹാബ് എന്ന ഗാനം 2007-ലെ ഏറ്റവും മികച്ച ഗാനമായി ടൈം മാഗസിന്‍ തിരഞ്ഞെടുത്തു. 

ഈ ആല്‍ബത്തിലൂടെ 2008-ല്‍ അഞ്ച് ഗ്രാമി പുരസ്‌കാരങ്ങളാണ് എയ്മി സ്വന്തമാക്കിയത്. റെക്കോഡ് ഓഫ് ദ ഇയര്‍, സോങ് ഓഫ് ദ ഇയര്‍, ബെസ്റ്റ് ഫീമെയ്ല്‍ പോപ്പ് വോക്കല്‍ പെര്‍ഫോമന്‍സ്, ബെസ്റ്റ് പോപ്പ് വോക്കല്‍ ആല്‍ബം എന്നീ വിഭാഗത്തിലായിരുന്നു പുരസ്‌കാരങ്ങള്‍. ഇതിനൊപ്പം ഗ്രാമിയുടെ ബൈസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് അവാര്‍ഡും നേടി. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാമി പുരസ്‌കാരങ്ങള്‍ നേടുന്ന ബ്രിട്ടീഷ് ഗായിക എന്ന ചരിത്രവും എയ്മിയുടെ പേരിനൊപ്പം ചേര്‍ന്നു. 

പ്രശസ്തിയും പ്രണയവും ലഹരിയും

'ഞാന്‍ പ്രശസ്തയാകുമെന്ന് കരുതുന്നില്ല. അങ്ങനെ പ്രശസ്തയായാല്‍തന്നെ അത് എനിക്ക് കൈകാര്യം ചെയ്യാനാകുമെന്ന് കരുതുന്നില്ല'-പാട്ട് പാടിത്തുടങ്ങിയ കാലങ്ങളില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ എയ്മി പറഞ്ഞതാണിത്. ഈ വാക്കുകള്‍പോലെ തന്നെയായിരുന്നു പ്രശസ്തിയിലേക്കുയര്‍ന്ന ശേഷം അവരുടെ ജീവിതവും. 

placeholder
.
എയ്മി വൈന്‍ഹൗസും ബ്ലെയ്ക്ക് ഫീല്‍ഡര്‍ സിവിലും | Photo: Getty Images

2005-ല്‍ നോര്‍ത്താംപ്‌റ്റോണ്‍ഷെയര്‍ സ്വദേശിയായ ബ്ലെയ്ക്ക് ഫീല്‍ഡര്‍ സിവില്‍ എന്ന യുവാവിനെ പരിചയപ്പെട്ടതോടെയാണ് എയ്മിയുടെ കരിയറിലും ജീവിതത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. ഇരുവരും തമ്മില്‍ പെട്ടെന്ന് സുഹൃത്തുക്കളായി. ആ സമയത്ത് ഇംഗ്ലീഷ് ഗായകന്‍ അലക്‌സ് ക്ലാരയുമായി എയ്മിക്ക് പ്രണയമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു പലപ്പോഴും താമസം. എന്നാല്‍ ബ്ലെയ്ക്കിനെ പരിചയപ്പെട്ടതോടെ ആ ബന്ധത്തില്‍ ഉലച്ചിലുകള്‍ സംഭവിച്ചു.

പതുക്കെ ബ്ലെയ്ക്കും എയ്മിയും പ്രണയത്തിലായി. ലഹരിയുടെ ലോകം ബ്ലെയ്ക്ക് എയ്മിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതോടെ അവരുടെ മാനസികനില തന്നെ തകരാറിലായി. ശരീരത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. 2007-ല്‍ മിയാമിയില്‍ നടന്ന ചടങ്ങില്‍ എയ്മിയും ബ്ലെയ്ക്കും വിവാഹിതരായി. ഇത് ബ്ലെയ്ക്കിനുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റി.

രാവും പകലുമില്ലാതെ ഇരുവരും ലഹരി ഉപയോഗിച്ചു. ചില സമയങ്ങളില്‍ ബ്രിട്ടനിലെ തെരുവുകളിലൂടെ ബോധമില്ലാതെ ഇരുവരും നടന്നു. എയ്മിയുടെ പരിപാടിയുടെ കലണ്ടറുകള്‍ താളം തെറ്റാന്‍ തുടങ്ങി. പലപ്പോഴും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ സമനില തെറ്റി പെരുമാറി. പാപ്പരാസികള്‍ അവരെ വിടാതെ പിന്തുടര്‍ന്നു. ടാബ്ലോയ്ഡുകള്‍ പുതിയ കഥകള്‍ എഴുതിപ്പിടിപ്പിച്ചു. 

ലഹരിയുടെ ഉപയോഗം കൂടുമ്പോള്‍ പലപ്പോഴും ഇരുവരും പരസ്പരം മുറിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഒരു മാഗസിന് അഭിമുഖം നല്‍കുന്നതിനിടയില്‍ തന്റെ വയറിന് മുകളില്‍ ' ഐ ലവ് ബ്ലെയ്ക്ക്' എന്ന് എഴുതിയത് എയ്മി കാണിച്ചുകൊടുത്തു. പൊട്ടിയ കണ്ണാടിച്ചില്ലിന്റെ കൂര്‍ത്തഭാഗം കൊണ്ടാണ് അത് എഴുതിയതെന്നും അവര്‍ വെളിപ്പെടുത്തി. അളവില്‍കൂടുതല്‍ ഹെറോയ്‌നും കൊക്കെയ്‌നുമെല്ലാം ഉപയോഗിച്ചതിനെ തുടര്‍ന്ന് എയ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന അവസ്ഥവരെയുണ്ടായി.

ഇരുവരുടേയും ബന്ധത്തെ കുറിച്ച് ബ്ലെയ്ക്കിന്റെ സഹോദരന്‍ പറഞ്ഞ വാക്കുകള്‍ പിന്നീട് ഏറെ ചര്‍ച്ചയായിരുന്നു. 'ഒരു പൊട്ടിത്തെറിക്ക് മുമ്പ് രണ്ട് തീവണ്ടികള്‍ വേഗത്തില്‍ വന്ന് പരസ്പരം കൂട്ടിമുട്ടുന്നതുപോലെയാണ് അവരുടെ ബന്ധം' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതുപോലെത്തന്നെയായിരുന്നു കാര്യങ്ങള്‍. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഒരാളെ ആക്രമിച്ചതിന്റെ പേരില്‍ ബ്ലെയ്ക്കിനെ അറസ്റ്റ് ചെയ്തതോടെയാണ് ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. ബ്ലെയ്ക്ക് 27 മാസം ജയിലില്‍ കിടന്നു. ആ സമയത്താണ് തന്റെ യഥാര്‍ഥ അവസ്ഥ എയ്മി തിരിച്ചറിയുന്നത്. അനാരോഗ്യകരമായ ആ ബന്ധം അവര്‍ അവസാനിപ്പിച്ചു. ലഹരി വിമോചന കേന്ദ്രത്തില്‍ പോയി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അവര്‍ ശ്രമിച്ചു. ഇംഗ്ലീഷ് സിനിമാ സംവിധായകനായ റെഗ് ട്രാവിസുമായി പുതിയ ബന്ധം തുടങ്ങി. പക്ഷേ അതൊന്നും അവരെ ലഹരിയില്‍ നിന്ന് മോചിപ്പിച്ചില്ല. അവര്‍ അതില്‍ മുങ്ങിപ്പോയിരുന്നു.

അവസാന ആല്‍ബം

2011 ജൂണ്‍ 18-ന് എയ്മി തന്റെ യൂറോപ്യന്‍ പര്യടനത്തിന് ബെല്‍ഗ്രേഡില്‍ നിന്ന് തുടക്കമിട്ടു. പക്ഷേ സ്റ്റേജില്‍ മദ്യപിച്ചെത്തിയ എയ്മിക്ക് തന്റെ പാട്ട് പൂര്‍ണമാക്കാന്‍ പോലും കഴിഞ്ഞില്ല. ആളുകള്‍ കൂവി വിളിച്ചു. താന്‍ പാട്ട് പാടുന്ന സ്ഥലം ഏതെന്നോ പാട്ടിന്റെ വരികള്‍ എന്താണെന്നോ തന്റെ ബാന്‍ഡിലെ അംഗങ്ങള്‍ ആരെല്ലാം ആണെന്നോ ഓര്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവര്‍. 

placeholder
.
എയ്മി വൈന്‍ഹൗസ് സംഗീത പരിപാടിക്കിടെ | Photo: Reuters

ഇതിനിടയില്‍ സ്റ്റേജില്‍നിന്ന് ഇറങ്ങിപ്പോരാനും എയ്മി ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ അവരെ തടഞ്ഞുവെയ്ക്കുകയും പാട്ട് പാടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും അന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെര്‍ബിയയുടെ അന്നത്തെ പ്രതിരോധമന്ത്രി ഡ്രാഗന്‍ സുറ്റനോവാച്ച് എയ്മിയുടെ പാട്ടിനെ 'വലിയ നാണക്കേടും നിരാശയും' എന്നാണ് വിശേഷിപ്പിച്ചത്. 

ഇതോടെ അടുത്ത ആഴ്ച്ചകളില്‍ ഇസ്താബൂളിലും ഏഥന്‍സിലും നടക്കേണ്ടിയിരുന്ന പരിപാടികളില്‍ നിന്ന് എയ്മി ഒഴിവാക്കപ്പെട്ടു.  ജൂണ്‍ 21-ന് തന്റെ പര്യടനം അവസാനിപ്പിക്കുകയാണെന്നും ഈ പരിപാടി ഉപേക്ഷിക്കുകയാണെന്നും അവര്‍ അറിയിച്ചു. 

2011 ജൂലായ് 20നാണ് എയ്മിയുടെ അവസാന പരിപാടി നടന്നത്. ലണ്ടനിലെ റൗണ്ട്ഹൗസ് ആയിരുന്നു വേദി. മകളെപ്പോലെയുള്ള ഡിയോണെ ബ്രോംഫീല്‍ഡിന്റെ പരിപാടിക്ക് പിന്തുണയുമായി സ്റ്റേജില്‍ സര്‍പ്രൈസായി പ്രത്യക്ഷപ്പെടുകയായിരുന്നു അവര്‍. അമേരിക്കന്‍ പാട്ടുകാരന്‍ ടോണി ബെന്നറ്റിനൊപ്പം ഡ്യുയറ്റ് സെക്കന്റ് എന്ന ആല്‍ബത്തിലാണ് അവര്‍ അവസാനം പാടിയത്. പാട്ടുകാരി മരിച്ചാലും പാട്ടിന് അവസാനമില്ല എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് എയ്മിയുടെ മരണശേഷം ആ ആല്‍ബം റിലീസ് ചെയ്തു.