പാലാ : കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അങ്കമാലി ശബരി റെയിൽവേ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിന് ചുമതലക്കാരെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇഴയുന്നു. ജില്ലയിൽ ഇതിനായി സ്ഥലമേറ്റെടുക്കാനുള്ള ഓഫീസുകൾ തുറക്കാനുള്ള നടപടികൾക്ക് പുരോഗതിയില്ല.
ശബരി റെയിൽവേക്കായി എറണാകുളം ജില്ലയിൽ ഏറ്റെടുക്കാനായി അളന്നുതിരിച്ച സ്ഥലത്ത് പരിശോധന നടത്തുന്നതിന് സർക്കാർ പ്രത്യേക വിജ്ഞാപനം കഴിഞ്ഞ ദിവസം ഇറക്കി. കോട്ടയം ജില്ലയിൽ ഏറ്റെടുക്കാനായി അളന്നുതിരിച്ച സ്ഥലങ്ങളിലും പരിശോധന നടത്തുന്നത് സർക്കാർ പരിഗണയിലുണ്ട്. ജില്ലയിൽ പിഴക് വരെയാണ് കല്ലിട്ട് തിരിച്ചത്. അവിടെനിന്ന് എരുമേലിവരെയുള്ള ഭാഗത്ത് ഏരിയൽ സർവേ മാത്രമാണ് നടന്നത്. ഇവിടെ സ്ഥലം അളന്നുതിരിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ഇനിയും നടക്കാനുണ്ട്.
ശബരി റെയിൽവേ സ്ഥലമേറ്റെടുക്കലിനായി വർഷങ്ങൾക്ക് മുമ്പ് പാലാ സിവിൽ സ്റ്റേഷനിൽ പ്രത്യേക തഹസിൽദാരുടെ ഓഫീസ് പ്രവർത്തിച്ചിരുന്നു. പിന്നീട് പദ്ധതി മരവിപ്പിച്ചതോടെ ഓഫീസ് നിലയ്ക്കുകയായിരുന്നു. ഈ ഓഫീസുകൾ പുനഃസ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാർച്ചിൽ സംസ്ഥാന സർക്കാർ ശബരി റെയിൽവേ പദ്ധതിക്ക് വീണ്ടും സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന വിഹിതമായ 1900 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിക്കും എന്നാണ് പറഞ്ഞത്. കിഫ്ബിതന്നെ ഇല്ലാതാകുന്ന സ്ഥിതിക്ക് എന്താകും എന്ന് നിശ്ചയമില്ല.
സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചതായി മുൻ സർക്കാരിന്റെ സമയത്ത് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. പുതിയ സർക്കാരിന്റെ പദ്ധതി സംബന്ധിച്ച് നയപരമായ തീരുമാനം വേണമെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്.
Published: 28 Nov 2026, 01:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented