തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കോട്ടവാസൽമുതൽ പുനലൂർവരെയുള്ള അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. കോട്ടവാസൽ, മുരുകൻപാഞ്ചാലിൽ, പത്തേക്കർ, ഒറ്റക്കൽ ലുക്ക്‌ഔട്ട്, തെന്മല എം.എസ്.എൽ. ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് നവീകരിക്കുന്നത്.

To advertise here,

പഴയ ടാറിങ് താഴ്ചയിൽ നീക്കംചെയ്ത്‌ പുതുതായി മെറ്റലിടുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. കോട്ടവാസൽ, മുരുകൻപാഞ്ചാലിൽ, തെന്മല എം.എസ്.എൽ. ഭാഗങ്ങളിൽ മെറ്റലിങ് പൂർത്തിയായി. ചൊവ്വാഴ്ച ഒറ്റക്കൽ ലുക്ക്ഔട്ട് ഭാഗത്ത് മെറ്റലിടുന്ന ജോലികളാണ് പുരോഗമിക്കുന്നത്. നിലവിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

ഉറുകുന്ന് കനാൽപ്പാലം, ഉറുകുന്ന് ഭഗവതിക്ഷേത്രം ഭാഗങ്ങളിൽ റോഡ് തകർന്നുകിടക്കുകയാണ്. കനാൽ ഇറക്കത്ത് പാതയുടെ മധ്യത്തെ കുഴി ഒഴിവാക്കിപ്പോകാൻ വാഹനങ്ങൾ ശ്രമിക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.

അതിനാൽ നിലവിലുള്ള അറ്റകുറ്റപ്പണിക്കൊപ്പംതന്നെ ഇവിടെയും കുഴിയടയ്ക്കുന്നതിനുള്ള നടപടി വേണമെന്ന് ആവശ്യമുണ്ട്. അടുത്ത ആഴ്ചയോടെ കോട്ടവാസൽ മുതലുള്ള ടാറിങ് ജോലികൾ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അപകടമേഖലയിൽ റോഡിന്റെ വശവും നിരപ്പായി

കുഴിയടയ്ക്കുന്നതിനൊപ്പം പാതയിലെ അപകടമേഖലയിൽ റോഡിന്റെ വശവും നിരപ്പാക്കുന്ന ജോലികളും ചെയ്യുന്നുണ്ട്. കോട്ടവാസൽമുതൽ പുനലൂർവരെ റോഡിന്റെ വശത്ത് മണ്ണില്ലാത്ത സ്ഥിതിയുണ്ട്. രണ്ടുവർഷംമുൻപ് അണ്ടൂർപച്ചയിൽ അയ്യപ്പഭക്തരുടെ വാൻ ടാറിങ് വിട്ടിറങ്ങുകയും തിരിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ മറിയുകയും ചെയ്തിരുന്നു. ഒട്ടേറെ ബൈക്ക് യാത്രികർ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു.

നിലവിൽ, റോഡ് തകർന്നസ്ഥലത്തുനിന്ന് വലിയരീതിയിൽ മെറ്റലും ടാറിങ്ങും ഇളക്കിയെടുത്താണ് റോഡിന്റെ വശം അടയ്ക്കാനായി ഉപയോഗിക്കുന്നത്. ഇത് യന്ത്രമുപയോഗിച്ച് നിരപ്പാക്കി ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.