കൊയിലാണ്ടി : ഈ വർഷം ജനുവരിയിൽ തുടങ്ങിയ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ കെട്ടിടനിർമാണം പുരോഗമിക്കുന്നു. 2027 മാർച്ചിൽ നിർമാണപ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

അന്നത്തെ എം.എൽ.എ. കാനത്തിൽ ജമീല ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് സർക്കാർ ഫണ്ട് അനുവദിച്ചത്.

സംസ്ഥാനസർക്കാർ 2025-26 പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടനിർമാണം നടക്കുന്നത്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

തറനിലയിൽ പോലീസ് ഇൻസ്പെക്ടർ, എസ്.എച്ച്.ഒ. എന്നിവരുടെ ഓഫീസ്, സന്ദർശകർക്കുള്ള ഇരിപ്പിടം, സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും പ്രത്യേക ലോക്കപ്പ് മുറികൾ തുടങ്ങിയവ ഉണ്ടായിരിക്കും. ഒന്നാംനിലയിൽ സ്റ്റേഷൻ ഓഫീസ്, സ്‌റ്റോർ റൂം തുടങ്ങിയവ സജ്ജമാക്കും. രണ്ടാംനിലയിൽ പോലീസുകാർക്കുള്ള വിശ്രമകേന്ദ്രവും കേസ് രേഖകൾ തയ്യാറാക്കാനുള്ള സൗകര്യവും ഉണ്ടാവും.