കുന്നിക്കോട് :ആവണീശ്വരം -കാഞ്ഞിരത്തുംമൂട്-നടുത്തേരി റോഡിന്റെ ടാറിങ് ജോലികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ മാർച്ചിൽ തലവൂർ ദേവീക്ഷേത്ര ഉത്സവത്തിനു മുന്നോടിയായി ഈ റോഡിലെ അഞ്ച് കലുങ്കുകളുടെ നിർമാണവും തുടർന്ന് മെറ്റലിങ്ങും പൂർത്തിയായി.
മാസങ്ങൾ കഴിഞ്ഞിട്ടും ബാക്കി പണികൾ നടത്താത്തത് കാൽനടപോലും ദുരിതത്തിലാക്കുന്നു. മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവയും ഇതുവഴി വരാൻ ബുദ്ധിമുട്ടായി. വലിയ വാഹനങ്ങൾ പോകുമ്പോൾ കല്ലുകൾതെറിച്ച് യാത്രക്കാരുടെമേൽ പതിച്ചും വീടിന്റെ ജനാലകൾ തകർന്നും
അപകടമുണ്ടാക്കുന്നതു പതിവാണ്. ടാറിങ്ങിന് കാലാവസ്ഥ അനുയോജ്യമായിട്ടും പ്രവൃത്തി പൂർത്തീകരിക്കാത്തത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാകുന്നു.
വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ റോഡിന് ഇരുവശവുമുള്ള താമസക്കാർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. എട്ടുമാസമായി ‘പൊടി തിന്നുന്ന’ നാട്ടുകാർ പി.ഡബ്ല്യു.ഡി. അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരത്തിന് നടപടിയില്ലെന്നാണ് ആക്ഷേപം.
സ്കൂൾ ബസുകൾ ഇതുവഴി വരാത്ത അവസ്ഥയിൽ ഓട്ടോറിക്ഷയായിരുന്നു ആശ്രയം. ഇപ്പോൾ ഓട്ടോറിക്ഷക്കാരും വരാതായതോടെ സ്കൂളുകളിലേക്കും മറ്റും കുട്ടികളെയും ബാഗും ചുമന്നുകൊണ്ട് ഒന്നും രണ്ടും കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാണ്.
മുൻ എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് റോഡ് നിർമാണം നടന്നുവരുന്നത്. അടിയന്തരമായി പണി പൂർത്തിയാക്കിയില്ലെങ്കിൽ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Published: 17 Nov 2026, 02:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented