കല്പറ്റ : ഓട്ടോറിക്ഷ ഉപജീവനമാർഗമാക്കിയ ബത്തേരി അരിവയൽ പടിഞ്ഞാക്കര സ്വദേശി പി.വി. ഷാജിക്ക് വ്യാഴാഴ്ച കാരുണ്യത്തിന്റെ ഓട്ടമായിരുന്നു. എസ്.എം.എ. ടൈപ്പ്-2 ബാധിച്ച് ചികിത്സാസഹായം നേടുന്ന കുരുന്നുകളെ സഹായിക്കാൻ എല്ലാവരും കൈകോർക്കുമ്പോൾ തനിക്കുപറ്റുന്ന സഹായം ചെയ്യാനായിട്ടായിരുന്നു ഷാജി വ്യാഴാഴ്ച ഓട്ടോറിക്ഷ ഓടിച്ചത്. ഓടിക്കിട്ടിയ മുഴുവൻ തുകയും ഷാജി കുഞ്ഞുങ്ങളുടെ ചികിത്സാസഹായത്തിനായി മാറ്റിവെച്ചു. വാഹനത്തിന്റെ എണ്ണ​പ്പൈസ പോലും ഷാജി ഓടിക്കിട്ടിയ തുകയിൽനിന്ന് എടുത്തില്ല. ‘നമ്മുടെ ചെറിയയാത്ര അവരുടെ വലിയ പ്രതീക്ഷ’യെന്ന ബോർഡ് പതിച്ചാണ് ഷാജി വ്യാഴാഴ്ച ശ്രീ വെങ്കിടേശാ ഓട്ടോറിക്ഷയുമായി ഓട്ടത്തിനിറങ്ങിയത്. യാത്രക്കാരോട് ഓട്ടോക്കൂലിയൊന്നും പറഞ്ഞില്ല. പകരം ഇഷ്ടമുള്ള തുക ബക്കറ്റിലിടാനാണ് നിർദേശിച്ചത്.

To advertise here,

രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ ഓടിയപ്പോൾ 5000 രൂപ ലഭിച്ചു. ചികിത്സാസഹായത്തിനായുള്ള ഓട്ടത്തിന് എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നെന്നും അരിവയലിലെ നാട്ടുകാർ കൈയയച്ച് സഹായിച്ചെന്നും ഷാജി പറഞ്ഞു.

‘’യാത്രചെയ്തവർ സാധാരണ ഈടാക്കുന്ന ഓട്ടോചാർജിനെക്കാൾ രണ്ടും മൂന്നും ഇരട്ടിത്തുക കുരുന്നുകൾക്കായി തന്നു’’ -ഷാജി പറഞ്ഞു. സുൽത്താൻബത്തേരി നഗരസഭാകൗൺസിലർ ടോം ജോസ് വയലോരം റെസിഡെൻസ് അസോസിയേഷൻ പ്രസിഡന്റ്‌ അനന്തകൃഷ്ണൻ എന്നിവർ യാത്ര ഉദ്ഘാടനം ചെയ്തു.

പി.വി. രാജൻ, പി.കെ. അശോകൻ, സിജു നയർമന്നത്ത്, ബിനുരാജ്, മുഹമ്മദാലി, ടിയാഷ മരിയ ടോം എന്നിവർ പങ്കെടുത്തു.

എസ്.എം.എ. ടൈപ്പ് -2 എന്ന അപൂർവ ജനിതക രോഗബാധിതരായ കല്ലുരുട്ടി പൂവ്വത്തേരിചാലിൽ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഓലീവർ ജോനോ എന്നിവർക്കായാണ് കേരളം കൈകോർക്കുന്നത്. കുഞ്ഞുങ്ങളുടെ തുടർച്ചികിത്സയ്ക്കും ജീൻ തെറപ്പിക്കുമായി അൻപതുകോടിയോളം രൂപയാണ് ആകെ വേണ്ടത്.