കോട്ടയം : കുട്ടികൾക്ക് നല്ല പോഷകാഹാരം എങ്ങനെ നൽകാൻ കഴിയും. ചോദ്യം അങ്കണവാടി അധ്യാപകരോടാണ്. പോഷകാഹാരത്തിനും വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പോഷൻ ഭീ, പഠായി ഭീ പദ്ധതി ഭാഗമായി അങ്കണവാടി അധ്യാപകർക്ക് നൽകുന്ന ക്ളാസിലാണ് ചോദ്യം.

To advertise here,

നന്നായി ചോറും മീനും ഇറച്ചിയുമൊക്കെ നൽകണമെന്ന് അധ്യാപകർ പറയുമ്പോൾ ഒരു വിശദീകരണം കൂടി കിട്ടുകയായി .

‘നമ്മുടെ ചുറ്റുവട്ടത്ത് അനായാസം കിട്ടുന്ന മുട്ട, പാൽ എന്നിവ മാത്രമല്ല ചീരയില, മുരിങ്ങയില എന്നിവ കൂടി നൽകിയാൽ ഗുണകരമാകും’-ക്ളാസിൽ വിശദീകരണം കൊടുക്കുന്നു. ക്ളാസിൽ അസ്വസ്ഥമായി ഓടുന്ന കുട്ടികളെ തുടക്കത്തിലേ കണ്ടെത്താൻ കഴിയും.

 

ഹൈപ്പർ ആക്ടീവ് ആയ കുട്ടികൾക്ക് തെറാപ്പി വേണമെന്ന നിർദേശം മാതാപിതാക്കൾക്ക് നൽകണം. കുട്ടികളെ മാറിനിന്ന് നിരീക്ഷിക്കുക പ്രധാനമാണ്. അങ്ങനെ നിരീക്ഷിക്കുമ്പോൾ അവരുടെ സംസാരത്തിലെ വ്യക്തത തിരിച്ചറിയാം. സംസാരത്തിൽ പിന്നാ​ക്കം നിൽക്കുന്നവർ സംസാരിക്കാതിരിക്കുന്നത് മടികൊണ്ടാണോ എന്നറിയാൻ ഒരു ലഘുവായ വഴിയുണ്ട്. അവരെ എല്ലാവർക്കുമൊപ്പം കളിക്കാൻ നിർബന്ധിക്കുക. അതിനിടയിൽ അവർ ഉറക്കെ സംസാരിക്കാൻ ശ്രമിച്ചാൽ കുട്ടിക്ക് മറ്റ് കുഴപ്പങ്ങളില്ല. എന്നാൽ അവിടേയും സംസാരിക്കാൻ മടി കാണിച്ചാൽ കുട്ടിക്ക് സംസാ​ര​െ​െവകല്യം ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയും.

100 പേരടങ്ങുന്ന 18 ബാച്ച്

കുട്ടികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ അങ്കണവാടി ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനം ആരംഭിച്ചു. 100 പേരടങ്ങുന്ന 18 ബാച്ചുകളിലായി ജില്ലയിലെ 3000-ത്തോളം ജീവനക്കാർക്ക് പരിശീലനം നൽകും. ഒരു ബാച്ചിന്റെ പരിശീലനത്തിനായി 1.35 ലക്ഷം രൂപ വകയിരുത്തി. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ശിശുവികസന സേവനങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത ജോലികളിൽനിന്നും അങ്കണവാടി വർക്കർമാർ, ഹെൽപർമാർ എന്നിവരെ ഒഴിവാക്കി കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. പരിശീലനം ഡിസംബർ പകുതിയോടെ പൂർത്തിയാക്കും.