കോട്ടയം: വഴിയാത്രയ്ക്കിടയിൽ ഒരിക്കൽ നിങ്ങൾ ആന്റണിയെ കണ്ടേക്കാം; അല്ലെങ്കിൽ ഒരുപക്ഷേ, കണ്ടിരിക്കാം. പഴയ ഒരുസൈക്കിളും അതിന്റെ പിന്നിൽ ഒരുപെട്ടിയിൽ ഒരു നായയും. ഇത് ആന്റണിയും കണ്മണിയും. ആന്റണിക്ക് സ്വന്തമായി ആരുമില്ല എന്ന് പറഞ്ഞാൽ തെറ്റ്, ഒരു കണ്മണിയുണ്ട്... കണ്മണിക്ക് സ്വന്തമായി ആന്റണിയും.

To advertise here,

52 വയസ്സുള്ള ആന്റണിയുടെ ഓഫീസ് റോഡരികാണ്. ജോലിയോ? ബാഗ് തുന്നൽ, കുട നന്നാക്കൽ, ചെരിപ്പുതുന്നൽ. രാവിലെമുതൽ സൈക്കിളിൽ. സൈക്കിളിന് പുറകിൽ കണ്മണിയും. വൈകീട്ട് കടത്തിണ്ണയിൽ അന്തിയുറക്കം. ആന്റണിയുടെ ബാല്യം സിനിമാക്കഥപോലെ. മുരിങ്ങൂർ ഡിവൈനിൽ 13 വയസ്സുവരെ. പിന്നെയിറങ്ങി കേരളം മുഴുവൻ സൈക്കിളിൽ ചുറ്റി. പല പണിയും ചെയ്തു.

അങ്ങനെ അഞ്ചുവർഷം മുൻപ്‌ എരുമേലിയിലെ ഒരു കുപ്പത്തൊട്ടിയിൽനിന്ന് ഒരു കുഞ്ഞുപൊതി കിട്ടി. കണ്ണുപോലും തുറക്കാത്ത ഒരു നായക്കുട്ടി. ആന്റണി അതിന് പേരിട്ടു, -കണ്മണി! അന്നുമുതൽ ഇന്നുവരെ ആന്റണിയുടെ ബെസ്റ്റി.

കണ്മണി ആള് പുലിയാണ്. എന്തുംകഴിക്കും പക്ഷേ, വീക്ക്നെസ് ഒന്നേയുള്ളൂ, -കപ്പബിരിയാണി. കപ്പ ബിരിയാണി കിട്ടിയാൽ പെരുത്തിഷ്ടം. എനിക്ക് ഇത്തിരിമതിയല്ലോ, ബാക്കിമുഴുവൻ എന്റെ പെണ്ണിന്... ഇതാണ് ആന്റണിയുടെ ലൈൻ. പിന്നെ ദിവസവും കുളി നിർബന്ധം. ആറ്റിൽ കുളി പെരുത്തിഷ്ടം. ഒന്ന് നീന്തി തിരിച്ചുവരും, പിന്നെ ആന്റണി തുവർത്തിക്കൊടുക്കണം.

മൂന്നുമാസം മുൻപ് ഒരു അപരിചിതൻ കാർ ഇടിച്ചിട്ട് നിർത്താതെപോയി. ആന്റണിയുടെ കാലുപൊട്ടി, കണ്മണിയുടെ കാലിനും പരിക്ക്. അതിന്റെ ബുദ്ധിമുട്ടുകൾ രണ്ടുപേർക്കുമുണ്ട്.

രണ്ടാഴ്ചമുമ്പ് ഏറ്റവും സങ്കടകരമായ ഒരു സംഭവം ഉണ്ടായി. ഉറങ്ങിക്കിടന്ന കണ്മണിയെ ആരോ എടുത്തുകൊണ്ടുപോയി. ആന്റണി തളർന്നു. മൂന്നുദിവസം ഉറക്കമില്ല, ഭക്ഷണമില്ല.

മൂന്നാം ദിവസം കൊണ്ടുപോയവർതന്നെ തിരിച്ചുകൊണ്ടുവന്ന്‌ വിട്ടു. തനിക്ക് ലോട്ടറി അടിച്ച സന്തോഷമെന്ന് ആന്റണി പറയുന്നു. ‘എല്ലാം എനിക്ക് എന്റെ കണ്മണിമാത്രം... കണ്മണിയില്ലേൽ ആന്റണിയും ഇല്ലന്നേ…