കൊല്ലം: ഫോണും സ്ക്രീനും ഇല്ലാതെ കൂട്ടുകാരോടൊപ്പം കളികളിലും പ്രവർത്തനങ്ങളിലും മുഴുകി ഒരു ദിവസം. ജില്ലയിലെ ഇരുപതോളം സ്‌കൂളുകളിലെ നാല്, അഞ്ച്, ആറ് ക്ലാസുകളിലെ നൂറ്റിയൻപതോളം വിദ്യാർഥികളാണ് ഫാത്തിമാ മാതാ നാഷണൽ കോളേജിൽ ഒരുക്കിയ ‘പ്ലേ‍‌സ്‌കേപ്പ്’ പരിപാടിയിൽ പങ്കെടുത്തത്. കുട്ടികൾക്കിടയിൽ സ്‌ക്രീൻ ടൈം അമിതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഫാത്തിമ മാതാ നാഷണൽ കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കളികളിലൂടെ പഠിക്കുന്ന (ഗെയിമിഫൈഡ് ലേണിങ്) രീതിയിൽ, കുട്ടികളുടെ വൈകാരിക വളർച്ച, ശ്രദ്ധ, ആശയവിനിമയശേഷി, ടീം വർക്ക്, ശാരീരിക ക്ഷമത എന്നിവ വികസിപ്പിക്കുന്ന വിവിധ ഗെയിമുകളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി. കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കായി ബോധവത്കരണ സെഷനും നടന്നു. കൂട്ടുകാരോടൊപ്പം കളിക്കുമ്പോൾ ലഭിക്കുന്ന അനുഭവങ്ങൾ കുട്ടികളുടെ സാമൂഹിക കഴിവുകൾ വളർത്തുമെന്ന് അധ്യാപകനായ ഡോ. ഫ്രസ്നൽ ദാസ് പറഞ്ഞു. സൈക്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസിന്റെ നേതൃത്വത്തിൽ വിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

To advertise here,