അറപ്പുഴ പാലത്തിനായി ഗർഡർ സ്ഥാപിക്കാൻ ഗതാഗതനിയന്ത്രണം
രാമനാട്ടുകര : ജോലികഴിഞ്ഞ് തളർന്നെത്തുന്നവരും ആശുപത്രികളിലേക്ക് അത്യാഹിതവുമായി പായുന്നവരും അടക്കം നൂറുകണക്കിന് മനുഷ്യർ, മുന്നോട്ടുപോകാനാവാതെ റോഡിൽ അനക്കമറ്റ് കിടക്കുന്ന വാഹനനിര. ദേശീയപാത 66-ൽ അറപ്പുഴയിൽ ഗർഡർ ലോഞ്ചർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം ഇതുവഴിയുള്ള യാത്ര നരകതുല്യമാക്കിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി ഒന്നരമണിക്കൂറോളമാണ് വാഹനങ്ങൾ ഇവിടെ കുരുങ്ങിക്കിടന്നത്.
അറപ്പുഴ പാലം പണിക്കായി രാമനാട്ടുകര ഭാഗത്തേക്കുള്ള റോഡ് അടയ്ക്കുകയും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന റോഡിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ഇതോടെ ഇവിടെ കുപ്പിക്കഴുത്തായി. കൂടാതെ പൂളേങ്കര നമ്പിക്കുളം സ്റ്റോപ്പ് മുതൽ അറപ്പുഴ വരെയുള്ള സർവീസ് റോഡ് പൂർണമായും അടയ്ക്കുകയും ചെയ്തു.
ഇതോടെ യാത്ര അതീവദുഷ്കരമായി മാറി. ഇതുവഴി പതിവായി സർവീസ് നടത്തിയിരുന്ന മെഡിക്കൽ കോളേജ്- രാമനാട്ടുകര ബസുകൾ സർവീസ് റോഡ് പൂർണമായി ഒഴിവാക്കി ദേശീയപാതയിലൂടെ നേരിട്ട് കടന്നുപോകാൻ തുടങ്ങിയതോടെ സ്പീഡ് ലൈനിൽ ബസിറങ്ങേണ്ട സ്ഥിതിയായി.
ഇതിനുപുറമേ, ഫറോക്ക്-ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗതാഗതം നിരോധിച്ചേക്കുമെന്നതരത്തിലുള്ള ആശങ്കകളും പ്രചാരണങ്ങളും ആറുവരിപ്പാതയിലെ വാഹനപ്പെരുപ്പത്തിന് ആക്കംകൂട്ടിയതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
നിയമലംഘനവും കുരുക്കേറ്റുന്നു
യാത്രക്കാരുടെ ഈ നരകയാതനയ്ക്ക് ആക്കംകൂട്ടുന്നതാണ് റോഡിലെ മറ്റുചില അശ്രദ്ധകൾ. അൽപ്പമൊന്ന് ക്ഷമയോടെ ക്യൂപാലിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂവെങ്കിലും ആരും നിയമംപാലിക്കാൻ തയ്യാറാകുന്നില്ല.
കർശനമായി ലൈൻട്രാഫിക് പാലിക്കാത്തതാണ് മറ്റൊരു പ്രധാനവിഷയം. ഒരു ലൈനിൽ കൃത്യമായി വാഹനങ്ങൾ കടന്നുപോയാൽ ഒരു കുരുക്കുമില്ലാതെ എല്ലാവർക്കും പോകാം. എന്നാൽ, ഇതൊന്നും വകവെക്കാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ തോന്നിയതുപോലെ ലൈൻ തെറ്റിച്ച് മുന്നോട്ടുകയറുന്നതാണ് ഗതാഗതസ്തംഭനം പൂർണമായും താറുമാറാക്കുന്നത്. പാലം നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി പ്രശ്നം വേഗത്തിൽ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Published: 05 Nov 2026, 03:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented