മണിക്കൂറുകൾക്കകം കുഴികൾ രൂപപ്പെട്ടു

To advertise here,

വടകര : ദേശീയപാതയുടെ സർവീസ് റോഡിൽ ടാറിങ് നടത്തിയ ഭാഗം ഒരുദിവസംകൊണ്ട് തകർന്നു. അടയ്ക്കാത്തെരു ജങ്ഷന് സമീപമാണ് റോഡ് തകർന്ന് വലിയകുഴി രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടാൻ തുടങ്ങിയതോടെ കരാർ ഏറ്റെടുത്ത കമ്പനി ഈ ഭാഗത്തെ വലിയ കുഴി അടച്ചു. എന്നാൽ, മറ്റുസ്ഥലങ്ങൾ തകർന്ന നിലയിലാണ്. ടാറിങ് നടത്തുന്നതിനുമുൻപ് ഈ ഭാഗത്തെ റോഡിന് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച രാവിലെ മഴപെയ്യുന്ന സമയത്താണ് ഇവിടെ ടാറിങ് നടത്തിയത്. അപ്പോൾത്തന്നെ സമീപത്തെ വ്യാപാരികൾ ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെ ടാറിങ് ചെയ്യുകയായിരുന്നു. അടയ്ക്കാത്തൊരു ജങ്ഷൻ മുതൽ ലിങ്ക് റോഡ് ജങ്ഷൻവരെ ഭാഗത്ത് റോഡ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ഇവിടെനിന്ന്‌ കല്ല് കാൽനടക്കാരുടെ മേൽ പതിക്കുന്ന സ്ഥിതിയുമുണ്ടായി.

മഴമുന്നറിയിപ്പ് പരിഗണിക്കാതെയാണ് സർവീസ് റോഡിന്റെ ടാറിങ് നടത്താൻ തീരുമാനിച്ചത്. വെയിലുള്ള കാലാവസ്ഥ ദിവസങ്ങളോളം ലഭിച്ചിട്ടും പ്രവൃത്തി നടത്തിയിരുന്നില്ല. കാലാവസ്ഥാവകുപ്പ് മഴമുന്നറിയിപ്പ് നൽകിയശേഷമാണ് ടാറിങ് തീരുമാനിച്ചത്. കഴിഞ്ഞവർഷവും സർവീസ് റോഡ് മഴപെയ്യുന്ന സമയത്ത് ടാർ ചെയ്യുകയും മണിക്കൂറുകൾക്കുള്ളിൽ ഇളകിപ്പോവുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു.

ആശ ആശുപത്രിക്കുസമീപം മുതൽ നാരായണനഗരം ജങ്ഷന് സമീപംവരെ ടാറിങ് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ, കുറച്ചുഭാഗം ടാർ ചെയ്യുമ്പോഴേക്കും ശക്തമായ മഴ പെയ്യുകയായിരുന്നു. ഇതോടെ ടാറിങ് നിർത്തിവെച്ചു. പുതിയ ബസ് സ്റ്റാൻഡ് മുതൽ അടയ്ക്കാത്തെരു ജങ്ഷൻ വരെയുള്ള ഭാഗത്തെ സർവീസ് റോഡിന്റെ സ്ഥിതിയും ശോചനീയമാണ്.