ശാസ്താംകോട്ട : ശാസ്താംകോട്ട ധർമശാസ്താക്ഷേത്രത്തിനു സമീപത്തെ ദേവസ്വംഭൂമി കൈയേറാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തടയാൻചെന്ന ദേവസ്വം ബോർഡ് വാച്ചറെ അസഭ്യംപറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുയർന്നു. രണ്ടുദിവസത്തെ അവധി മറയാക്കി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കൈയേറ്റം നടത്താനുള്ള നീക്കമാണ് ഇയാൾ നടത്തിയത്. നിലവിൽ ദേവസ്വം ബോർഡ് ഭൂമിയിലെ നിർമാണപ്രവൃത്തികൾക്കും കൈയേറ്റത്തിനും ഹൈക്കോടതിയുടെ നിരോധനം നിലനിൽക്കുകയാണ്.

To advertise here,

ഭൂമി നിരപ്പാക്കാൻ എത്തിച്ച മണ്ണുമാന്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ പേരിലും കേസെടുത്തു. മനക്കര കോലാട്ടുവീട്ടിൽ അലക്‌സാണ്ടറാ(71)ണ് അറസ്റ്റിലായത്. കൈയേറാൻ ശ്രമിച്ച ഭൂമിയോടു ചേർന്ന് ഇയാൾക്ക് കെട്ടിടസമുച്ചയമുണ്ട്. ഞായറാഴ്ച രാവിലെ ശാസ്താംകോട്ട ക്ഷേത്രത്തിനു തെക്ക് കോളേജ് പാതയോരത്തെ സ്ഥലം കൈയേറാനാണ് നീക്കം നടത്തിയത്. ഇയാളുടെ കെട്ടിടത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ഭൂമി ഉയർന്നുനിൽക്കുകയാണ്. ഈ സ്ഥലമാണ് രാവിലെ മണ്ണുമാന്തിയെത്തിച്ച് നിരപ്പാക്കാൻ തുടങ്ങിയത്. പത്തുമീറ്ററോളം ഇടിച്ചുനിരത്തിയപ്പോഴേക്കും ദേവസ്വം ജീവനക്കാരനും പ്രദേശവാസികളും ഭക്തരുമെത്തി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ അലക്‌സാണ്ടർ അസഭ്യംപറഞ്ഞ് അവർക്കുനേരേ തിരിഞ്ഞു. സംഭവമറിഞ്ഞ് ഉപദേശകസമിതി ഭാരവാഹികളും നാട്ടുകാരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അവർ ശാസ്താംകോട്ട പോലീസിൽ അറിയിച്ചു. പെട്ടെന്ന് പോലീസെത്തി പണി നിർത്തിവയ്പിച്ചു. അറസ്റ്റ്‌ ചെയ്യണമെന്ന് സ്ഥലത്തുണ്ടായിരുന്നവരുടെ ഭാഗത്തുനിന്ന്‌ ശക്തമായ ആവശ്യമുയർന്നതോടെ പോലീസ് ഇയാളെ സംഭവസ്ഥലത്തുനിന്ന്‌ കസ്റ്റഡിയിലെടുത്തു.

 

മണ്ണുമാന്തിയും പിടിച്ചെടുത്തു. ഡ്രൈവർ മൺറോത്തുരുത്ത് സ്വദേശി ശ്രീകാന്തിനെ പ്രതിയാക്കിയും കേസെടുത്തു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഉപദേശകസമിതിയും നൽകിയ പരാതിയിൽ കേസെടുത്ത് അലക്‌സാണ്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. അളന്നുതിട്ടപ്പെടുത്തി സംരക്ഷിക്കാത്തതിനാൽ ശാസ്താംകോട്ടയിൽ ഏക്കറുകണക്കിന് ദേവസ്വംഭൂമി കൈയേറ്റക്കാർ സ്വന്തമാക്കിയിട്ടുണ്ട്. ഒന്നും രണ്ടും സെന്റുകൾമാത്രം ഉണ്ടായിരുന്നവർക്കുപോലും മൂന്നിരട്ടി ഭൂമി കൈവശത്തിലായി.