കുറ്റ്യാടി : കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ സ്പെഷ്യൽ ഓർഡർ പ്രകാരം 28 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം അനുവദിച്ചതിനെതിേര എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.സ്കൂളിലേക്ക് നടത്തിയ മാർച്ച് പോലീസ് പ്രധാനകവാടത്തിൽ തടഞ്ഞതോടെയാണ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ സ്കൂൾ ഗേറ്റ് ഇളകിമാറി. സ്കൂൾ വളപ്പിൽ പ്രവേശിച്ച പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ മറ്റ് അധ്യാപകരുമായി പ്രതിഷേധക്കാർ ചർച്ചനടത്തി.അലോട്ട്മെന്റ് വഴി അർഹരായ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ, വൈകിയ സമയത്ത് 28 പേർക്ക് സ്പെഷ്യൽ ഓർഡർ പ്രകാരം പ്രവേശനം അനുവദിച്ചതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. രണ്ടുദിവസത്തിനകം വിഷയത്തിൽ വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മുന്നറിയിപ്പുനൽകി. ഏകജാലക പ്രവേശന സംവിധാനം അട്ടിമറിച്ചും ഭരണസ്വാധീനം ഉപയോഗിച്ചുമാണ് കൂട്ടത്തോടെ സ്പെഷ്യൽ ഓർഡർ വഴി പ്രവേശനം അനുവദിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. ഡി.വൈ.എഫ്.ഐ. കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി കെ. രിജിൽ, പ്രസിഡൻറ് വി.ആർ. വിജിത്ത്, എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി അഭിരാം പ്രകാശ്, പ്രസിഡൻറ് അബി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിലേക്ക് മാർച്ച് നടത്തിയത്.
ആസൂത്രിതമെന്ന് കോൺഗ്രസ്
സ്കൂൾ വിഷയത്തിൽ എം.എൽ.എ.ക്കെതിേര വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമിട്ടാണ് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. സമരം നടത്തുന്നതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പരമാവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുകയെന്നതാണ് സർക്കാർ നയമെന്നും, ഇതിന്റെ ഭാഗമായി പ്രവേശന സൗകര്യങ്ങൾ ഒരുക്കിയതിൽ രാഷ്ട്രീയവിവാദം സൃഷ്ടിക്കേണ്ടതില്ലെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് സംസാരിച്ചു. ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിേര ശക്തമായ നടപടിസ്വീകരിക്കണമെന്ന് കുറ്റ്യാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. വി.പി. മൊയ്തു അധ്യക്ഷതവഹിച്ചു.
നടപടി സ്വീകരിക്കണം
: സ്കൂളിൽ സ്പെഷ്യൽ ഓർഡർ അഡ്മിഷനുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സ്കൂളിലേക്ക് അതിക്രമിച്ചു കയറുകയും അക്രമംനടത്തുകയും ചെയ്തവർക്കെതിേര നടപടി സ്വീകരിക്കണമെന്ന് അധ്യാപകർ പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അധ്യാപകരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ഭയനാകാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനാൽ ഓഫീസ് പ്രവർത്തനങ്ങളെയും കുട്ടികളുടെ പഠനത്തെയും സാരമായി ബാധിച്ചതായി പരാതിയിൽ പറയുന്നു.
Published: 17 Nov 2026, 03:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented