രാമനാട്ടുകര : മെഡിക്കൽ കോളേജ് കോഴിക്കോട് ഗവ. ഡെന്റൽ കോളേജ് ആശുപത്രിയിൽ എക്സ് റേ മെഷീനുകൾ പണിമുടക്കിയത് രോഗികളെ ദുരിതത്തിലാക്കുന്നു. മെഷീനുകൾ തകരാറിലായതോടെ അത്യാവശ്യ പരിശോധനകൾക്ക് പോലും പാവപ്പെട്ട രോഗികൾ പുറത്തുള്ള സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവുമാണ് ഉണ്ടാക്കുന്നത്.
ആശുപത്രിയിൽ കമ്യൂണിറ്റി ഡെന്റിസ്ട്രി ഉൾപ്പെടെ മൊത്തം ഒൻപത് വകുപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ ദിവസേന ഫ്രഷ് ഒ.പി. വിഭാഗത്തിൽ മാത്രം 150 ലധികം രോഗികൾ എത്തുന്നുണ്ട്. ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ഈ തിരക്ക് വീണ്ടും വർധിക്കാറുണ്ട്. ഇതിനുപുറമേ, തുടർ ചികിത്സക്കായി 500-ഓളം വരുന്ന റിവ്യൂ പേഷ്യൻസും ദിനംപ്രതിയെത്തുന്നു. ഇത്രയധികം വരുന്ന രോഗികളിൽ ഭൂരിഭാഗം പേർക്കും കൃത്യമായ രോഗനിർണയത്തിന് എക്സ് റേ അത്യാവശ്യ ഘടകമാണ്.
പണിമുടക്കി മെഷീനുകൾ
വ്യക്തിഗത പല്ലുകളുടെ വേരുകൾ, അണപ്പല്ലുകളുടെ ഘടന, അണുബാധകൾ എന്നിവ വ്യക്തമായി കാണാൻ സഹായിക്കുന്ന ഐ.ഒ.പി.എ. യൂണിറ്റുകളാണ് ഇവിടെ പ്രധാനമായും ആവശ്യമായി വരുന്നത്. ഡിജിറ്റൽ, ഫിലിം എന്നിങ്ങനെ രണ്ട് യൂണിറ്റുകൾ ഉണ്ടെങ്കിലും രണ്ടിന്റെയും അവസ്ഥ പരിതാപകരമാണ്.
ഫിലിം ഐ.ഒ.പി.എ. മെഷീനിന്റെ ട്യൂബ് ഹെഡ് തകരാറിലായതോടെ കഴിഞ്ഞ മേയ് മുതൽ ഈ മെഷീൻ പൂർണമായി പ്രവർത്തനരഹിതമാണ്.
10 വർഷം പഴക്കമുള്ള ഈ വിദേശ നിർമിത മെഷീന്റെ വാറന്റി കാലാവധി കഴിഞ്ഞതാണ്. ഇതിന്റെ ട്യൂബ് ഹെഡ് മാറ്റാൻ ഏകദേശം 3.5 ലക്ഷം രൂപയോളം ചെലവ് വരും. എന്നാൽ, വാറന്റി ഇല്ലാത്ത പഴയ മെഷീൻ ഇത്രയും പണം മുടക്കി നന്നാക്കുന്നതിനേക്കാൾ പുതിയത് വാങ്ങുന്നതാണ് ഉചിതമെന്നാണ് അധികൃതരുടെ പക്ഷം.
രണ്ടാമത്തെ മെഷീൻ ഡിജിറ്റൽ വിഭാഗത്തിൽ പ്പെട്ടതാണെങ്കിലും അതും ഏഴു വർഷം പഴക്കം ചെന്നതാണ്. രോഗികളുടെ ആധിക്യം കാരണം, എക്സ് റേ എടുക്കാവുന്ന നിശ്ചിത പരിധിയും കഴിഞ്ഞ് പ്രതിദിനം ഈ മെഷീൻ പ്രവർത്തിപ്പിക്കേണ്ടി വരുന്നു. ഇതേത്തുടർന്ന് മെഷീൻ അമിതമായി ചൂടാവുന്നത് കാരണം ഇടയ്ക്ക് പ്രവർത്തനം നിലയ്ക്കുന്നു. അതിനാൽ മണിക്കൂറുകളോളമാണ് എക്സ് റേയ്ക്കായി രോഗികൾ കാത്തിരിക്കുന്നത്. രണ്ട് താടികളുടെയും എല്ലാ പല്ലുകളുടെയും ഒറ്റ ഫ്രെയ്മിലുള്ള സമ്പൂർണ ചിത്രം ലഭിക്കാൻ ഉപയോഗിക്കുന്ന ഒ.പി.ജി. മെഷീനും കഴിഞ്ഞ ദിവസം പണിമുടക്കി.
കുട്ടികളുടെ കേസുകൾ ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യാൻ കുറഞ്ഞത് മൂന്ന് മെഷീനുകളെങ്കിലും വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനുള്ള ജീവനക്കാരും മെഷീൻ സ്ഥാപിക്കാനുള്ള സ്ഥലവും ആശുപത്രിയിലുണ്ടെങ്കിലും യന്ത്രങ്ങളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആശുപത്രിയിൽ 32 രൂപക്ക് ലഭിക്കേണ്ട സേവനം കിട്ടാതാകുമ്പോൾ പാവപ്പെട്ട രോഗികൾ പുറത്തുപോയി 150 മുതൽ 200 രൂപയോളം നൽകേണ്ടിവരുന്നു.
Published: 05 Nov 2026, 03:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented