കോട്ടയം : മറിയപ്പള്ളി കവലയിൽ മുന്നറിയിപ്പ് ബോർഡ് അവഗണിച്ച് കെ.എസ്.ആർ.ടി.സി., പ്രൈവറ്റ് ബസുകൾ നിർത്തുന്നത് നിർബാധം തുടരുന്നു. കോട്ടയത്തേക്ക്‌ വരുന്ന ബസുകാരാണിത് ചെയ്യുന്നത്. മറിയപ്പള്ളി കവലയെത്തുംമുൻപ് നൂറു മീറ്റർ മുൻപാണ് യഥാർഥ ബസ്‌സ്റ്റോപ്പ്. അവിടെ നിർത്തി ആളെ കയറ്റുന്നത് കൂടാതെയാണ് കവലയിൽ ബസ് നിർത്തുന്നതും ആളെ കയറ്റുന്നതും.

To advertise here,

‘വാഹനങ്ങൾ ഇവിടെ നിർത്തി യാത്രക്കാരെ കയറ്റാൻ പാടില്ല’-എന്ന മുന്നറിയിപ്പുബോർഡ് മറിയപ്പള്ളി കവലയിൽ കുരിശുപള്ളിക്ക്‌ മുൻപിൽ ചിങ്ങവനം പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

ബോർഡ് കണ്ടിട്ടും ബസുകാർക്ക് കണ്ടില്ലെന്ന മട്ടാണ്. നേരത്തേ പലവട്ടം വാഹനാപകടമുണ്ടായതിനെത്തുടർന്ന് ആളുകളുടെ സുരക്ഷയെക്കരുതി പ്രദേശവാസികളുടെ ആവശ്യാനുസരണമാണ് പോലീസിവിടെ ബോർഡ് വെച്ചത്.

രാവിലെയും വൈകീട്ടും റോഡിൽ തിരക്കേറിയ നേരത്ത് അന്യസംസ്ഥാനക്കാരുമടക്കം നിരവധി പേർ കോട്ടയത്തേക്ക്‌ പോകാനായി കവലയിൽ കൂട്ടംകൂടി നിൽക്കാറുണ്ട്. ഇവരെല്ലാം കവലയിൽ ബസിന് കൈകാട്ടി നിർത്തുന്നത് ഏറിയതോടെ നാട്ടകം ജനകീയക്കൂട്ടായ്മ ഇടപെട്ടു.

ബസ് അനധികൃത സ്റ്റോപ്പിൽ നിർത്തുന്നത് അവസാനിപ്പിക്കണമെന്നും യഥാർഥ സ്റ്റോപ്പിൽമാത്രമേ ബസ് നിർത്താൻ പാടുള്ളൂവെന്നും ഇവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പോർട്ടലിൽ തെളിവ് സഹിതം ഇവർ ഇക്കഴിഞ്ഞ ജൂലായിൽ പരാതി നൽകി. ഒാഗസ്റ്റിൽ ലഭിച്ച മറുപടി പരാതിക്ക്‌ അനുകൂലമായിരുന്നെങ്കിലും അധികൃതർ നാളിതുവരെ വേണ്ടനടപടി സ്വീകരിച്ചില്ലെന്നും, പി.എസ്.സി. പരീക്ഷാദിനങ്ങളിലാണ് തിരക്കേറെ അനുഭവപ്പെടുന്നതെന്നും ജനകീയക്കൂട്ടായ്മ അംഗങ്ങൾ പറയുന്നു. രാവിലെയും വൈകീട്ടും സ്കൂൾ കൂട്ടികളുടെ സുരക്ഷയ്ക്കായി ഇവിടെ പോലീസ് സംവിധാനം ഏർപ്പെടുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.