ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളേയും കാഴ്ചപരിമിതരുടെ ലോകകപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിനേയും കഴിഞ്ഞ ദിവസം റിലയൻസ് ഫൗണ്ടേഷൻ അനുമോദിച്ചിരുന്നു. മുംബൈയിലെ അന്റീലിയയിൽ നടന്ന ചടങ്ങിൽ നിത അംബാനിയാണ് ആതിഥേയത്വം വഹിച്ചത്. ലോകകപ്പ് നേടിയപ്പോൾ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന രോഹിത് ശർമ, വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, കാഴ്ചപരിമിതരുടെ ടീം ക്യാപ്റ്റൻ ദീപിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

To advertise here,

ഇതിനൊപ്പം ചർച്ചയായത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ചടങ്ങിൽ ധരിച്ച ഔട്ട്ഫിറ്റുകളായിരുന്നു. എപ്പോഴും ഇന്ത്യൻ ജെഴ്‌സിയിൽ കാണാറുള്ള താരങ്ങൾ വ്യത്യസ്ത നിറങ്ങളിലും സ്‌റ്റൈലിലുമുള്ള ഔട്ട്ഫിറ്റുകൾ ധരിച്ചാണ് ചടങ്ങിനെത്തിയത്. കറുപ്പ് ബോർഡർ വരുന്ന ചുവപ്പ് സാരിയോടൊപ്പം കറുപ്പ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായിരുന്നു ഹർമൻപ്രീത്. ഇതിന്റെ കൂടെ സ്റ്റൈലിലിനായി ബ്രോക്കേഡ് എംബ്രോയ്ഡറി ചെയ്ത കോർസെറ്റും അണിഞ്ഞിരുന്നു.

പച്ച നിറത്തിലുള്ള ഗൗണിനൊപ്പം പച്ച വെൽവെറ്റിലുള്ള ബ്ലേസറും ധരിച്ച് കൂടുതൽ സുന്ദരിയായാണ് സ്മൃതി ചടങ്ങിനെത്തിയത്. വെള്ളി നിറത്തിലുള്ള ഡിസൈനുകൾ വരുന്ന ചാര നിറത്തിലുള്ള സ്യൂട്ട് ആണ് അരുന്ധതി തിരഞ്ഞെടുത്തത്. ഓഫ് ഷോൾഡർ വരുന്ന ഐസ് ബ്ലൂ മിഡി ഡ്രസ്സിൽ അതിസുന്ദരിയായിരുന്നു രാധാ യാദവ്.

കറുപ്പ് നിറത്തിൽ ഫ്‌ളോറൽ ഡിസൈനുകളുള്ള സ്ട്രാപ്‌ലെസ് ക്രോപ് ടോപ്പും ഫ്‌ളയേർഡ് പാന്റ്‌സും ധരിച്ച് അൽപം ട്രെൻഡിയായാണ് ജെമീമ എത്തിയത്. ഫ്‌ളവർ ഡിസൈൻ വരുന്ന കറുപ്പ് ബ്ലേസർ ഡ്രസ്സിൽ ഹർലീനും ആരാധകരുടെ മനം കവർന്നു. നോച്ച് ലാപ്പർ കോളറും ഫുൾ ലെങ്ത് സ്ലീവുമായിരുന്നു ഇതിന്റെ പ്രത്യേകത.