നടപടിയെടുക്കാൻ ഓംബുഡ്സ്‌മാൻ ഉത്തരവ്

To advertise here,

ഏരൂർ : വിബി ജി റാംജി (ഗ്രാമീണ തൊഴിലുറപ്പ്) പദ്ധതിപ്രകാരം ഏറ്റെടുത്ത പണികൾ നടപ്പാക്കാതെ, ജോലി മാറിച്ചെയ്ത് തൊഴിലാളികളുടെ വേതനം നഷ്ടപ്പെടുത്തി പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് തൊഴിലുറപ്പുപദ്ധതി ഓംബുഡ്സ്‌മാൻ ഉത്തരവിട്ടു.

ഏരൂർ പഞ്ചായത്തിലെ ഇളവറാങ്കുഴി മൂന്നാം വാർഡിലെ ആറാട്ടുകടവ് തോടിന് ആഴം കൂട്ടുന്നതിന് അനുവദിച്ച പദ്ധതി അട്ടിമറിച്ചെന്ന പരാതിയിലാണ് ജില്ലാ ഓംബുഡ്സ്‌മാൻ ജി. കൃഷ്ണകുമാറിന്റെ അടിയന്തര നടപടി.

പദ്ധതിയിൽ ക്രമക്കേടാരോപിച്ച് വിളക്കുപാറ ഇളവറാങ്കുഴി രാജ് വില്ലയിൽ ഇ.എസ്. രാജൻ നൽകിയ പരാതിയിലാണ് ഉത്തരവിറക്കിയത്. ജൂണിലാണ് പഞ്ചായത്ത് ഓവർസിയർ എം-ബുക്ക് തയ്യാറാക്കുകയും എൻജിനിയർ പദ്ധതിപ്രദേശം അളന്നു പരിശോധിച്ച് മസ്റ്റർറോൾ അനുവദിച്ച് നൽകുകയും ചെയ്തത്.

എന്നാൽ ആറാട്ടുകടവ് തോടിന്‌ ആഴംകൂട്ടുന്ന ജോലികൾ എറ്റെടുക്കാതെ ഇതേ മസ്റ്റർറോൾ പ്രയോജനപ്പെടുത്തി സമീപത്തെ പാങ്ങുമാറ-ഇളവറാങ്കുഴി പാതയോരത്തെ കാടുവെട്ടി പദ്ധതി അട്ടിമറിച്ചതായാണ് പരാതിയുയർന്നത്.

സംഭവം വിവാദമായതോടെ പദ്ധതിനടത്തിപ്പു ചുമതലയുള്ള മേറ്റിനോട് വിശദീകരണംതേടി നോട്ടീസ് നൽകിയിരുന്നു. തൊഴിലാളികളുടെ വേതനവും പഞ്ചായത്ത് അധികൃതർ തടഞ്ഞുവെച്ചു. 227 ദിവസങ്ങളിലായി തൊഴിലെടുത്ത ഒട്ടേറെ തൊഴിലാളികൾക്കുള്ള വേതനമായ ഒരുലക്ഷം രൂപയാണ് നഷ്ടമായത്.

ഈ തുക പഞ്ചായത്ത് തനതുഫണ്ടിൽനിന്ന് നൽകണമെന്നും മേറ്റിനെ മൂന്നുമാസത്തേക്ക് സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നും ഉത്തരവിലുണ്ട്.

തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സാങ്കേതികസഹായവും വേതനം നഷ്ടമാകാതിരിക്കാനും വിബി ജി റാംജി മിഷൻ ഡയറക്ടറും ജില്ലാ പദ്ധതി കോഡിനേറ്ററും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ ശുപാർശ ചെയ്യുന്നു. ഏറ്റെടുത്ത പ്രവൃത്തിതന്നെയാണോ തൊഴിലാളികൾ ചെയ്യുന്നതെന്നു പരിശോധിക്കാൻ ദിവസങ്ങളോളം സമയമുണ്ടായിട്ടും ഇതിൽ വീഴ്ചവരുത്തിയ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്ന് ശുപാർശയുണ്ട്.

ഏരൂർ പഞ്ചായത്ത് ഓഫീസിലേക്ക്‌ ബി.ജെ.പി. മാർച്ച്

ഏരൂർ : വിബി ജി റാംജി പദ്ധതി അട്ടിമറിച്ച് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. ഏരൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ ഒഴിവാക്കി, തൊഴിലുറപ്പുപദ്ധതി മേറ്റിൽമാത്രം കുറ്റമാരോപിച്ച് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു.

കേന്ദ്രസർക്കാർ 2.50 കോടി രൂപ അനുവദിച്ച് നിർമാണപദ്ധതി ഒരുക്കിയ പാങ്ങുപ്പാറത്തടത്തിൽ അനധികൃത നിർമാണം നടത്തി പണം തട്ടിയെടുക്കാനുള്ള നീക്കമാണ് നടന്നതെന്നും സമരക്കാർ ആരോപിച്ചു. ബി.ജെ.പി. ഏരൂർ പഞ്ചായത്തുസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കൗൺസിൽ അംഗം സുമൻ ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി ശ്രീനാ ഉദയൻ, ഒ.ബി.സി. മോർച്ച ജില്ലാ സെക്രട്ടറി പ്രശാന്തൻ, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ചന്ദ്രലേഖ, ഉദയലാൽ, കെ.പി. രാജു, അനിൽകുമാർ, ഇ.എസ്. രാജൻ, സുജാത തുടങ്ങിയവർ പ്രസംഗിച്ചു.