ആദ്യ ഏഴുദിവസം കുത്തനൂർകനാലിലേക്ക്‌

To advertise here,

രണ്ടാമൂഴത്തിൽ പല്ലശ്ശന കനാലിലേക്ക്‌

ആലത്തൂർ : കതിരായ ഒന്നാംവിള നെൽക്കൃഷി രക്ഷിച്ചെടുക്കാൻ മലമ്പുഴ ഇടതുകര കനാൽ ബുധനാഴ്ച രാവിലെ എട്ടരയോടെ തുറന്നു. സെക്കൻഡിൽ 100 ഘനയടി വെള്ളമാണ് കനാലിലേക്ക്‌ ഒഴുക്കുന്നത്. വ്യാഴാഴ്ച രാവിലെ ഇത് 200 ഘനയടിയായി ഉയർത്തുമെന്ന് മലമ്പുഴ കനാൽ വിഭാഗം എൻജിനിയർമാർ വ്യക്തമാക്കി. ഒറ്റയടിക്ക് വെള്ളം തുറന്നുവിട്ടാൽ അറ്റകുറ്റപ്പണി പൂർണമാകാത്ത കനാൽ പൊട്ടാൻ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം. കനാലിലെ നീരൊഴുക്ക് ബുധനാഴ്ച വൈകീട്ട് കരിങ്കരപ്പുള്ളി ഭാഗം പിന്നിട്ടു. വ്യാഴാഴ്ച രാവിലെ കൊടുവായൂരിൽ എത്തുമെന്നാണ് പ്രതീക്ഷ.

കൊടുവായൂരിൽനിന്ന് ഉപകനാലിലൂടെ മാനാങ്കുളമ്പ്, ചിതലി, കുത്തനൂർ, തരൂർ ഭാഗത്തേക്ക്‌ ആദ്യത്തെ ഏഴുദിവസം വെള്ളമൊഴുക്കും. രണ്ടാം ഊഴത്തിൽ കാക്കയൂർ, പല്ലശ്ശന, കുനിശ്ശേരി, എരിമയൂർ ഭാഗത്തേക്ക്‌ വെള്ളമെത്തും. 15 മുതൽ 18 ദിവസംവരെ വെള്ളം തുറക്കാനാണ് തീരുമാനം. 14 ദിവസത്തിനുശേഷം അണക്കെട്ടിൽ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവും വെള്ളം പാടശേഖരങ്ങളിൽ എത്രത്തോളം എത്തുന്നുവെന്നും വിലയിരുത്തും. വെള്ളം കുറവായതിനാൽ ഗായത്രിപ്പുഴയിലേക്ക്‌ വെള്ളമിറക്കി ചേരാമംഗലം ആറ്റാല തടയണ ഇത്തവണ നിറയ്ക്കില്ല.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി മലമ്പുഴ പ്രധാന കനാൽ മണ്ണുമാന്ത്രിയന്ത്രം ഇറക്കി അടിയന്തരമായി തടസ്സങ്ങൾ നീക്കിയിരുന്നു. കല്ലേപ്പുള്ളി നെറുകക്കാട് ഭാഗത്ത് കനാലിൽ നിർമിക്കുന്ന പാലത്തിന്റെ സ്ലാബ് യുദ്ധകാലാടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് വാർത്തതോടെയാണ് കനാൽതുറക്കാനുള്ള അന്തിമ തീരുമാനമെടുത്തത്.

ഉപകനാലുകളിലെയും കാഡാ കനാലുകളിലെയും തടസ്സങ്ങൾ നീക്കുന്നത് പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ വെള്ളം പാടശേഖരങ്ങളിൽ എത്രത്തോളം എത്തുമെന്ന് ഉറപ്പില്ല. പാടങ്ങൾ പൊതുവേ വറ്റി വിണ്ടുകീറി. കുഴൽക്കിണറും മറ്റുസൗകര്യങ്ങളുമുള്ളവർ വെള്ളം പമ്പുചെയ്യുന്നുണ്ട്. കുഴൽമന്ദം പ്രദേശത്ത് കതിർ ഉണങ്ങിത്തുടങ്ങി. രണ്ടാഴ്ചകൂടി കഴിഞ്ഞാൽ കൊയ്ത്ത് തുടങ്ങാം. അതുവരെ കൃഷി ഉണങ്ങാതെ നിൽക്കണമെന്നതാണ് കർഷകരുടെ ആവശ്യം.