പാലാ : റവന്യൂഭൂമിയെന്ന് കരുതിയിരുന്നതിനാൽ സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുക്കാതെ നിർമാണം നടത്തി. ഇൗ പാളിച്ചയാണ് പാലായുടെ സ്വപ്‌നപദ്ധതികളിലൊന്നായ റിവർവ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് നീട്ടുന്നതിന് തടസ്സമായത്. നിർമാണം നിലച്ചിട്ട് നാലുവർഷം പിന്നിട്ടു. പാലങ്ങളിൽ തീർത്ത് പടിവാതിക്കലെത്തിയശേഷം നിർമാണം നിശ്ചലമായറോഡിന് ബജറ്റിൽ തുക അനുവദിച്ചതോടെ വീണ്ടും പ്രതീക്ഷകളുയർന്നിരുന്നു.

To advertise here,

മീനച്ചിലാറിന്റെ തീരത്തുകൂടി ജനറലാശുപത്രി ജങ്ഷൻ മുതൽ കൊട്ടാരമറ്റംവരെ തൂണുകളിൽ പാലമായി റോഡ് നിർമിക്കുന്നതാണ് പദ്ധതി. അവശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് നിർമാണം നടത്തുന്നതിന് 80 ലക്ഷം രൂപയാണ് ബജറ്റിൽ വകിയിരുത്തിയിരുക്കുന്നത്.

 

പാലാ വലിയപാലത്തിന് സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പാളിച്ചയാണ് നിർമാണം നിലയ്ക്കാൻ പ്രധാനകാരണം. റവന്യൂ ഭൂമിയെന്ന് കണക്കാക്കി ഏറ്റെടുക്കാതെ നിർമാണം നടത്തിയപ്പോൾ സ്ഥലമുടമ എതിർപ്പുമായെത്തിയിരുന്നു. ഈ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികൾ പൂർത്തിയായെങ്കിൽ മാത്രമേ നിർമാണം തുടരുവാൻ സാധിക്കൂ. വലിയപാലത്തിനോട് ചേർന്നഭാഗത്ത് മേൽത്തട്ട് വാർക്കുവാനുണ്ട്. പാലത്തിന്റെ ഇനിയും വാർക്കുവാനുള്ള ഭാഗത്തെ ഇരുമ്പുകമ്പികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. മീനച്ചിലാറിന്റെ തീരത്ത് പാലമായാണ് റോഡ് പണിതീർക്കുന്നത്.

കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്ററോളം നീളത്തിൽ അനുബന്ധറോഡും പണിയണം. പാലാ ടൗണിൽ മീനച്ചിലാറിന്റെ തീരംവഴിയുള്ള റിവർവ്യൂറോഡാണ് കൊട്ടാരമറ്റംവരെ നീട്ടുന്നത്. പാലാ-ഏറ്റുമാനൂർ റോഡിന് സമാന്തരമായാണ് റോഡ്. ളാലം ജങ്ഷൻ മുതൽ ജനറലാശുപത്രി ജങ്ഷൻ വരെയാണ് നിലവിൽ റോഡുള്ളത്. ഇവിടെമുതൽ കൊട്ടാരമറ്റംവരെ റോഡ് ദീർഘിപ്പിക്കുന്നതോടെ പാലാ ടൗണിൽ പൂർണമായും മറ്റൊരു സമാന്തരപാതയുണ്ടാകും. കൊട്ടാരമറ്റം മുതൽ ആശുപത്രി ജങ്ഷൻ വരെയുള്ള ഭാഗത്ത് പൂർണമായും വൺവേ സംവിധാനത്തിൽ വാഹനം കടത്തിവിടാം.