രാമായണം സിനിമയിൽ സീതയായി അഭിനയിക്കുന്ന സായ് പല്ലവിയുടെയും കൈകേയിയായി അഭിനയിക്കുന്ന ലാറ ദത്തയുടെയും വസ്ത്രാലങ്കരത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സിനിമയിലെ കോസ്റ്റ്യൂം ഡിസൈനർമാരായ റിംപിളും ഹർപ്രീക് നരുലയും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതുമുതൽ നടീനടന്മാരുടെ വസ്ത്രങ്ങളെ ചൊല്ലി സോഷ്യൽമീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ത്രേതായുഗത്തിലെ വസ്ത്രധാരണ രീതികൾ ആധുനിക കാലത്തെ സ്റ്റൈലുകളുമായി ചേർന്നുനിൽക്കുന്നതായാണ് പലരും ആരോപിച്ചത്.

To advertise here,

വസ്ത്രധാരണ രീതിയെക്കുറിച്ച് ചർച്ചകൾ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് ഇരുവരും പറയുന്നു. 'രാമായണം പോലൊരു ഇതിഹാസം കാലാകാലങ്ങളായി നമുക്കറിയാവുന്നതാണ്. സ്വാഭാവികമായും അഭിനേതാക്കളെക്കുറിച്ചും അവരുടെ വസ്ത്രധാരണത്തെക്കുറിച്ചും വിഷ്വൽ ഇഫക്ടുകളെ കുറിച്ചുമെല്ലാം ചർച്ചകളും പ്രതികരണങ്ങളും സ്വാഭാവികമാണ്.' ഡിസൈനേഴ്‌സ് പറയുന്നു. സായ് പല്ലവി അവതരിപ്പിക്കുന്ന സീതയുടെ ബ്ലൗസിനെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് അത് ബോധപൂർവമെടുത്ത തീരുമാനമാണെന്നാണ് റിംപിൾ വിശദീകരിച്ചത്. വ്യക്തിപരമായ ധാരണയിൽ വേരൂന്നിക്കൊണ്ടുള്ളതായിരുന്നു ആ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.' സീതയെക്കുറിച്ച് കണ്ണടച്ച് ആലോചിക്കുമ്പോൾ എന്റെ ബോധത്തിൽ ജീവിക്കുന്ന ദേവിയെ കാണാനാണ് ഞാൻ ആഗ്രഹിച്ചത്. അത് ബോധപൂർവമായ തിരഞ്ഞെടുപ്പായിരുന്നു.'

'കോസ്റ്റ്യൂം ഡിസൈനിങ്ങിന്റെ അടിത്തറ എന്നുപറയുന്നത് ഗവേഷണമാണ്. അതിനെ നാം എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലാണ് കല. രാമായണം വിവിധ സംസ്‌കാരങ്ങളിലും രാജ്യങ്ങളിലും വ്യത്യസ്തമായി വ്യാഖാനിക്കപ്പെട്ടിട്ടുള്ളതാണ്. പഴയ കാലഘട്ടത്തിലെ വസ്ത്രങ്ങൾ പുനർനിർമിക്കുക അത്ര എളുപ്പമല്ല. കലണ്ടർ ആർട്ടുകളും പെയ്ന്റിങ്ങുകളും ക്ഷേത്രചിത്രങ്ങളും രാജാരവിവർമയുടെ വ്യാഖ്യാനങ്ങളും കണ്ടാണ് നാം വളർന്നത്. ഞങ്ങളുടെ വ്യാഖ്യാനമാണ് നിങ്ങൾ സിനിമയിൽ കാണുന്നത്.' റിംപിൾ പറയുന്നു.

കൈകേയിയായി എത്തിയിട്ടുള്ള ലാറ ദത്തയുടെ സാരിയെക്കുറിച്ചുള്ള വിമർശനങ്ങളോട് ഹർപ്രീതിന്റെ പ്രതികരണം വിശദമായിരുന്നു. മാതൃത്വത്തെ പ്രതിനിധീകരിക്കുന്ന പച്ചനിറമാണ് അവരുടെ വസ്ത്രത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ അവർ അണിഞ്ഞ ചുവപ്പ് പ്രതിനിധീകരിക്കുന്നത് വൈകാരിക ശക്തിയെയും ഇരുട്ടിനെയും മറ്റുമാണ്. മകനും രാമനും ഇടയിൽ ചിതറിപ്പോയ അമ്മയാണ് അവർ. ഇത്തരത്തിൽ ഓരോ നിറവും ഓരോ ഉദ്ദേശത്തോടെയാണ് തിരഞ്ഞെടുത്തത്.' എന്നാൽ, അതെല്ലാം മനസ്സിലാക്കാതെയാണ് ആളുകൾ പ്രതികരിക്കുന്നത്. പുതിയ തലമുറയ്ക്ക് മുന്നിൽ പുരാണ ഇതിഹാസത്തെ ദൃശ്യപരമായി അവതരിപ്പിക്കാനുള്ള തങ്ങളുടെ ശ്രമമാണ് ഇതെന്ന് ഇരുവരും പറയുന്നു.' അതിലെ ഓരോ നൂലും ഓരോ ചിന്തയാണ്. കാണുന്നതിന് മുൻപ് തീരുമാനമെടുക്കരുത്. കാണുക, അനുഭവിച്ചറിയുക, എന്നിട്ട് അഭിപ്രായം രൂപീകരിക്കുക.' ചിത്രത്തിൽ രാമനായി എത്തുന്നത് രൺബീർ കപൂറാണ്. ലക്ഷമണനായി രവി ദുബെയും രാവണനായി യഷും രാജാവ് ദശരഥനായി അരുൺ ഗോവിലും എത്തുന്നു. രാകുൽ പ്രീതാണ് ശൂർപ്പണഖയായി എത്തുന്നത്.