ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ 31-ന് സമാപിക്കും
കോഴിക്കോട് : എന്തുകൊണ്ട് ചില നക്ഷത്രങ്ങൾ ചുവപ്പായും ചിലത് നീലയായും കാണപ്പെടുന്നു എന്നറിയാമോ... ക്വാണ്ടം അവസ്ഥകളുടെ സൂപ്പർ പൊസിഷൻ എന്ന കണ്ടെത്തൽ ഷ്രോഡിംഞ്ജറുടെ പൂച്ചയുടെ കഥയിലൂടെ കേട്ടാലോ... രണ്ടു സുന്ദരൻ പൂച്ചകളുടെ മാതൃകയിലൂടെ ക്വാണ്ടം ടണലിങ് എന്താണെന്ന് ലളിതമായി അറിയണോ... ഒരു നൂറ്റാണ്ടുകൊണ്ട് ലോകത്തെ മാറ്റിമറിച്ച ക്വാണ്ടം സയൻസ് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷനിലേക്ക് വന്നോളൂ. 31 വരെ കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർസെക്കൻഡറി സ്കൂളിലാണ് പ്രദർശനം.
ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 2025 ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ലോകമെമ്പാടും ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ സയൻസ് പോർട്ടൽ ലൂക്കയും ചേർന്ന് കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാലയുടെ അക്കാദമികപിന്തുണയോടെയാണ് എല്ലാ ജില്ലകളിലും പ്രദർശനം സംഘടിപ്പിച്ചുവരുന്നത്.
പിരിയോഡിക് ടേബിളിലെ ഓരോ മൂലകങ്ങളും നിത്യജീവിതത്തിൽ നമ്മൾ കാണുന്ന എന്തെല്ലാം വസ്തുക്കളിലാണ് കാണുന്നത്, വലിയ കെട്ടിടങ്ങൾക്ക് മിന്നൽരക്ഷാചാലകം വെക്കുന്നതിനുപിന്നിലെ രഹസ്യമെന്ത് എന്നിവയും പ്രദർശനത്തിൽ വിശദമായറിയാം. സ്പെക്ട്രോസ്കോപ്പിലൂടെ സോളാർ സ്പെക്ട്രം കാണാം. ഫ്രാൻസിന്റെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തിയിൽ ഭൂമിയിൽനിന്ന് 100 മീറ്റർ അടിയിലായി ലാർജ് ഹാഡ്രോൺ കൊളൈഡർ എന്ന പേരിലൊരു ടണലിനെക്കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടെങ്കിലും എന്നെങ്കിലും അതൊക്കെ കാണാനാവുമോ എന്ന് സംശയിക്കേണ്ട. അതിനുള്ള അവസരവും പ്രദർശനത്തിലുണ്ട്. വെർച്വൽ റിയാലിറ്റി വഴി ലാർജ് ഹാഡ്രോൺ കൊളൈഡറിലെ കാഴ്ചകൾ നിങ്ങൾക്ക് അതുപോലെ ആസ്വദിക്കാം.
ക്വാണ്ടം സയൻസിന് വഴികാട്ടിയവരെ പരിചയപ്പെടാനുള്ള അവസരവുമുണ്ട്. ‘അവരുടെ ജീവിതഗാഥകളാരും പാടിനടന്നില്ല’ എന്ന ശീർഷകത്തിൽ ക്വാണ്ടം സയൻസ് രംഗത്തെ പ്രമുഖ വനിതാശാസ്ത്രജ്ഞരെ അടുത്തറിയാനുമാവും. ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി കുട്ടികൾക്കും സാധാരണക്കാർക്കുമെല്ലാം മനസ്സിലാകുംവിധം ലളിതമായാണ് അവതരിപ്പിക്കുന്നത്.
തയ്യൂർ കെ. രാധ, ബിഭ ചൗധരി തുടങ്ങിയ ഇന്ത്യൻ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ആർട്ടിസ്റ്റ് ശ്രീജപള്ളത്തിന്റെ ശില്പങ്ങളുമുണ്ട്. പ്രദർശനത്തോടൊപ്പം ദിവസവും വൈകീട്ട് ശാസ്ത്രപ്രഭാഷണങ്ങളും പാനൽചർച്ചകളും നടക്കുന്നുണ്ട്. എല്ലാദിവസവും രാവിലെ 9.30 മുതൽ ആറുവരെയാണ് പ്രദർശനം. പ്രദർശനം കാണാനുള്ള രജിസ്ട്രേഷൻ നാലിന് അവസാനിക്കും.
‘ക്വാണ്ടം മെക്കാനിക്സിലെ പ്രധാന ആശയം ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്ത്വം’
കോഴിക്കോട് : ക്വാണ്ടം മെക്കാനിക്സിലെ ഒരു പ്രധാന ആശയം ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്ത്വമാണെന്നും ഇത് ഉപകരണങ്ങളുടെ പരിമിതികൾകൊണ്ടല്ല, മറിച്ച് പ്രകൃതിയുടെതന്നെ ഒരു അടിസ്ഥാനസ്വത്താണെന്നും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് രസതന്ത്രവിഭാഗം അധ്യക്ഷൻ ഡോ. എം.എച്ച്. അനീഷ് പറഞ്ഞു. കോഴിക്കോട് റീജണൽ സയൻസ് സെന്ററും ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലും സംയുക്തമായി സംഘടിപ്പിച്ച ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരളവ് കൂടുതൽ കൃത്യമായി അളക്കുന്തോറും മറ്റൊന്നിന്റെ കൃത്യത കുറയുന്നു എന്ന ആശയങ്ങൾ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കുകയും അർധചാലകങ്ങൾ, ലേസറുകൾ, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾക്ക് അടിത്തറയിടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
Published: 30 Dec 2025, 04:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented