മുണ്ടക്കയം : ശബരിമല തീർഥാടനകാലത്ത് തിരക്കേറുന്ന വണ്ടൻപതാൽ ജങ്ഷനിൽ ആവശ്യത്തിന് സൗകര്യങ്ങളില്ല. മുണ്ടക്കയം പട്ടണത്തിനോട് ചേർന്നുള്ള ഗ്രാമമായ വണ്ടൻപതാൽ ജങ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമോ പൊതുശൗചാലയമോ ഇല്ല. പ്രതിദിനം ഇരുപതോളം ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ വിദ്യാർഥികളും നാട്ടുകാരുമടക്കം നിരവധി യാത്രക്കാർ മഴക്കാലത്തും വേനൽക്കാലത്തും റോഡിലും കടകളുടെ വരാന്തകളിലുമാണ് കയറി നിൽക്കുന്നത്. പൊതുശൗചാലയമില്ലാത്തതും പ്രദേശത്തുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

To advertise here,

ശബരിമല സീസൺ ആകുന്നതോടെ പാതയിൽ വാഹനത്തിരക്ക് ഇരട്ടിയിലധികമാകും. യാത്രക്കാർ വഴിയരുകിൽ ബസ് കാത്തുനിൽക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെയാണ്. മണ്ഡലകാല സമയത്തെങ്കിലും ഇവിടെ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കുമളി ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ മുണ്ടക്കയം ഈസ്റ്റിൽനിന്നും മുണ്ടക്കയം-കോരുത്തോട് പാതയിലെ വണ്ടൻപതാൽ ജങ്ഷനിലേക്കാണ് വേഗത്തിൽ എത്തുന്നത്. അതിവേഗതയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുവാനുള്ള സാധ്യത ഏറെയാണ്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനൊപ്പം ബസ് കാത്തിരുപ്പുകേന്ദ്രവും പൊതുശൗചാലയവും നിർമിക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.