പുനലൂർ :ദേശീയപാതയിൽ ചെമ്മന്തൂർ ഹൈസ്‌കൂളിന്റെ കവാടത്തിനു മുന്നിൽ ജലവിതരണക്കുഴൽ ചോർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് മാസങ്ങൾ. സ്‌കൂളിലേക്ക് പ്രവേശിക്കാൻ വിദ്യാർഥികളും ജീവനക്കാരും ബുദ്ധിമുട്ടുന്നു. കാൽനടയാത്രയും മാസങ്ങളായി പ്രയാസത്തിലായിട്ടും വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കാൻ നടപടിയില്ല.
നേരേത്ത പുനലൂരിൽ ചേർന്ന മരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലും മണ്ഡലകാല അവലോകനയോഗത്തിലും ഈ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ആഴ്ചകൾക്കുശേഷവും നടപടിയുണ്ടായില്ല.
പ്രശ്‌നപരിഹാരത്തിനായി ചെമ്മന്തൂർ വാർഡ് കൗൺസിലർ ഷീബാമോളും പത്തേക്കർ വാർഡ് കൗൺസിലർ ഗീതാകുമാരിയും സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ഗോപു വി.നായരും ചേർന്ന് ദേശീയപാതാവിഭാഗം അധികൃതർക്ക് പരാതി നൽകിയിരുന്നു. കൂടാതെ, പത്തേക്കർ വാർഡിന്റെ മുൻ കൗൺസിലർ ഷൈൻ ബാബു എൻ.എച്ച്. ഓഫീസിൽ നേരിട്ടെത്തി പരാതി അറിയിക്കുകയും നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ഗതാഗത ഉപദേശകസമിതിയിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു.
പിന്നീട് കൗൺസിലർമാരും ഷൈൻ ബാബുവും ചേർന്ന് നഗരസഭാധ്യക്ഷൻ എം.എ.രാജഗോപാലിനെ കാര്യം ധരിപ്പിച്ചു. അദ്ദേഹം നേരിട്ട് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജലഅതോറിറ്റിയുടെയും ദേശീയപാതാവിഭാഗത്തിന്റെയും ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ വെള്ളക്കെട്ട് നീക്കി പ്രശ്‌നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു.
ദേശീയപാതയിൽ, ചെമ്മന്തൂർ ജങ്ഷനിൽ സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിൽ ഇത്തരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി ഇല്ലാതിരുന്നതിനാൽ കഴിഞ്ഞയാഴ്ച നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ കുഴി മൂടിയിരുന്നു.
Published: 10 Nov 2026, 02:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented