യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...
പുത്തൂർ :കല്ലടയാറ്റിനു കുറുകേയുള്ള ഞാങ്കടവ് പാലത്തിലൂടെ കടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹനങ്ങളും ശ്രദ്ധിക്കുക. പാലത്തിന്റെ കൈവരികളിൽ ഒരു കാരണവശാലും തൊടരുത്. അതു തകർന്ന് ആറ്റിൽ പതിക്കും. ഒപ്പം നിങ്ങൾക്കും അപകടം സംഭവിച്ചേക്കാം. ഇങ്ങനെയൊരു ബോർഡ് എല്ലാവരും ശ്രദ്ധിക്കത്തക്ക തരത്തിൽ ഞാങ്കടവ് പാലത്തിൽ സ്ഥാപിക്കണമെന്നത് പാലത്തിന്റെ ഇരുകരകളിലും താമസിക്കുന്നവരുടെ അധികാരികളോടുള്ള അഭ്യർഥനയാണ്. കാരണം, ഇവിടെ മാസങ്ങൾക്കു മുൻപ് വാഹനമിടിച്ചു തകർന്ന കൈവരി ഇപ്പോഴും അതേനിലയിൽ കിടക്കുകയാണ്.
പാലത്തിന്റെ ഏകദേശം മധ്യഭാഗത്തുള്ള കൈവരിയാണ് തകർന്നിരിക്കുന്നത്. രണ്ടു ചെറുതൂണുകൾക്കിടയിലുള്ള ഭാഗം പൂർണമായും ഇടിഞ്ഞ് നദിയിലേക്ക് തൂങ്ങിയനിലയിലാണ്. കേബിളുകൾ സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽ തട്ടിനിൽക്കുന്നതിനാലാണ് ഇത് താഴേക്ക് പതിക്കാത്തത്.
ഞാങ്കടവ് പാലത്തിൽ പ്രത്യേകം നടപ്പാതയില്ല. അതിനാൽ വാഹനങ്ങൾ വശംചേർന്നുപോകുന്നത് പതിവാണ്. തകർന്ന ഭാഗത്ത് ചെറുതായൊരു തട്ടലോ മറ്റോ സംഭവിച്ചാൽ കൈവരിയുൾപ്പെടെ താഴേക്കു പതിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പാലത്തിന്റെ കൈവരികൾക്ക് വളരെ ഉയരം കുറവായതിനാൽ കാൽനടയാത്രക്കാർക്കും ഈ ഭീഷണി നിലനിൽക്കുന്നുണ്ട്. ഒരു തരത്തിലുള്ള അപകടസൂചനാബോർഡുകളും അടയാളങ്ങളും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടില്ല.
വളരെ അടുത്തെത്തുമ്പോൾ മാത്രമേ തകർന്ന ഭാഗം ശ്രദ്ധയിൽപ്പെടുകയുള്ളൂ. തകർന്ന കൈവരികൾ പുനർനിർമിക്കുന്നതോടൊപ്പം ഏനാത്ത് പാലത്തിൽ അടുത്തകാലത്ത് സ്ഥാപിച്ചതുപോലെയുള്ള സുരക്ഷാവേലി നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Published: 20 Sept 2026, 02:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented