കോടഞ്ചേരി : ഹരിതഭംഗിയും പാറക്കൂട്ടങ്ങളും തെളിഞ്ഞ നീരൊഴുക്കുമുള്ള ഇരുവഞ്ഞിപ്പുഴയുടെ പതങ്കയം ഭാഗം നിങ്ങളെ മോഹിപ്പിക്കും, പക്ഷേ, ചതിക്കുകയും ചെയ്യും. തെളിഞ്ഞ മാനംകണ്ട് പുഴയിൽ ഇറങ്ങുന്ന സഞ്ചാരികൾ അപ്രതീക്ഷിതമായി ആർത്തിരമ്പിയെത്തുന്ന മലവെള്ളപ്പാച്ചിലിൽ കുടുങ്ങുന്നത് തുടർക്കഥയാണ്. ഈ സങ്കടപരമ്പരയിലെ ഒടുവിലത്തെ ഇരയാണ്, ചൊവ്വാഴ്ച ഇവിടെ ഒഴുക്കിൽപ്പെട്ട് മരിച്ച മലപ്പുറം കിഴിശ്ശേരി സ്വദേശിനി ജസ്‌ന.
പതങ്കയത്തിന് സമീപമുള്ള കാലംപാറയിൽ ഇവർ എത്തുമ്പോൾ പ്രസന്നമായ കാലാവസ്ഥയായിരുന്നു. നീരൊഴുക്ക് കുറഞ്ഞ പുഴയിൽ കല്ലിൽ ഇരിക്കുമ്പോഴാണ്, വനമേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായത്. ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയായ എടത്തറ പുഴയിലൂടെ എത്തിയ മലവെള്ളപ്പാച്ചിലാണ് ജസ്‌നയുടെ ജീവനെടുത്തത്. ഇരുവഞ്ഞിപ്പുഴയിലൂടെ എത്തിയ വലിയൊരളവ് വെള്ളം മുകൾഭാഗത്തുള്ള സ്വകാര്യ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിലേക്ക് എത്തിയതിനാൽ താഴേക്ക് താരതമ്യേന നീരൊഴുക്ക് കുറവായിരുന്നു. അതിനാൽ മറ്റുള്ളവർക്ക് കരപറ്റാനായി. അല്ലായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കൂടുമായിരുന്നെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെടെ ഒൻപത് പേർ ഉൾപ്പെടുന്ന സംഘമാണ് വൈകുന്നേരം പുഴക്കരയിൽ എത്തിയത്. ഇവരിൽ കുട്ടികളും ഉണ്ടായിരുന്നു. നീരൊഴുക്ക് നന്നേ കുറഞ്ഞ പുഴയിൽ പാറക്കല്ലിൽ ഇരിക്കുകയായിരുന്നു ഇവരെല്ലാം. ഇരമ്പിയെത്തിയ മലവെള്ളപ്പാച്ചിൽ കണ്ട് കുട്ടികളെ കരയിലേക്ക് രക്ഷപ്പെടുത്താനുള്ള വ്യഗ്രതയിലാണ് ജസ്‌ന ഒഴുക്കിൽപ്പെട്ടത്.
പതങ്കയം, അരിപ്പാറ, കാലംപാറ പ്രദേശത്ത് രണ്ടു ദശകത്തിനുള്ളിൽ 32 പേരുടെ ജീവൻ പൊലിഞ്ഞതായാണ് കണക്ക്. അപകടക്കയങ്ങൾ നിറഞ്ഞ പതങ്കയം ഭാഗത്താണ് ഇവരിൽ ഏറെേപ്പരും മുങ്ങിത്താണത്. ചൊവ്വാഴ്ച അപകടമുണ്ടായ ഭാഗം ഇതിന് തൊട്ടുമുകളിലാണ്. ശക്തമായ നീരൊഴുക്കിൽ മൃതദേഹം 200 മീറ്ററിലേറെ ഒഴുകി പതങ്കയത്ത് എത്തിയിരുന്നു.
പതങ്കയത്ത് പുഴയിലിറങ്ങുന്നതിന് നിരോധനം നിലനിൽക്കുന്നുണ്ട്. പതങ്കയം സംരക്ഷണ സമിതി പ്രവർത്തകരും നിരീക്ഷണത്തിന് ഇവിടെയുണ്ട്. എന്നാൽ, പുഴയുടെ മറ്റു ഭാഗങ്ങളിൽ ഊടുവഴികളിലൂടെ എത്തുന്നവരെ തടയാൻ ഒരു മാർഗവുമില്ല. ഇങ്ങനെയെത്തുന്നവർ അപകടത്തിൽപ്പെട്ടാൽ പ്രദേശവാസികൾ അറിയാനും വൈകും. ‘ഉല്ലാസമൂഡിൽ’ എത്തുന്നവരോട് അപകടസാധ്യതയെക്കുറിച്ച് നാട്ടുകാർ പറഞ്ഞാലും അവർ വകവെക്കാറില്ല.
കെണിയൊരുക്കുന്ന പാറക്കൂട്ടങ്ങൾ
കാഠിന്യവും മിനുസമേറിയതുമായ ഇവിടത്തെ പാറക്കൂട്ടങ്ങൾ മഴക്കാലത്തും വേനൽക്കാലത്തും അപകടെക്കണിയൊരുക്കും. വെള്ളത്തിന്റെ കൂടിയ തണുപ്പും അടിത്തട്ടിലെ കരിങ്കൽക്കൂട്ടവും ചുഴികളും നീന്തൽ വശമുള്ളവരെയും ചതിക്കും.
അടിത്തട്ടിലെ പാറക്കൂട്ടങ്ങൾക്കിടയിൽ കാല് കുരുങ്ങി ഉയർന്നു വരാത്ത തരത്തിൽ ചതിയിൽ പെടും. കൂറ്റൻ പാറക്കെട്ടുകളിൽ നിന്നും കയത്തിലേക്ക് എടുത്തുചാടുമ്പോഴും സെൽഫി എടുക്കുമ്പോൾ കാൽ വഴുതിവീണും ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. പുഴയുടെ ഈ ഭാഗത്തെ ഭൂമിശാസ്ത്രം അറിയാതെ പുറത്തുനിന്ന് എത്തുന്നവരാണ് ഇവിടെ അപകടത്തിൽപ്പെടുന്നവർ. പുഴയിലെ വിനോദസഞ്ചാരം പ്രദേശവാസികൾക്കും അധികൃതർക്കും ഒരുപോലെ തലവേദന ആയിരിക്കുകയാണ്.
Published: 17 Sept 2026, 03:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented