
പുനലൂർ : നഗരസഭാ പരിധിയിൽ തകരാത്ത റോഡുകൾ ചുരുക്കം. പട്ടണമധ്യത്തിലൂടെ കടന്നുപോകുന്ന കൊല്ലം - തിരുമംഗലം ദേശീയപാതയടക്കം ഒട്ടുമിക്ക റോഡുകളും പലയിടത്തായി തരിപ്പണമായ നിലയിലാണ്. ഇവയ്ക്കടിയിലൂടെ സ്ഥാപിച്ചിട്ടുള്ള, ജല അതോറിറ്റിയുടെ വിതരണ കുഴലുകളിലെ നിരന്തര ചോർച്ചയാണ് റോഡുകൾ തകർക്കുന്നത്. അഞ്ചുദിവസം മുൻപ് ദേശീയപാതയിൽ വാളക്കോട് വലിയവളവിൽ ജലവിതരണ കുഴൽ ചോർന്ന് പാത തകർന്നത് ഏറ്റവും ഒടുവിലെ ഉദാഹരണം.
ഒരുമാസം മുൻപ് ദേശീയപാതയിൽ പുനലൂർ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ ദേശീയപാതയുടെ ഒത്തമധ്യത്തും വശങ്ങളിലുമായി ജലവിതരണ കുഴൽ പൊട്ടി വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. പാതയുടെ വശത്തായി ഏതാണ്ട് നാലോളം ഭാഗങ്ങളിലാണ് റോഡ് തകർന്നത്. ഇതിനോടു തൊട്ടുചേർന്ന് പട്ടണത്തിലെ ഏറ്റവും പ്രധാന പാതയായ കച്ചേരി റോഡിലും കുഴൽ പൊട്ടി പാത തകർന്നു. ടി.ബി. ജങ്ഷനിൽ നിന്ന് ഐക്കരക്കോണം വഴി ഇടമണിലേക്ക് പോകുന്ന ഭാഗത്ത് കുഴൽ പൊട്ടുന്നത് തുടർക്കഥയാണ്. 9.61 കോടി രൂപ മുടക്കി ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച ഈ റോഡിൽ ടി.ബി. ജങ്ഷൻ മുതൽ ഐക്കരക്കോണം ഭാഗംവരെ ഉടനീളം കുഴലുകൾ പൊട്ടി റോഡ് തകർന്നിട്ടുണ്ട്. 'കിഫ്ബി'യിൽ നിന്ന് 15.60 കോടി രൂപ അനുവദിപ്പിച്ച് പുനരുദ്ധരിച്ച റിങ്ങ്റോഡുകളിൽ ഉൾപ്പെട്ട ചെമ്മന്തൂർ ചൗക്ക റോഡിലും ഇതുതന്നെ സ്ഥിതി.
അരനൂറ്റാണ്ടു പഴക്കമുള്ള പുനലൂർ ജലവിതരണ പദ്ധതിയുടെ കുഴലുകളിലാണ് ഏറ്റവുമധികം ചോർച്ചയുണ്ടാകുന്നത്. നഗരസഭാ പരിധിയിൽ തന്നെ ഏതാണ്ട് 500 കിലോമീറ്ററോളം ദൂരത്തിൽ കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും 200, 150, 80 മില്ലിമീറ്റർ വ്യാസമുള്ള ആസ്ബറ്റോസ് സിമൻറ് (എ.സി.) കുഴലുകളാണ്. അതിമർദ്ദത്തിൽ ഉള്ളിലൂടെ വെള്ളം കുതിച്ചൊഴുകുമ്പോൾ കാലപ്പഴക്കം ചെന്ന ഈ കുഴലുകൾ പൊട്ടുന്നതാണ് റോഡ് തകർച്ചയ്ക്ക് ഇടയാക്കുന്നത്.
കുണ്ടറ ജലവിതരണ പദ്ധതിയുടെ കുഴലുകളിലെ ചോർച്ചയാണ് നഗരസഭാ പ്രദേശത്ത് ദേശീയപാത തകർക്കുന്ന മറ്റൊരു ഘടകം. പുനലൂരിലെ പമ്പ് ഹൗസിൽ നിന്ന് ഇളമ്പലിലെ ശുദ്ധീകരണശാലയിലേക്ക് പോകുന്ന 400 മില്ലീമീറ്റർ കാസ്റ്റ് അയൺ കുഴലുകളിലുണ്ടാകുന്ന ചോർച്ചയാണ് ദേശീയപാത തകർക്കുന്നത്. ചെമ്മന്തൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിൽ മാസങ്ങളായി ഇത്തരം ചോർച്ചയുണ്ട്. ഇവിടെ റോഡ് മൊത്തത്തിൽ തകർന്നിരിക്കുകയാണ്.
റോഡ് തകർന്ന ഭാഗങ്ങളിൽ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തത് ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകുന്നു. അഥവാ അറ്റകുറ്റപ്പണി നടത്തിയാലും ഇതിന് വേണ്ടത്ര ഗുണനിലവാരം ഉണ്ടാകാറുമില്ല. ഇത് റോഡിന്‍റെ മൊത്തത്തിലുള്ള ഗുണനിലവാരത്തെയും ഭംഗിയേയും ബാധിക്കുന്നു.
Content Highlights: Frequent water pipeline bursts cause severe damage to national highways and local roads across Punalur municipality.
Published: 29 Nov 2026, 03:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented