ജയനെ അനുസ്മരിച്ച് ആരാധകർ

To advertise here,

കൊല്ലം : അന്ന് അവർ കൊട്ടകകളിലെ തടിബെഞ്ചുകളിലും മണൽ വിരിച്ച വെറുംനിലത്തുമിരുന്ന് സ്ക്രീനിൽ വെളിച്ചം വീഴാൻ കാത്തു. വലതുമുഷ്ടിചുരുട്ടി കൈക്കുഴ ഇടതുകൈകൊണ്ട് തയ്യാർചെയ്ത് എന്തിനെയും നേരിടാൻനിന്ന നടന്റെ രൂപം അദ്ഭുതമെന്നപോലെ അവർ നോക്കിയിരുന്നു. അയാളുടെ കൂസലില്ലായ്മയും ഡയലോഗുകളും ചെറുചലനങ്ങളും അവരതിശയത്തോടെ കണ്ടു.

ജയൻ മരിച്ച് വർഷം 46 കഴിയുന്നു. ‘എടേയ് പയ്യൻ, നീയെന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ലെന്ന്’ ശരപഞ്ജരത്തിൽ ജയൻ പറയുന്നതുകേട്ട് കോരിത്തരിച്ച പയ്യന്മാരെല്ലാം ഇന്ന് മുതിർന്നവരാണ്. സമൂഹത്തിന്റെ വിവിധ തട്ടുകളിൽ ജീവിതത്തിന്റെ പല വേഷങ്ങളിലാണവർ. ഒന്നുമാത്രം മാറിയില്ല. അന്നവർ കണ്ട നടനോടുള്ള ആരാധന.

കൊല്ലം തേവള്ളിയിലെ ജയൻ സ്മാരകത്തിൽ അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ സ്മരണാഞ്ജലിയർപ്പിക്കാൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽനിന്ന് മുടങ്ങാതെയെത്തുന്നവരുണ്ട്. പലരുടെയും രൂപത്തിലും നടപ്പിലും ഭാവങ്ങളിലുമെല്ലാം ജയൻ സ്വാധീനമുണ്ട്.

മലപ്പുറം മോങ്ങം സ്വദേശി ഉണ്ണി ഓട്ടോറിക്ഷാഡ്രൈവറാണ്. ഒരുദിവസത്തെ ജോലി ഒഴിവാക്കി ജയൻ അനുസ്മരണത്തിൽ പങ്കെടുക്കാനായി മാത്രം കൊല്ലത്തെത്തി.

ജില്ലാപഞ്ചായത്തിലെ ഓഡിറ്റോറിയത്തിൽ ‘ജയൻ അവതാരനായകൻ’ കൂട്ടായ്മ നടത്തിയ അനുസ്മരണപരിപാടി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പഴയകാല സംവിധായകൻ സ്റ്റാൻലി ജോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പോൾസൺ, കൊല്ലം വേണുകുമാർ, വേണു, കലാസംവിധായകൻ മനു ജഗദ് തുടങ്ങിയവരെ ആദരിച്ചു. തേവള്ളിയിലെ ജയൻ പ്രതിമയിൽ വിവിധ സംഘടനകളുടെയും ആരാധക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.