മെറ്റ് ഗാല ചടങ്ങില്‍ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയന്‍ ഹോളിവുഡ്‌ ഇതിഹാസ താരവും സൗന്ദര്യ റാണിയുമായിരുന്ന മെര്‍ലിന്‍ മണ്‍റോയുടെ പ്രശസ്തമായ ഗൗണ്‍ ധരിച്ചതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. മെറ്റ് ഗാല കഴിഞ്ഞ് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ഫാഷന്‍ ലോകത്ത് ഇതു തന്നെയാണ് ചര്‍ച്ചാവിഷയം. 

To advertise here,

ചരിത്രപരമായ പ്രസക്തിയുള്ള ഒരു വേഷമാണ് ഇതെന്നും കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തിയാണ് കിം ഇതു ധരിച്ചതെന്നും വിമര്‍ശനമുയര്‍ന്നു. ഇത്തരം വസ്ത്രങ്ങള്‍ സംരക്ഷിക്കുന്നതിന്റെ നടപടികള്‍ വിവരിച്ച് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ മ്യൂസിയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തു.

മെര്‍ലിന്‍ മണ്‍റോയെപ്പോലെയൊരു താരം ധരിച്ച ഡ്രസ് കിം കര്‍ദാഷിയനു തീരെ യോജിക്കില്ലെന്ന് കോസ്റ്റിയൂം ഡിസൈനറായ ബോബ് മാക്കി അഭിപ്രായപ്പെടുന്നു. ചരിത്രപരമായ പ്രത്യേകതയുള്ള വസ്ത്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതു ധരിക്കുന്നത് ഇത്തരം വസ്ത്രങ്ങളെ നശിപ്പിക്കുമെന്നും ചരിത്ര വസ്ത്ര സംരക്ഷകന്‍ സാറ സ്‌കാര്‍ട്ടൂറോ പറയുന്നു. 

ഒര്‍ലാന്‍ഡോയിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഗൗണ്‍. ഇവിടെനിന്ന് കിം ഇതു വാടകയ്‌ക്കെടുക്കുകയായിരുന്നു. എന്നാല്‍ താരം ഒരു റെഡ് കാര്‍പറ്റ് ചടങ്ങില്‍ മാത്രമാണ് ഇതു ധരിച്ചതെന്നും മെറ്റ് ഗാലയില്‍ ഇതിന്റെ പകര്‍പ്പാണ് ധരിച്ചതെന്നും വാദമുണ്ട്. 

ഈ മാസം ആദ്യമാണ് മെറ്റ് ഗാലയില്‍ കര്‍ദാഷിയന്‍ വിവാദ ഗൗണ്‍ അണിഞ്ഞെത്തിയത്. മെര്‍ലിന്‍ മണ്‍റോ ധരിച്ച് പ്രശസ്തമായ 'ഹാപ്പി ബര്‍ത്‌ഡേ മിസ്റ്റര്‍ പ്രസിഡന്റ്' എന്ന പേരില്‍ അറിയപ്പെടുന്ന ഔട്ട്ഫിറ്റാണ് കിം ധരിച്ചത്. 1962-ല്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ബര്‍ത്‌ഡേയുടെ  ഭാഗമായി മെര്‍ലിന്‍ ധരിച്ച വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നത് ജീന്‍ ലൂയീസ ആണ്. 

അമേരിക്കന്‍ ഫാഷന്‍ ചരിത്രത്തില്‍ തന്നെ പില്‍ക്കാലത്ത് ഈ വസ്ത്രം ഇടം നേടുകയും ചെയ്തിരുന്നു. കൈകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ആറായിരത്തോളം ക്രിസ്റ്റലുകളുള്ള ബാക്‌ലെസ് ഗൗണിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. മരണത്തിനു മുമ്പുള്ള മെര്‍ലിന്റെ അവസാനത്തെ പൊതുപരിപാടിയായിരുന്നു അത്.  1500 യുഎസ് ഡോളറായിരുന്നു മെര്‍ലിന്‍ ഈ വസ്ത്രം വാങ്ങിയിരുന്നത്. പിന്നീട് 12 ലക്ഷം യുഎസ് ഡോളറിന് ഇതു ലേലത്തില്‍ വിറ്റു. 

ഈ ഗൗണ്‍ ധരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി ഏഴു കിലോ ശരീരഭാരം കുറച്ചുവെന്നും കര്‍ദാഷിയന്‍ വ്യക്തമാക്കിയിരുന്നു.