അന്തിക്കാട്: ഓലമേഞ്ഞ ചെറിയ കെട്ടിടത്തിൽ വിരലിലെണ്ണാവുന്ന കുട്ടികളുമായി തുടങ്ങിയ വിദ്യാലയം ഇന്ന് അറുനൂറിലേറെ വിദ്യാർഥികൾ പഠിക്കുന്ന അത്യാധുനിക മാതൃകാവിദ്യാലയമാണ്. ഈ മാറ്റത്തിന് പിന്നിലെ ദീർഘവീക്ഷണത്തിനും നേതൃപാടവത്തിനുമുള്ള അംഗീകാരമായാണ് അന്തിക്കാട് കെ.ജി.എം. എൽ.പി. സ്‌കൂൾ പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂരിനെ സംസ്ഥാന അധ്യാപക അവാർഡ് തേടിയെത്തിയത്.

To advertise here,

1997 ജൂലായിൽ അധ്യാപനജീവിതത്തിനു തുടക്കമിട്ട ജോഷി ഡി. കൊള്ളന്നൂർ 1999 ഏപ്രിലിൽ പ്രധാനാധ്യാപകന്റെ ചുമതലയേറ്റു. അതിനുശേഷം വിദ്യാലയത്തിന്റെ വളർച്ചയ്ക്കായി നടത്തിയ ഇടപെടലുകളാണു സ്‌കൂളിന്റെ മുഖച്ഛായതന്നെ മാറ്റിയത്. കുട്ടികൾക്ക് പഠനത്തോടൊപ്പം കൗതുകവും സർഗാത്മകതയും സമ്മാനിക്കുന്ന തരത്തിലാണ് വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങളൊരുക്കിയത്. ട്രെയിനിന്റെ മാതൃകയിലുള്ള കെട്ടിടം, ബസിന്റെ രൂപത്തിലുള്ള പ്രവേശനകവാടം, ജൈവവൈവിധ്യപാർക്ക്, ഏറുമാടം തുടങ്ങിയവ കുട്ടികളിൽ കൗതുകമുണർത്തി.

 ജോഷി മാസ്റ്ററുടെ നേതൃത്വത്തിലുള്ള അധ്യാപകക്കൂട്ടായ്മയുടെ പരിശ്രമമാണ് ഈ മാറ്റത്തിന് പിന്നിൽ. ശതാബ്ദി ആഘോഷങ്ങൾ, വിവിധ മേളകൾ, പ്രളയകാലത്ത് നാടിന് തണലായ ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും വിദ്യാലയം സമൂഹത്തിന്റെ ശ്രദ്ധ നേടി. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ മുതൽ നാട്ടിലെ സാധാരണക്കാർവരെ സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ കൈകോർത്തു. വിദ്യാലയത്തിന്റെ മികവിന് സംസ്ഥാനതലത്തിലുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ട്.

പാവറട്ടി കൊള്ളന്നൂർ കുടുംബാംഗമായ ജോഷി മാസ്റ്റർ, പരേതനായ പ്രധാനാധ്യാപകൻ ദേവസിക്കുട്ടിയുടെയും ലില്ലി ഡേവിസിന്റെയും മകനാണ്. ഭാര്യ പാവറട്ടി സി.കെ.സി.എച്ച്. സ്‌കൂൾ അധ്യാപിക ടാബി ജോഷി. റിഥു, ഹന്ന, ഇസ്സ എന്നിവരാണ് മക്കൾ.