കൊടുവള്ളി: ഡയാലിസിനുള്ള സഹായംതേടി റോഡരികിൽ പ്രത്യക്ഷപ്പെട്ട നിരാലംബരായ വൃക്കരോഗികളുടെ പോസ്റ്ററുകൾകണ്ട് ഏതാനും സുമനസ്സുകളുടെ മനസ്സിലുദിച്ച ആശയത്തിൽ നിന്നായിരുന്നു കൊടുവള്ളിയിലെ 'തണൽ' എന്ന ജീവകാരുണ്യസ്ഥാപനത്തിന്റെ പിറവി. ഡയാലിസിസിനുള്ള പണം കണ്ടെത്താനാകാതെ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടിവരുന്ന രോഗികളുടെ അവസ്ഥകണ്ട് മനസ്സലിഞ്ഞവർ 2019 സെപ്തംബറിൽ തുടക്കംകുറിച്ച ഈ സ്ഥാപനം ഏഴുവർഷംകൊണ്ട് കാരുണ്യത്തിന്റെ തണലേകിയത് ഒട്ടേറെ കുടുംബങ്ങൾക്കാണ്. നിലവിൽ മൂന്നു ഷിഫ്റ്റുകളിലായി 60 രോഗികൾക്ക് ചികിത്സനൽകുന്ന ഈ മാതൃകാ സ്ഥാപനം, നാളിതുവരെ 113 രോഗികൾക്കായി സൗജന്യമായി ലഭ്യമാക്കിയത് 54,466 ഡയാലിസിസ് സെഷനുകളാണ്.

To advertise here,

വൃക്കരോഗം ബാധിക്കുന്നതോടെ രോഗിയും കുടുംബവും നേരിടുന്നത് വലിയ സാമ്പത്തികപ്രതിസന്ധി കൂടിയാണ്. ജീവിതകാലം മുഴുവൻ തുടരേണ്ടിവരുന്ന ചികിത്സയുടെ ചെലവ് സാധാരണക്കാരായ കുടുംബങ്ങൾക്ക് താങ്ങാനാവാത്തതാണ്.

പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങരുതെന്ന ലക്ഷ്യത്തോടെ നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉൾപ്പെടെയുള്ള സഹായങ്ങളാണ് ‘തണൽ’ നൽകുന്നത്.

എന്നാൽ, ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത് വലിയ സാമ്പത്തിക ബാധ്യതകൾക്കിടയിലാണ്. ചികിത്സാ ഉപകരണങ്ങൾ, മരുന്നുകൾ, വൈദ്യുതി, വെള്ളം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകൾക്കു പുറ​േമ സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വാടകയും നൽകണം. പ്രതിമാസം 75,000 രൂപയാണ് വാടക. ഉദാരമതികളുടെയും സന്നദ്ധപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും സഹായമാണ് പ്രവർത്തനങ്ങൾക്ക് കരുത്താകുന്നത്. സർക്കാരിന്റെ ആയുഷ്, കാരുണ്യ, സ്നേഹസ്പർശം പദ്ധതികളിൽനിന്നും സഹായം ലഭിക്കുന്നുണ്ട്.

ജന്മദിനം, വിവാഹം തുടങ്ങിയ സന്തോഷവേളകളിൽ സംഭാവന നൽകുന്നവരും ഏറെയാണ്. ഡയാലിസിസ് ചികിത്സയ്ക്കപ്പുറം കുട്ടികളുടെ പരിചരണത്തിനും വികാസത്തിനും വിദ്യാഭ്യാസത്തിനും തണൽ പ്രാധാന്യം നൽകുന്നു. ഏർലി ഇന്റർവെൻഷൻ സെന്ററിലൂടെ 120 കുട്ടികൾ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രൊപ്രൈറ്ററി സ്കൂളിൽ 12 കുട്ടികളും പഠിക്കുന്നു.

രോഗചികിത്സയ്ക്കൊപ്പം പ്രതിരോധത്തിനും പ്രാധാന്യംനൽകുകയാണ് 'കിഡ്നി രോഗികളില്ലാത്ത കൊടുവള്ളി' എന്ന കാംപെയ്നിലൂടെ. വൃക്കരോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.

ഏഴുവർഷംകൊണ്ട് തണൽ പകർന്നത് ചികിത്സയുടെ ആശ്വാസം മാത്രമല്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രതീക്ഷകൂടിയാണ്.

വാടകക്കെട്ടിടത്തിലെ പരിമിതികൾക്കിടയിലും സേവനംതുടരുന്ന സ്ഥാപനത്തിന് പ്രവർത്തനം വിപുലീകരിക്കാൻ ഇനിയും പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. ജീവിതത്തിന്റെ വെയിലിൽ തളരുന്നവർക്ക് പേരുപോലെതന്നെ തണലൊരുക്കുകയാണ് കൊടുവള്ളിയിലെ ഈ കാരുണ്യകേന്ദ്രം.

‘വൃക്കരോഗികളില്ലാത്ത കൊടുവള്ളി’ എന്നതാണ് തണൽ കൊടുവള്ളിയുടെ ലക്ഷ്യം. വൃക്കരോഗം നേരത്തേ തിരിച്ചറിയുന്നതിനുള്ള പരിശോധനകളും രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു. കൂടുതൽ രോഗികൾക്ക് ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.

ഒ.ടി. സുലൈമാൻ

(തണൽ കൊടുവള്ളി)

 

കൊടുവള്ളി തണൽ ഡയാലിസിസ് സെന്റർ മികച്ചസേവനവും സൗകര്യങ്ങളും നൽകി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ്മയിൽ മുന്നോട്ടുപോകുന്ന ഈ സംരംഭത്തിന് തുടർന്നും എല്ലാവരുടെയും പ്രാർഥനയും സഹായസഹകരണങ്ങളും ഉണ്ടാകട്ടെ. പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സംഘാടകർക്ക് സാധിക്കട്ടെ.

അബ്ദുൽ റസാഖ്

(ഡയാലിസിസ് ചികിത്സയിലുള്ളയാൾ)