നടുവണ്ണൂർ : മൂന്നുഭാഗവും പുഴകളാൽ ചുറ്റപ്പെട്ട് തോണിമാത്രം ആശ്രയിച്ച് യാത്രാദുരിതം നേരിടുന്ന നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ അയനിക്കാട് നിവാസികൾക്കായി രാമൻപുഴയിലെ കൊയമ്പ്രത്ത്കണ്ടിക്കടവിൽ പൊതുമരാമത്തുവകുപ്പിന്റെ പാലമുയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട റോഡുനിർമാണം പാതി വഴിയിൽ. ഉള്ളിയേരി, നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഏഴുമാസം മുൻപ് പാലം പണിതത്. ഉള്ളിയേരി പഞ്ചായത്ത് പരിധിയിൽ 80 മീറ്റർ അനുബന്ധറോഡ് ഭാഗികമായി പണിതിട്ടുണ്ട്. റോഡ് പാലത്തിൽ ചേരുന്നഭാഗം മൂന്നുമീറ്റർ നീളത്തിൽ കോൺക്രീറ്റ്ചെയ്തുറപ്പിക്കുന്ന ജോലിയും റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നതിനുള്ള ജി.എസ്.ബി. പാളിനിർമിച്ച് അതിൻമേൽ ടാറിങ് ചെയ്യാനുള്ള പ്രവൃത്തിയുംമാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതും നടന്നുവരുകയാണ്. നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ അനുബന്ധറോഡ് പൂർത്തിയായിട്ടില്ല. ഇവിടെ റോഡുപണിയുന്ന ഭാഗത്തെ ചതുപ്പുനിലം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി തെങ്ങിൻതടികൾ കുത്തനെ അടിച്ചിറക്കി മണ്ണിട്ടുയർത്തിയിട്ടുണ്ട്. വശങ്ങളും കെട്ടിയുയർത്തി ബലപ്പെടുത്തിയിട്ടുണ്ട്. ഇവിടെ റോഡ് പാലത്തിലേക്ക് ചേരുന്നഭാഗം മൂന്നു മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തുറപ്പിക്കുന്ന ജോലിയും റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നതിനുള്ള ജി.എസ്.ബി. പാളിനിർമിച്ച് അതിൻമേൽ ടാറിങ് ചെയ്യാനുള്ള പ്രവൃത്തിയും മാത്രമേ ചെയ്യാനുള്ളൂ. അയനിക്കാട്ടുള്ള കോട്ടക്കൽ ഭാഗംവരെയാണ് അനുബന്ധറോഡ് പണിയുന്നത്. കോൺക്രീറ്റ് പാലവും അനുബന്ധറോഡുകളും 4.3 കോടി രൂപ ചെലവിലാണ് ഒരുങ്ങുന്നത്. 59.4 മീറ്റർ നീളത്തിൽ രണ്ട് സ്പാനുകളുള്ള കോൺക്രീറ്റ് പാലമാണ് പൂർത്തിയായത്. 7.5 മീറ്റർ വീതിയുള്ള പാലത്തിന്റെ വടക്കുവശത്ത് 1.2 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. ഇരുവശവും കോൺക്രീറ്റ് കൈവരിയും പണിതിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണംനടത്തുന്നത്.
രണ്ടുകിലോമീറ്ററോളം റോഡില്ല
നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ അനുബന്ധ റോഡവസാനിക്കുന്ന കോട്ടക്കൽ ഭാഗം മുതൽ മെയിൻ റോഡുള്ള മന്ദങ്കാവിലെ മക്കാട്ടുഭാഗം വരെ രണ്ടുകിലോമീറ്ററോളം റോഡില്ല. മൂന്നുഭാഗവും പുഴകളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ചെളിയും വെള്ളക്കെട്ടും കണ്ടൽച്ചെടികളും നിറഞ്ഞ ദുർഘടമായ വഴി മാത്രമാണുള്ളത്. സഞ്ചാരയോഗ്യമല്ലാത്ത ഈ വഴിയിലൂടെയാണ് അയനിക്കാട് നിവാസികൾ കൊയമ്പ്രത്തുകണ്ടിക്കടവിലേക്കും തിരികെ മന്ദങ്കാവിലേക്കും നടന്നുപോകുന്നത്. ഇവിടെ സ്വകാര്യവ്യക്തികളുടെ സ്ഥലത്തുകൂടെയാണ് റോഡ് നിർമിക്കേണ്ടത്. എട്ടുമീറ്റർ വീതിയിലുള്ള റോഡ് നിർമാണത്തിന് പത്തിലധികം ഉടമകളുടെ സ്ഥലം ലഭ്യമാകണം. നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിക്കാലത്ത് ഉടമകളെ നേരിൽക്കണ്ട് റോഡു നിർമാണത്തിന് സ്ഥലംവിട്ടുനൽകണമെന്ന് അഭ്യർഥിച്ചിരുന്നു. അനുമതി ലഭിച്ചാൽ മാത്രമേ റോഡു നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ കഴിയുകയുള്ളൂ. വെള്ളക്കെട്ടും നീർച്ചാലുകളുമുള്ള ഭാഗമായതിനാൽ വലിയതോതിൽ നിർമാണച്ചെലവ് വരും.
അലൈൻമെന്റ് ആയില്ല
പാലംപണി പൂർത്തിയായിട്ടും അയനിക്കാട് ഭാഗം രണ്ടു മീറ്ററോളം റോഡു നിർമിക്കുന്നതിനുള്ള അലൈൻമെന്റ് തയ്യാറാക്കുന്ന പ്രവൃത്തി സർക്കാർ തലത്തിലോ ത്രിതല പഞ്ചായത്തുതലത്തിലോ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
അലൈൻമെന്റ് പൂർത്തിയായാൽ മാത്രമേ ഏതെല്ലാം സ്വകാര്യവ്യക്തികളുടെ സ്ഥലം വിട്ടുകിട്ടണമെന്ന് ധാരണപ്രകാരം അടങ്കൽ തയ്യാറാക്കാൻ കഴിയുകയുള്ളൂ. വളവും തിരിവുമില്ലാത്ത റോഡു നിർമിച്ചാൽ ഉള്ളിയേരിയിൽനിന്ന് മന്ദങ്കാവിലേക്കുള്ള യാത്ര എളുപ്പവും സുരക്ഷിതവുമാവും. മന്ദങ്കാവ് കേരഫെഡ് ഉൾപ്പെടെയുള്ള വ്യവസായകേന്ദ്രത്തിലേക്കുള്ള ചരക്കുനീക്കവും എളുപ്പമാകും.
Published: 17 Sept 2026, 03:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented