1999 മേയ്. ഹിമാലയപർവതനിരകളിൽപ്പെടുന്ന പ്രദേശമായ കാർഗിലിൽ ഇന്ത്യൻ സൈനികർ താവളങ്ങൾ ഉപേക്ഷിച്ച് മലയിറങ്ങിയ സമയം. പാക് സൈന്യം അവിടേക്ക് നുഴഞ്ഞുകയറി. ഇന്ത്യയുടെ സുപ്രധാന താവളങ്ങൾ അവർ പിടിച്ചെടുത്തു. ഇതാണ് കാർഗിൽ യുദ്ധത്തിന് തുടക്കം. ശക്തമായി തിരിച്ചടിച്ച ഇന്ത്യ, പാക് സൈന്യത്തെ തുരത്തി ഒടുവിൽ കൈയേറിയ പ്രദേശങ്ങൾ തിരിച്ചുപിടിച്ചു. ഈ ദിവസമാണ് പിന്നീട് കാർഗിൽ വിജയദിനമായി ആഘോഷിക്കുന്നത്.

To advertise here,

സമുദ്രനിരപ്പിൽനിന്ന് 16,000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കാർഗിൽ. വേനൽക്കാലത്തുപോലും തണുപ്പുള്ള ഇവിടെ ശൈത്യകാലത്ത് താപനില വളരെയധികം താഴാറുണ്ട്. കാർഗിലിൽ ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് ഇരുവശവും ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങളാണ്. ഇവിടെ കാവലുള്ള സൈനികർ തണുപ്പുകാലത്ത് മലയിറങ്ങുകയും തണുപ്പ് കുറയുമ്പോൾ തിരികെ കയറുകയും ചെയ്യുക പതിവാണ്.  കാർഗിലിൽ ഇന്ത്യ നടത്തിയ സൈനികനീക്കം ഓപ്പറേഷൻ വിജയ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ദൗത്യത്തിനൊടുവിൽ ജൂലായ് 26-ന് ഇന്ത്യ കാർഗിലിൽ വിജയപതാക പാറിച്ചു.