ചാത്തന്നൂർ : കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കുന്നതിനുമുൻപ് പാരിപ്പള്ളിയുടെ കായികസംസ്‌കാരത്തിന് അടിത്തറപാകിയ വിശാലമായ വലിയ ഗ്രൗണ്ട് ഓർമ്മകളിൽ മാത്രമാണ്. അശാസ്ത്രീയ വികസനത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ട കളിസ്ഥലം അന്യാധീനപ്പെട്ടു. ഒരുകാലത്ത് ആവേശമായിരുന്ന കബഡി പോലും നിലച്ചുപോയ അവിടെയിപ്പോൾ പോലീസ് പിടികൂടുന്ന വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ്.

To advertise here,

ഇന്നുകാണുന്ന ഗണേശ് ഗ്രന്ഥശാല, പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷൻ, കമ്യൂണിറ്റി ഹാൾ എന്നിവ ഉൾപ്പെടുന്ന വലിയ പ്രദേശം സജീവമായ ഫുട്‌ബോൾ ഗ്രൗണ്ടായിരുന്നു ഒരുകാലത്ത്. പിൽക്കാലത്ത് 'ഗണേഷ്' എന്ന കായികതാരത്തിന്റെ ഓർമ്മയ്ക്കായി രൂപംകൊണ്ട ഗ്രന്ഥശാല നിലനിൽക്കുന്നത് ഈ ഗ്രൗണ്ടിലാണ്.

കാളച്ചന്തയുടെ പെരുമ

:കായികരംഗം മാത്രമല്ല, അക്കാലത്തെ കാർഷിക സാധ്യതകളുടെയും ഒത്തുകൂടലിന്റെയും കേന്ദ്രമായിരുന്നു ഈ പ്രദേശം. നിറയെ കന്നുകാലികളെ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വലിയൊരു ചന്ത പ്രവർത്തിച്ചിരുന്നു. 'കാളച്ചന്ത' എന്ന് അറിയപ്പെട്ടിരുന്ന ഇവിടേക്ക് ദൂരദേശങ്ങളിൽനിന്നുപോലും വ്യാപാരത്തിനായി ആളുകൾ എത്തിയിരുന്നെന്ന് പഴമക്കാർ ഓർക്കുന്നു.

ഡാലിയയും കബഡി ആവേശവും

:കാലക്രമത്തിൽ ജീവിതരീതികളും വികസന സങ്കൽപ്പങ്ങളും മാറിമറിഞ്ഞു. പുരോഗമനത്തിന്റെ പുതിയ കെട്ടിടങ്ങൾ ഇടംപിടിച്ചപ്പോൾ വലിയ ഗ്രൗണ്ട് അപ്രത്യക്ഷമാകാൻ തുടങ്ങി. ബാക്കിയായ ചെറിയ സ്ഥലത്ത് ‘കബഡി’ പുതിയ ഇടം കണ്ടെത്തി. പാരിപ്പള്ളിയിൽ അന്താരാഷ്ട്ര പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 'കബഡി' എന്നാൽ പാരിപ്പള്ളിയുടെ സ്വന്തം ടീം 'ഡാലിയ' എന്നായി മാറിയ സുവർണകാലഘട്ടമുണ്ടായിരുന്നു. ഇന്ത്യക്കായി സ്വർണമെഡലുകൾ നേടിയ ദേശീയ കോച്ച് ഉദയകുമാർ വളർന്നുവന്നത് ഈ നാട്ടിലെ മത്സരങ്ങളിൽനിന്നാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ഭാരതത്തിന് കബഡിയിൽ ഒട്ടേറെ തവണ സ്വർണം നേടാൻ സാധിച്ചിട്ടുണ്ട്.

ആ പഴയ കായികപാരമ്പര്യമുള്ള മണ്ണ് വാഹനങ്ങൾ തള്ളുന്ന ഇടമായി മാറുമ്പോൾ പാരിപ്പള്ളിയുടെ കായികയുവത്വം ചോദിക്കുന്നത് ഒന്നുമാത്രമാണ് ഞങ്ങൾക്ക് പറന്നുയരാൻ ഇനിയും ഒരു കളിസ്ഥലം ബാക്കിയുണ്ടോ?

(തുടരും)