കുണ്ടറ: കേരളത്തിന്റെ സമാധാനം കെടുത്തുന്ന മയക്കുമരുന്ന് വിപത്തിനെ നേരിടാൻ സർക്കാരിനൊപ്പം നിന്ന് എല്ലാവരും പ്രവർത്തിക്കണമെന്ന് ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കൊല്ലം മെത്രാസനം ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കര സഭയുടെ പ്രധാന മേലധ്യക്ഷൻ കാതോലിക്കയാണ്. ഇത് 2017-ൽ സുപ്രീം കോടതി വിധിയിലും ഇതുണ്ട്. ഇതല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ മലങ്കര സഭ എന്നും എതിർത്തതുപോലെ ഇന്നും നാളെയും എതിർക്കും.

To advertise here,

സഭയുടെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രയാസ ഘട്ടങ്ങളിലും കൊല്ലം ഭദ്രാസനം ഏറ്റവും ഉന്നതമായ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. തോമാശ്ലീഹായുടെ രക്തസാക്ഷിത്വം മുതൽ സഭ സമാനതകളില്ലാത്തതായ പ്രയാസങ്ങളിൽ കൂടി കടന്നുപോയെങ്കിലും അത് തീയിൽ കുരുത്തതായതുകൊണ്ട് ഒരു വെയിലത്തും വാടുകയില്ല. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് കൊല്ലം ഭദ്രാസനത്തിന്റെ സംഭാവന വളരെ വലുതാണ്. മലങ്കര സഭയെ മറന്നുപോകാൻ ഇടയാകരുതെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.

ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, മന്ത്രിമാരായ ബിന്ദു കൃഷ്ണ, പി.സി.വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എം.പി., കൊല്ലം മേയർ എ.കെ.ഹഫീസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, ഡോ.പോൾ ആന്റണി മുല്ലശ്ശേരി, റൈറ്റ് റവ.ജോസ് ജോർജ്ജ്, മെത്രാസന സെക്രട്ടറി ഫാ.പി.ടി.ഷാജൻ, അഡ്വ.ബിജു ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര കുണ്ടറ സെയ്ന്റ് തോമസ് വലിയ പള്ളിയിൽ നിന്ന് ഇളമ്പള്ളൂരിലെത്തി. സമ്മേളനത്തിൽ ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം, പുസ്തക പ്രകാശനം, ഭവനദാന പദ്ധതി ഉദ്ഘാടനം തുടങ്ങിയവയും നടത്തി.