മുരിയൻകുളങ്ങര-ചേരുംചുവട് റോഡിൽ കവരപ്പാടിനടയിലെ അപകടക്കുഴിയടച്ച് കൊരുപ്പുകട്ടവിരിച്ചു

To advertise here,

വൈക്കം : മുരിയൻകുളങ്ങര-ചേരുംചുവട് റോഡിൽ കവരപ്പാടി നടയിലുണ്ടായ കുഴിയടച്ച് കൊരുപ്പുകട്ട വിരിച്ചു. പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദേശം എട്ട് മീറ്റർ നീളത്തിലാണ് ടൈൽവിരിച്ചത്. ഇതുവഴിയുള്ള കുടിവെള്ള ചോർച്ചയാണ് റോഡ് തകരുവാൻ കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഒട്ടേറെ യാത്രക്കാർ കുഴിയിൽവീണ് അപകടമുണ്ടായതോടെ റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.

പ്രദേശവാസികളും ഇടപ്പെട്ടതോടെ റോഡിന്റെ ഇരുഭാഗത്തെയും നഗരസഭാംഗങ്ങളായ എം.കെ. മഹേഷും, രേണുക രതീഷും പൊതുമരാമത്ത് വിഭാഗത്തേയും ജല അതോറിറ്റി ഉദ്യോഗസ്ഥരെയും കണ്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരെത്തി പരിശോധനനടത്തുകയും കുടിവെള്ള ചോർച്ചയില്ലെന്ന് കണ്ടെത്തുകയും റോഡ് താത്കാലികമായി സഞ്ചാരയോഗ്യമാക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധനയ്ക്കുശേഷം ടൈൽ വിരിക്കുമെന്ന് പൊതുമരാമത്തുവിഭാഗം നൽകിയ ഉറപ്പാണ് പാലിച്ചത്.

തലയോലപ്പറമ്പ് ഭാഗത്തുനിന്നുവരുന്ന ഭാരവണ്ടികൾ ഉൾപ്പെടെയുടെയുള്ള വാഹനങ്ങൾ ചേർത്തല, ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന റോഡാണിത്. പൊതുമരാമത്ത് എൻജിനിയർ ടി.എ. നിജാമുദീൻ, നഗരസഭാംഗം രേണുക രതീഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പണികൾ നടന്നത്.