കൊടിയത്തൂർ : ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം നവീകരണപ്രവൃത്തി മുടങ്ങിയിട്ട് മാസങ്ങളായി. സ്റ്റേഡിയത്തിന്റെ സമീപത്തെ സ്ഥലം സംബന്ധിച്ച് തർക്കമുണ്ടാവുകയും സ്വകാര്യവ്യക്തി കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവൃത്തി നിർത്തിവെച്ചത്. ‘പഞ്ചായത്തിൽ ഒരു സ്റ്റേഡിയം’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ എം.എൽ.എ. ലിന്റോ ജോസഫിന്റെ ഫണ്ടും സ്പോർട്സ് കൗൺസിലിന്റെ ഫണ്ടും വകയയിരുത്തി ഒരുകോടി രൂപ ചിലവിലാണ് ചെറുവാടി സ്റ്റേഡിയം ആധുനികരീതിയിൽ നവീകരിക്കുന്നത്. ഫുട്ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ഫ്ലഡ് ലൈറ്റ്, സ്റ്റേജ്, സ്റ്റേഡിയത്തിന് ചുറ്റും ഫെൻസിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നവീകരണപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒട്ടേറെ ഫുട്ബോൾ ടൂർണമെന്റുകൾ നടക്കുന്ന നാടാണ് ചെറുവാടി. സ്കൂൾ കായികമേളകൾ, ചെറുവാടി ഫെസ്റ്റ് പോലുള്ള സാംസ്കാരികപരിപാടികൾ, കായികതാരങ്ങൾക്ക് പരിശീലനം തുടങ്ങിയവയ്ക്കെല്ലാം ഉപകാരപ്പെടും എന്നതിനാൽ നാട്ടുകാർ വലിയ പ്രതീക്ഷയോടെയാണ് സ്റ്റേഡിയം നവീകരണം കാത്തിരിക്കുന്നത്.

To advertise here,

ബന്ധപ്പെട്ടവർ എത്രയുംപെട്ടെന്ന് പ്രശ്നം പരിഹരിച്ച് സ്റ്റേഡിയം പ്രവൃത്തി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രവൃത്തി മുടങ്ങിയതിനാൽ വരാനിരിക്കുന്ന കായികസീസണും മറ്റു സാംസ്കാരികപരിപാടികളും നഷ്ടമാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ചെറുവാടി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കായികമേളകൾക്കും പരിശീലനത്തിനും സ്കൂൾ കായികമേളകൾക്കും മറ്റു പ്രാക്ടീസിനുമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്റ്റേഡിയമാണ് പ്രവൃത്തി നിലച്ചു കിടക്കുന്നത്. സ്റ്റേഡിയത്തിന്റെ സമീപസ്ഥലത്തെ തർക്കപരിഹാരത്തിന് ശ്രമങ്ങൾ നടന്നിരുന്നെങ്കിലും വിജയംകാണാതെ കേസിലേക്ക് നീങ്ങുകയായിരുന്നു.