കാഞ്ഞിരപ്പള്ളി : തീപിടിത്തത്തിൽ കെട്ടിടം തകർന്നുള്ള വൻ ദുരന്തങ്ങളെ നേരിടാൻ പൊതുജനങ്ങളെയും വിവിധ സുരക്ഷാ വകുപ്പുകളെയും സജ്ജരാക്കുന്നതിന് സുരക്ഷാ മോക്ഡ്രിൽ നടത്തി. ബസ്‌സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് പശ്ചാത്തലമാക്കിയാണ് അതിവേഗരക്ഷാപ്രവർത്തനത്തിന്റെ മാതൃകാ പരിശീലനം നടന്നത്. ജനത്തിരക്കുള്ള സ്റ്റാൻഡിലെ കെട്ടിടത്തിൽനിന്ന് തീ ഉയരുകയും തീപിടിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുന്നതുമായിരുന്നു സൃഷ്ടിച്ച സാഹചര്യം. കെട്ടിടത്തിനുള്ളിലും അവശിഷ്ടങ്ങൾക്കിടയിലും അകപ്പെട്ടുപോയ അഞ്ചുപേരെയാണ് അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.

To advertise here,

കനത്ത പുകയ്ക്കിടയിലൂടെ ലാഡർ റെസ്‌ക്യൂ, റോപ്പ് റെസ്‌ക്യൂ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഇവരെ പുറത്തെത്തിച്ചു. പരിക്കേറ്റവർക്ക് ഉടൻതന്നെ സ്‌ട്രെച്ചറുകളിൽ പ്രഥമശുശ്രൂഷ നൽകി ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി. അതീവദുഷ്‌കരമായ സാഹചര്യത്തിലും അതിവേഗത്തിൽ തീയണയ്ക്കാനും ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതും പ്രതീകാത്മകമായി കാണിച്ചു നൽകി. കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് വിഭാഗവും നേതൃത്വം നൽകി. ഗ്രാമപ്പഞ്ചായത്ത് അധികൃതർ, താലൂക്ക് ഓഫീസ് പ്രതിനിധികൾ, പോലീസ്, ജനറൽ ആശുപത്രി, മേരി ക്വീൻസ് ആശുപത്രി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പങ്കാളികളായി. ജനറൽ ആശുപത്രി ആർ.എം.ഒ. ജോർജ് മാത്യുവിന്റെ നേതൃത്വത്തിൽ സി.പി.ആർ. നൽകുന്നതിന്റെ അടിയന്തര വൈദ്യസഹായം നൽകുന്നതിനുമായുള്ള പരിശീലനവും നൽകി.