താമരശ്ശേരി : മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ പൊതു ആതുരാലയം ഇനിമുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് (ആസ്ഥാന) ആശുപത്രി. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയെയാണ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി സംസ്ഥാന ആരോഗ്യവകുപ്പ് ഉയർത്തിയത്. ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ സെക്രട്ടറി ദീപാ സുരേന്ദ്രൻ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് ഉൾപ്പെടെ 47 തസ്തികകളും അനുവദിച്ചു. ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജനങ്ങളും ജനപ്രതിനിധികളും സംഘടനകളുമെല്ലാം വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയെ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയായി ഉയർത്തുമെന്ന് ഇക്കഴിഞ്ഞ ജൂൺ ഒൻപതിന് കോഴിക്കോട്ട് നടന്ന കായകല്പം ജനസമ്പർക്കപരിപാടിക്കിടെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് പി.കെ. ഫിറോസ് എം.എൽ.എ. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകുകയായിരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളും കൊടുവള്ളിയിലെ മുൻ എം.എൽ.എ.മാരുമെല്ലാം ഇക്കാര്യം ഉന്നയിച്ച് കാലാകാലങ്ങളിൽ നിവേദനം നൽകിയിരുന്നു.
താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയാവുന്നതോടെ ഭരണപരമായ പദവിയിലും ചികിത്സാസൗകര്യങ്ങളിലും കാര്യമായ മാറ്റങ്ങൾവരും. മാത്രമല്ല താലൂക്ക്തല റഫറൽകേന്ദ്രമായും മാറും. നിലവിൽ 110 കിടക്കകളുള്ള ആശുപത്രിയിലെ കിടക്കകളുടെയും സ്പെഷ്യലിറ്റി ചികിത്സാ വിഭാഗങ്ങളുടെയും എണ്ണം വർധിക്കും. കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ, മെഡിക്കൽ-പാരാമെഡിക്കൽ ജീവനക്കാർ, അടിയന്തര-തീവ്രപരിചരണ സൗകര്യങ്ങൾ, രോഗനിർണയ സൗകര്യങ്ങൾ എന്നിവയും വർധിക്കും.
1927-ൽ ബ്രിട്ടീഷ് ഭരണകാലത്ത് റൂറൽ ഡിസ്പെൻസറിയായി സ്ഥാപിക്കപ്പെട്ട് 2002-ൽ കുടുംബാരോഗ്യകേന്ദ്രമായി മാറിയ ഈ ആശുപത്രി 2008-ലാണ് താലൂക്ക് ആശുപത്രിയാവുന്നത്. താലൂക്ക് ആശുപത്രിയായായെങ്കിലും സി.എച്ച്.സി. നിലവാരത്തിന് അല്പം മുകളിൽമാത്രമാണ് നിലവിൽ സ്റ്റാഫ് പാറ്റേൺ. ആർദ്രം മിഷൻ പ്രകാരം സ്പെഷ്യാലിറ്റി യൂണിറ്റുകളുള്ള താലൂക്ക് ആശുപത്രികളിൽ 31 ഡോക്ടർമാരും നാല്പത് സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ 100 പാരമെഡിക്കൽ-ഇതരവിഭാഗം ജീവനക്കാരുമാണ് വേണ്ടത്. എന്നാൽ, നിലവിൽ 16 ഡോക്ടർമാർ ഉൾപ്പെടെ 62 പേരെയാണ് ഇവിടെ പി.എസ്.സി. മുഖേന നിയമിച്ചിരിക്കുന്നത്. അനുവദിക്കപ്പെട്ട 71 തസ്തികകളിൽ ഒൻപത് ഒഴിവുകൾ നികത്താനുമുണ്ട്.
ഭാവി വികസനത്തിന് മുതൽക്കൂട്ടാവും
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയെ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തിയുള്ള സർക്കാർ ഉത്തരവ് ആശുപത്രിയുടെ ഭാവി വികസനത്തിന് വലിയ മുതൽക്കൂട്ടാവും. ചികിത്സാസംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും അടിസ്ഥാനസൗകര്യ വികസനത്തിന് പുതിയ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്യും.
പി.കെ. ഫിറോസ്
എം.എൽ.എ.
Published: 25 Sept 2026, 03:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented