തെന്മല : ജലസേചനവകുപ്പിനു കീഴിലുള്ള വലതുകര കനാൽ റോഡ് തകർന്നടിഞ്ഞു. ഉറുകുന്ന് നഗർ ജങ്ഷൻ, ഇടമൺ സത്രംമുക്ക്, വെള്ളിമല, ചാലിയക്കര ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ വലതുകര കനാൽ റോഡ് വർഷങ്ങളായി നവീകരണമില്ലാതെ കിടക്കുകയാണ്.
ടാറിങ് പൂർണമായും ഇളകി യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും. ഇടമൺ സത്രംമുക്ക് മുതൽ കുറച്ചു ഭാഗം കഴിഞ്ഞ വർഷം മെറ്റൽ പാകി നവീകരണത്തിനു തുടക്കമിട്ടെങ്കിലും പൂർത്തിയാക്കാനായില്ല. നിലവിൽ ഇവിടങ്ങളിൽ വലിയ മെറ്റൽ നിരത്തിയതിനാൽ വാഹനങ്ങൾക്കു പോകാനാകുന്നില്ല.
വെള്ളിമല, ചാലിയക്കര ഉൾപ്പെടെയുള്ള ഭാഗങ്ങളിലും പാത പൂർണമായും തകർച്ചയിലാണ്. തോട്ടംതൊഴിലാളികൾ ഉൾപ്പെടെ തെന്മല പഞ്ചായത്തിൻെറ വിവിധ മേഖലകളിലേക്ക് എത്താനായി ഉപയോഗിക്കുന്ന പാതയാണിത്. ദേശീയപാതയിലെ തിരക്കൊഴിവാക്കി യാത്രചെയ്യാൻ കഴിയുന്നതും പഞ്ചായത്തിലെ ഒട്ടേറെ വാർഡുകളിലുള്ളവർക്ക് ആശ്രയവുമായ റോഡാണിത്. ഒന്നരപ്പതിറ്റാണ്ടായി നാമമാത്രമായ നവീകരണം മാത്രമാണ് പാതയിൽ നടന്നിട്ടുള്ളത്.
ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് നവീകരണം വൈകിപ്പിക്കുന്നത്. പലപ്പോഴായി പല പദ്ധതികളിൽ ഉൾപ്പെടുത്തി ഇടമൺ സത്രംമുക്ക്, ഉറുകുന്ന് ഭാഗങ്ങൾ മാത്രം നവീകരിച്ചെങ്കിലും അതും തകർന്നുതുടങ്ങി. അതിനാൽ ഏതെങ്കിലും പദ്ധതികളിൽ ഉൾപ്പെടുത്തി പാത പൂർണമായും നവീകരിച്ച് വശങ്ങളിലെ കാട് വെട്ടിമാറ്റുന്നതിനുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
‘നാട്ടുകാർ ദുരിതത്തിൽ’
പാതയുടെ തകർച്ചയ്ക്കൊപ്പം കനാൽറോഡിൻെറ വശങ്ങൾ കാടുമൂടുന്നത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. പെരുമ്പാമ്പുൾപ്പെടെയുള്ളവ സമീപത്തെ വീടുകളിലേക്കെത്തുകയാണ്. ഈ ബുദ്ധിമുട്ടുകൾ ജലസേചനവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും.
ശോഭാ സതീശൻ
തെന്മല പഞ്ചായത്ത് പ്രസിഡന്റ്
‘വർഷങ്ങളായുള്ള അവഗണന’
10 വർഷത്തോളമായി, സംസ്ഥാനസർക്കാർ പാതയുടെ നവീകരണം തീർത്തും അവഗണിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാനസമയത്ത് ജലസേചനവകുപ്പിൽനിന്ന് അനുമതി ലഭിച്ചപ്പോൾ കുറച്ചു ഭാഗം നവീകരിക്കാൻ കഴിഞ്ഞു. പാതയുടെ ദുരവസ്ഥ സർക്കാരിൻെറ ശ്രദ്ധയിൽക്കൊണ്ടുവരും.
കെ. ശശിധരൻ
തെന്മല പഞ്ചായത്ത് മുൻ പ്രസിഡന്റ്
Published: 28 Sept 2026, 01:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented