പത്തനാപുരം :കാട്ടാനകളെ കാടുകയറ്റിയ കറവൂർ കീഴയത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും കാട്ടാനശല്യം തുടങ്ങി. കാടിറങ്ങിവന്ന കാട്ടാനകൾ സന്ന്യാസിക്കോൺ പ്രിജിൽ ഭവനിൽ പ്രിജിലിന്റെ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. 25 കമുകുകളും റബ്ബറും മറ്റു കാർഷികവിളകളും കാവൽപ്പുരയും കാട്ടാന നശിപ്പിച്ചതിൽ ഉൾപ്പെടുന്നു.
മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് രണ്ടുമാസംമുൻപ് വനംവകുപ്പ് 'സ്പെഷ്യൽ ഡ്രൈവ്' നടത്തി ആനകളെ ഉൾവനത്തിലേക്ക് തുരത്തിയിരുന്നു. കാട്ടാനശല്യത്തിന് അറുതിവരുത്താനും അടിയന്തരസാഹചര്യങ്ങളിൽ ഇടപെടാനുമുള്ള സൗകര്യാർഥം പിന്നീട് കറവൂരിൽ ആർ.ആർ.ടി.യൂണിറ്റും തുടങ്ങി. എന്നാൽ ഇതൊന്നും ഫലപ്രദമായില്ലെന്നാണ് കഴിഞ്ഞദിവസത്തെ സംഭവം വ്യക്തമാക്കുന്നത്.
ആർ.ആർ.ടി.സംഘം എത്തിയാൽ കാര്യമെല്ലാം ഭദ്രമെന്ന് നാട്ടുകാർ കരുതിയെങ്കിലും ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് കർഷകരുടെ പരാതി. സമീപസ്ഥലങ്ങളിൽ കാട്ടാന റബ്ബർമരങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ആർ.ആർ.ടി. സംഘത്തെ വിവരം അറിയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച കടശ്ശേരിയിലും കാര്യങ്ങൾ അതിരൂക്ഷമാണ്. തച്ചക്കോട്ട് കരിക്കോട്ട് പുഷ്കരന്റെ കൃഷിയിടത്തിലെ വാഴകൾ നശിപ്പിക്കുകയും മരം വീടിനു മുകളിലേക്ക് മറിച്ചിടുകയും ചെയ്തു. മൈക്കണ്ണാ അലിയാർ റാവുത്തരുടെ കൃഷിയിടത്തിൽ രണ്ടുദിവസമായി ആനയുടെ പരാക്രമമാണ്. സ്വന്തമായി ചെയ്ത സൗരവേലി നശിപ്പിച്ചാണ് കാട്ടാന കൃഷി നശിപ്പിച്ചത്. കടശ്ശേരി കെട്ടിടത്തിൽ ദിലീപ് കുമാറിന്റെ വാഴത്തോട്ടം പൂർണമായി നശിപ്പിച്ചു. മൈക്കണ്ണ-ആയിരത്തുമൺ പാതയിൽ ആന മരം പിഴുതിട്ടതിനാൽ ഒരാഴ്ചയായി ഗതാഗതതടസ്സമാണ്. വനംവകുപ്പ് അധികൃതർ മരം മുറിച്ചുമാറ്റാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കാട്ടാനശല്യം കാരണം അലിമുക്ക്-അച്ചൻകോവിൽ പാതയിലൂടെ പേടികൂടാതെ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.
റോഡിലിറങ്ങുന്ന ആനകൾ പലതും അക്രമസ്വഭാവം കാട്ടുന്നതാണ് കാരണം. അടുത്തിടെ സ്കൂട്ടർ യാത്രികനെ കാട്ടാന ആക്രമിച്ചിരുന്നു. പരിക്കുകളോടെ യാത്രക്കാരൻ രക്ഷപ്പെട്ടു. ശല്യംകാരണം കൃഷിനിലച്ച മേഖലയിൽ വർഷങ്ങൾക്കുമുൻപ് നട്ടുവളർത്തിയ തെങ്ങും കമുകുമൊക്കെയാണ് കാട്ടാനകൾക്ക് ആഹാരം.
Published: 03 Nov 2026, 02:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented