വടകരയിലെ ഗതാഗതനിയന്ത്രണം

To advertise here,

വടകര : വടകര ബൈപ്പാസിലെ സർവീസ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം ജനങ്ങളെ മുൻകൂട്ടി അറിയിക്കുന്നതിൽ വീഴ്ച. ഭൂരിഭാഗം യാത്രക്കാരും വാഹനങ്ങളും നിയന്ത്രണം തുടങ്ങിയശേഷം വ്യാഴാഴ്ച രാവിലെയാണ് വിവരമറിയുന്നത്. സാധാരണ പഞ്ചായത്ത് റോഡ് അടയ്ക്കുമ്പോൾപോലും രണ്ടുദിവസംമുൻപ്‌ വിവരം പത്രക്കുറിപ്പിലൂടെ അറിയിക്കും. എന്നാൽ, വടകര പോലീസ് ഇതുസംബന്ധിച്ച് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയില്ല.

അങ്ങോട്ടുബന്ധപ്പെട്ടപ്പോൾ മാത്രമാണ് ചില മാധ്യമങ്ങൾക്ക് വിവരം ലഭിച്ചത്. അതാകട്ടെ പിന്നീട് തിരുത്തുകയും ചെയ്തു. ഒരുവിഭാഗം ദൃശ്യമാധ്യമങ്ങൾ സമീപിച്ചപ്പോൾ ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാൻ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഒടുവിൽ ബുധനാഴ്ച രാത്രി ഏറെവൈകിയാണ് പോലീസ് ഒരു വീഡിയോ പുറത്തിറക്കിയത്. വൈകിയതിനാൽ ഇത് ജനങ്ങളിലേക്ക് എത്തിയുമില്ല. നേരത്തേ ഈ വിവരം പ്രചരിച്ചിരുന്നെങ്കിൽ വലിയ ചരക്കുലോറികൾക്കും സ്വകാര്യവാഹനങ്ങൾക്കും വഴിമാറിപ്പോകാൻ അവസരം ലഭിക്കുമായിരുന്നു.

വേണ്ടത്ര ആലോചനകളില്ലാതെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്. ആദ്യം തീരുമാനിച്ചത് കണ്ണൂർ ഭാഗത്തുനിന്ന്‌ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ പെരുവാട്ടുംതാഴയിൽനിന്നും പഴയ സ്റ്റാൻഡ് വഴി കരിമ്പനപ്പാലത്തേക്ക് പോകാനാണ്. എന്നാൽ, പിന്നീട് ഇത് മാറ്റി. ഈ വാഹനങ്ങളെ ദേശീയപാതയിലെ പടിഞ്ഞാറുവശത്തെ സർവീസ് റോഡ് വഴിതന്നെ കടത്തിവിട്ടു. കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ സ്റ്റാൻഡ് വഴിയും പോയി.

ഇതെല്ലാം ആശയക്കുഴപ്പം സൃഷ്ടിച്ചു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതുമൂലം ഏറെ വലഞ്ഞു. പഴയ സ്റ്റാൻഡ് ഗതാഗതക്കുരുക്കിലമർന്നു. പ്രധാനകേന്ദ്രങ്ങളിലെല്ലാം പോലീസിനെ നിർത്തിയെങ്കിലും വലിയ ചരക്കുലോറികൾ തിരക്കേറിയ പഴയസ്റ്റാൻഡ് റോഡുവഴി വന്നതോടെ കുരുക്ക് മുറുകി.

സർവീസ് റോഡ് നവീകരണം തുടങ്ങി

ഏറെക്കാലമായി ആവശ്യപ്പെടുന്ന വടകരയിലെ സർവീസ് റോഡുകളുടെ നവീകരണം തുടങ്ങി. ആദ്യഘട്ടമെന്നനിലയിൽ ആശ ആശുപത്രി പരിസരം മുതൽ പുതിയസ്റ്റാൻഡ് ഭാഗംവരെയുള്ള സർവീസ് റോഡാണ് പൂർണമായും ഗതാഗതയോഗ്യമാക്കുന്നത്.

നിലവിലുള്ള ടാറിങ് പൊളിച്ച് റോഡ് നിരപ്പാക്കുന്ന ജോലിയാണ് വ്യാഴാഴ്ച നടന്നത്. രാത്രിയോടെ ടാറിങ്ങും തുടങ്ങി. ഇതിനിടെ മഴപെയ്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

നാദാപുരം റൂട്ടിലും ഗതാഗതക്കുരുക്ക്

നാദാപുരം : വടകര ബൈപ്പാസിലെ സർവീസ് റോഡിന്റെ ടാറിങ് ജോലി നടക്കുന്നതുമൂലം ദേശീയപാതയിലെ ഗതാഗതനിയന്ത്രണം വന്നതോടെ നാദാപുരം -കല്ലാച്ചി സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

രണ്ടുദിവസമാണ് വടകരയിൽ ഗതാഗതനിയന്ത്രണമുള്ളത്. കോഴിക്കോട്ടുനിന്ന്‌ തലശ്ശേരി ഭാഗത്തേക്കുളള വലിയ ലോറികൾ സാധാരണ വടകര വഴിയാണ് സഞ്ചരിക്കാറുള്ളത്. എന്നാൽ, വടകരയിലെ ഗതാഗതനിയന്ത്രണം മൂലം ടാങ്കർലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുറ്റ്യാടി വഴി നാദാപുരം ടൗണിലൂടെയാണ് സഞ്ചരിക്കുന്നത്.

കൈനാട്ടി വഴി തലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങളും നാദാപുരം, പെരിങ്ങത്തൂർ വഴി സഞ്ചരിക്കുന്ന വാഹനങ്ങളുമുണ്ട്. നാദാപുരം, കല്ലാച്ചി ടൗണുകളിലെ കുഴികൾ മൂലം ഗതാഗതക്കുരുക്ക് പതിവുകാഴ്ചയാണ്.

അതിനിടയിൽ വലിയ വാഹനങ്ങൾ കൂടി വന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെയും ഹോംഗാർഡിനെയും വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച നാദാപുരം ഭാഗത്ത് വൈകുന്നേരം പെയ്ത ശക്തമായ മഴമൂലം ഗതാഗക്കുരുക്ക് ഒഴിവാക്കാൻ ഏറെ സമയമെടുത്തു.